തിരുവനന്തപുരത്ത് ഇനി മെട്രോയിലൂടെ കറങ്ങാം.. ആദ്യ കടമ്പ കടന്നു, ചെലവ് 8000 കോടി രൂപ?
തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ശേഷം തിരുവനന്തപുരം മെട്രോ യാഥാര്‍ത്ഥ്യത്തിലേക്ക് ഒരുപടി കൂടി അടുക്കുന്നു. തിരുവനന്തപുരം മെട്രോ റെയിലിന്റെ ഡി പി ആര്‍ തയ്യാറാക്കിയതോടെ പ്രധാന ഘട്ടം പിന്നിട്ടിരിക്കുകയാണ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി) ആണ് ഡി പി ആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഡി പി ആര്‍ ഇന്നോ നാളെയോ തന്നെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ എം ആര്‍ എല്‍) കൈമാറിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കെ എം ആര്‍ എല്‍ രണ്ടാഴ്ചക്കുള്ളില്‍ ഡി പി ആര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും. മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ അനുമതി തേടാം. അതിന് ശേഷമായിരിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എത്ര തുകയായിരിക്കും തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കായി ചെലവഴിക്കുക എന്ന് വ്യക്തമാകുക. നിലവില്‍ 8000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

പുതുക്കിയ അലൈന്‍മെന്റ് പ്രകാരം തിരുവനന്തപുരം മെട്രോയുടെ ആകെ ദൂരം 31 കിലോമീറ്റര്‍ ആയിരിക്കും. പാപ്പനംകോട് മുതല്‍ ഈഞ്ചക്കല്‍ വരെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ റെയില്‍ പാത ഒരുക്കുന്നത്. ഇതിനിടയില്‍ ആകെ 27 സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. ഇതില്‍ മൂന്നെണ്ണം ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളായിരിക്കും. നേരത്തെ തയ്യാറാക്കിയ അലൈന്‍മെന്റില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
കേശവദാസപുരം വഴി പട്ടത്ത് നിന്ന് ഉള്ളൂരിലേക്കുള്ളതായിരുന്നു ആദ്യ അലൈമെന്റ്. എന്നാല്‍ പുതിയ ഡി പി ആറില്‍ മെഡിക്കല്‍ കോളേജ് വഴിയാകും പട്ടത്ത് നിന്ന് ഉള്ളൂരിലേക്ക് പോവുക. പാപ്പനംകോട് നിന്ന് ആരംഭിച്ച് കൈമനം, കരമന, തമ്പാനൂര്‍, സെക്രട്ടറിയേറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, പൊങ്ങുമൂട്, ശ്രീകാര്യം വരെ സ്റ്റേഷനുണ്ടായിരിക്കും.
അതിന് ശേഷം പങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക് ഫേസ് 1, ടെക്‌നോപാര്‍ക്ക് ഫേസ് 3, കുളത്തൂര്‍, ടെക്‌നോപാര്‍ക്ക് ഫേസ് 2, ആക്കുളം കായല്‍, കൊച്ചുവേളി, വെണ്‍പാലവട്ടം, ചാക്ക, എയര്‍പോര്‍ട്ട്, ഈഞ്ചക്കല്‍, കഴക്കൂട്ടം, കാര്യവട്ടം എന്നിവയാണ് മെട്രോ സ്റ്റേഷനുകള്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തലസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ഏറെ സഹായകമാകും.
തിരുവനന്തപുരം മെട്രോ നഗരത്തിലെ പൊതു യാത്രാ സൗകര്യം മെച്ചപ്പെടുത്തും. നേരത്തെ മോണോറെയില്‍ ഉപയോഗിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ലൈറ്റ് മെട്രോയിലേക്ക് മാറുകയായിരുന്നു.















Click it and Unblock the Notifications