സിപിഎം സമ്മേളന നഗരിയില്‍ തിളങ്ങി ആര്യയും സച്ചിനും; ഫോട്ടോ എടുക്കാന്‍ തിരക്ക്
കൊച്ചി: വിവാഹ വാര്‍ത്ത പുറത്തുവന്ന ശേഷം ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും ആദ്യമായി പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടിയാണ് സംസ്ഥാന സമ്മേളനം. സിപിഎം സമ്മേളന നഗരിയില്‍ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സമ്മേളനത്തിന് എത്തിയത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായി ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവുമെത്തി. ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം ആദ്യം പങ്കുവച്ചത് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌കെ സജേഷാണ്. പിന്നീട് സച്ചിന്‍ ദേവ് തന്നെ ചിത്രം ഫേസ്ബുക്കിലിട്ടു. ഇരുവരും സമ്മേളന നഗരയിലെത്തിയ കാര്യം പിന്നീട് സജീവ ചര്‍ച്ചയായി. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഇവര്‍ക്ക് ആശംസ നേര്‍ന്ന് പുസ്തകങ്ങള്‍ കൈമാറി. പ്രതിനിധി സമ്മേളനം കഴിഞ്ഞ് ആര്യയും സച്ചിനും പുറത്തിറങ്ങിയ വേളയില്‍ നിരവധി പേരാണ് ഫോട്ടോ എടുക്കാനും കുശലം ചോദിക്കാനുമെത്തിയത്. നിരവധി പേര്‍ ഫോട്ടോ എടുത്തു.

കഴിഞ്ഞ മാസം 15നാണ് ആര്യ-സച്ചിന്‍ വിവാഹ വാര്‍ത്ത പരസ്യമായത്. മാധ്യമങ്ങളില്‍ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത വന്നതോടെ ആര്യ രാജേന്ദ്രന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അവര്‍ മാധ്യമങ്ങളോട് വിഷയത്തില്‍ പ്രതികരിച്ചു. വീട്ടുകാര്‍ സംസാരിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ വ്യക്തമാക്കി. കുടുംബത്തിലും പാര്‍ട്ടിയിലും വിഷയം ആദ്യം അറിയിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. നിലവില്‍ വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
എസ്എഫ്‌ഐ ദേശീയ ജോയന്റ് സെക്രട്ടറിയാണ് സച്ചിന്‍ ദേവ് എംഎല്‍എ. ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വളരെ ചെറുപ്പത്തില്‍ തന്നെ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ബാലസംഘം, എസ്എഫ്‌ഐ എന്നിവയില്‍ സജീവമായിരുന്ന ഇരുവരും കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായത്. സച്ചിന്‍ ദേവിന്റെ പ്രചാരണത്തിന് ആര്യയും എത്തിയിരുന്നു. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എമായാണ് സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. 21ാം വയസിലാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്യ രാജേന്ദ്രന്‍ മല്‍സരിച്ചതും ജയിച്ചതും. തിരുവനന്തപുരം കോര്‍പറേഷനിലെ മുടവന്‍മുകള്‍ ഡിവിഷനിലാണ് മല്‍സരിച്ചത്. ഇലക്ട്രീഷ്യന്‍ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റ് ശ്രീലതയുടേയും മകളാണ് ആര്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സച്ചിന്‍ ദേവ് ബാലുശേരി മണ്ഡലത്തില്‍ ജനവിധി തേടിയത്. കോഴിക്കോട് ഗവണ്‍മെന്റ് ആട്‌സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ വ്യക്തിയാണ് സച്ചിന്‍ ദേവ്. നിയമബിരുദ ധാരിയാണ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ആര്യ രാജേന്ദ്രന്‍.












Click it and Unblock the Notifications