തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിൽ എത്താം, വെറും 1.20 മണിക്കൂർ മതി..നേരിട്ടുള്ള വിമാന സർവ്വീസുമായി എയർ ഇന്ത്യ
മംഗളൂരു: മംഗളൂരു നിവാസികളുടെ ദീർഘകാലമായുള്ള ആഗ്രഹം യാഥാർത്ഥ്യമാവുന്നു. തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ്സാണ് ഈ പുതിയ സർവീസിന് തുടക്കം കുറിക്കുന്നത്.. ഈ ശൈത്യകാല ഷെഡ്യൂൾ മുതൽ ഈ റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്നാണ് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് (എഐഇ) വക്താവ് അറിയിച്ചത്.
പുതിയ സർവ്വീസ് ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവീസ് നടത്തുക. ഈ രണ്ട് നഗരങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവീസ് വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. നേരിട്ടുള്ള വിമാന സർവ്വീസ് വരുന്നതോടെ ആ ആവശ്യം നടപ്പാകാൻ ഒരുങ്ങുകയാണ്', വക്താവ് പറഞ്ഞു. ഒക്ടോബർ 18 മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും വക്താവ് അറിയിച്ചു.

1. 20 മണിക്കൂർ, അതായത് 80 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കാനാകും എന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 9:15-ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എംഐഎ) നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് IX 5531, രാവിലെ 10:35-ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ടിഐഎ) എത്തിച്ചേരും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 4:25-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് IX 5532, രാവിലെ 5:45-ന് മംഗളൂരുവിൽ തിരിച്ചെത്തും.
ഒക്ടോബർ 27-ന് ആദ്യ വിമാനം പറന്നുയരും. വിദ്യാർത്ഥികളും തീർത്ഥാടകരും ചികിത്സാ ആവശ്യങ്ങൾക്കും ബിസിനസ് യാത്രകൾക്കുമായി പോകുന്നവരുമാണ് ഈ റൂട്ടിനായി ദീർഘകാലമായി ആവശ്യപ്പെടുന്നത്. മംഗളൂരുവിലേയും തിരുവനന്തപുരത്തേയും ജനങ്ങൾക്ക് ഈ സർവ്വീസുകൾ ഒരുപോലെ പ്രയോജനപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി ആളുകൾ ചികിത്സാ ആവശ്യങ്ങൾക്കും ക്ഷേത്ര സന്ദർശനങ്ങൾക്കുമായി ഇവിടെയെത്താറുണ്ടെ്. മംഗളൂരുവിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ഏറ്റവും വേഗതയേറിയ പൊതുഗതാഗത മാർഗ്ഗം നിലവിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ്. ഈ 620 കിലോമീറ്റർ ദൂരം പിന്നിടാൻ വന്ദേ ഭാരത് ട്രെയിനിന് ഏകദേശം ഒമ്പത് മണിക്കൂറാണ് വേണ്ടത്. അതേസമയം, സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് ഇതേ ദൂരം സഞ്ചരിക്കാൻ കുറഞ്ഞത് 13 മണിക്കൂറെടുക്കും.
വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 6.25-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. ഈ യാത്രയ്ക്ക് 8 മണിക്കൂർ 40 മിനിറ്റാണ് എടുക്കുന്നത്.മറ്റൊരു വന്ദേ ഭാരത് ട്രെയിനായ നമ്പർ 20632, വൈകുന്നേരം 4.05-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അർദ്ധരാത്രി 12.40-ഓടെ മംഗളൂരു സെൻട്രലിൽ എത്തും. ഈ ദിശയിലുള്ള യാത്രാ സമയം 8 മണിക്കൂർ 35 മിനിറ്റാണ്.
ട്രെയിനുകൾ കൂടാതെ ഈ റൂട്ടുകളിൽ ബസുകളും സർവീസ് നടത്തുന്നുണ്ട്, ഇതിന് 14 മണിക്കൂറിൽ കൂടുതൽ യാത്രാസമയം ആവശ്യമായി വരാറുണ്ട്. തുകൊണ്ട് നേരിട്ടുള്ള ഈവിമാന സർവീസ് ഈ റൂട്ടിലെ ഗെയിം ചേയ്ഞ്ചറാകും. യാത്രാ സമയം കുറച്ചുകൊണ്ട് കൂടുതൽ സൗകര്യപ്രദമായ സംവിധാനം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.അതേസമയം തിരുവനന്തപുരം കൂടാതെ, കൊച്ചിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾക്ക് ആവശ്യം ഉയർന്നിട്ടുണ്ട്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് നിലവിൽ മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള ആഭ്യന്തര വിമാന സർവീസുകളുണ്ട്.












Click it and Unblock the Notifications