ബിജെപി തിരുവനന്തപുരത്ത് വിജയിക്കുമോ? എന്താണ് മണ്ഡല ചരിത്രം, തരൂരും പന്ന്യനും തികഞ്ഞ പ്രതീക്ഷയില്‍
കേരളത്തില്‍ ബി ജെ പി ആദ്യമായി വിജയം പ്രതീക്ഷിച്ച് തുടങ്ങിയ മണ്ഡലമാണ് തിരുവനന്തപുരം. കേരളത്തിന്റെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബി ജെ പി രണ്ടാമത് എത്തിയത് തിരുവനന്തപുരത്താണ്. മറ്റൊരു മണ്ഡലത്തിലും അവർക്ക് ഇതുവരെ രണ്ടാമത് എത്താന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചാവട്ടെ 2009 മുതല്‍ ശശി തരൂരിലൂടെ മണ്ഡലം നിലനിർത്തി പോരുകയാണ്. ഇത്തവണയും മണ്ഡലം നിലനിർത്താന്‍ സാധിക്കുമെന്നാണ് ഉറച്ച വിശ്വാസം. എല്‍ ഡി എഫ് ആകട്ടെ കഴിഞ്ഞ രണ്ട് തവണ മൂന്നാം സ്ഥാനത്തായി പോയതിന്റെ ക്ഷീണം മാറ്റാനായി വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് പന്ന്യന്‍ രവീന്ദ്രനെ രംഗത്ത് ഇറക്കിയതും.
മണ്ഡല ചരിത്രം
1957 ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടികള്‍ക്കും മാറി മാറി വിജയം സമ്മാനിച്ചിട്ടുള്ള മണ്ഡലമാണ് തിരുവനന്തപുരം. 1952 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി ആനി മസ്ക്രീനായിരുന്നു തിരുവനന്തപുരത്ത് നിന്നും ലോക്സഭയിലേക്ക് എത്തിയത്. 57 ല്‍ ഈശ്വര അയ്യരും 62 ല്‍ പിഎസ് നടരാജ പിള്ളയും സ്വതന്ത്ര സ്ഥാനാർത്ഥികളായി വിജയിച്ച് കയറി.

1967 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പി വിശ്വംഭരന്‍ വിജയിച്ചപ്പോള്‍ 71 ല്‍ ഇടത് പിന്തുണയോടെ സ്വന്തന്ത്ര സ്ഥാനാർത്ഥിയായ വികെ കൃഷ്ണമേനോനായിരുന്നു വിജയം. 77 ല്‍ എംന്‍ ഗോവിന്ദ മേനോനിലെ സി പി ഐ ആദ്യമായി തിരുവനന്തപുരത്ത് വിജയിച്ചെങ്കിലും 80 ല്‍ നീല ലോഹിതദാസ് നാടാരിലുടെ കോണ്‍ഗ്രസും ആദ്യമായി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു.
1984, 89, 91 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി എ ചാള്‍സ് വിജയിച്ചപ്പോള്‍ 96 ല്‍ കെ വി സുരേന്ദ്രനാഥിലൂടെ സി പി ഐ മണ്ഡലം തിരികെ പിടിച്ചു. 98 ല്‍ കെ കരുണാകരനും 99 ല്‍ വിഎസ് ശിവകുമാറും കോണ്‍ഗ്രസിന്റെ വിജയ തേരാളികളായി. 2004 പികെ വാസുദേവന്‍ നായരിലൂടെ വീണ്ടും സി പി ഐ. 2005 ല്‍ അദ്ദേഹം മരിച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ മണ്ഡലം നിലനിർത്തി. 2009 മുതല്‍ 2019 വരെ ശശി തരൂരാണ് തിരുവനന്തപുരത്തിന്റെ ലോക്സഭയിലെ പ്രതിനിധി.
2019 ലെ തിരഞ്ഞെടുപ്പ്
പ്രചരണ ഘട്ടത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉയർത്തിയെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ 99989 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ശശി തരൂരിന്റെ വിജയം. ശശി തരൂരിന് 416,131 വോട്ട് ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥിയായ കുമ്മനം രാജേശഖരന് 3,16,142 വോട്ടും സി പി ഐ സ്ഥാനാർത്ഥി സി ദിവാകരന് 2,58,556 വോട്ടും ലഭിച്ചു.
സ്ഥാനാർത്ഥികള്‍
യു ഡി എഫ് നാലാംതവണയും ശശി തരൂരിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്. മണ്ഡലം പിടിക്കുകയെന്ന ഉദ്ദേശത്തോടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരിനെയാണ് ബി ജെ പി രംഗത്ത് ഇറക്കിയത്. എല്‍ ഡി എഫ് ആവട്ടെ ഏറ്റവും കരുത്തനായ പന്ന്യന്‍ രവീന്ദ്രനെ തന്നെ മണ്ഡലം തിരികെ പിടിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു.
നിയമസഭയിലെ തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍ കര എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കോവളം ഒഴിക എല്ലാം എല്‍ ഡി എഫ് മണ്ഡലങ്ങളാണ്.
കഴക്കൂട്ടം - 23,497, വട്ടിയൂർക്കാവ് - 21,515,തിരുവനന്തപുരം - 7,079 നേമം - 3,949 പാറശാല - 25,828 കോവളം (യുഡിഎഫ്) - 11,562, നെയ്യാറ്റിന്‍കര - 14,642 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളില്‍ ബി ജെ പിയായിരുന്നു രണ്ടാം സ്ഥാനത്ത്.












Click it and Unblock the Notifications