തിരുവനന്തപുരം പാപ്പനംകോട് വന്‍ തീപിടിത്തം: രണ്ട് മരണം, അപകടം ഇന്‍ഷൂറന്‍സ് ഓഫീസില്‍
തിരുവനന്തപുരം: പാപ്പനംകോട് വന്‍ തീപിടിത്തം. ഇന്‍ഷൂറന്‍സ് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേർ മരിച്ചു. ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ജീവനക്കാരി ഉള്‍പ്പെടേയുള്ളവരാണ് മരിച്ചത്. പാപ്പനംകോട് ജംങ്ഷനില്‍ തന്നെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി. അപകട സമയത്ത് ഓഫീസിന് അകത്ത് പെട്ടുപോയവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഇന്‍ഷൂറന്‍സ് കമ്പനിയിലെ ജീവനക്കാരിയായ വൈഷ്ണ (35) ആണ് മരണപ്പെട്ടവരില്‍ ഒരാള്‍ എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓഫീസ് പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. 'പെട്ടെന്ന് തന്നെ തീ ആളി കത്തുന്നതാണ് കണ്ടത്. പെട്ടെന്ന് തന്നെ പുറത്തെ ഗ്ലാസൊക്കെ പൊട്ടിത്തെറിച്ചു. സാധാരണയായി ഒരു ജീവനക്കാരി മാത്രമാണ് അവിടെ ഉണ്ടാകാറുണ്ടായിരുന്നത്. മറ്റേയാള്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് വന്ന ആളായിരിക്കാം' ദൃക്സാക്ഷിയായ ആള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫയർ ഫോഴ്സ് എത്താന്‍ 15 മിനുറ്റോളം സമയം എടുത്തു. അപ്പോഴേക്കും തീ ആളി പടർന്നിരുന്നു. ആ സമയം കൊണ്ട് തന്നെ നാട്ടുകാർ കച്ചവടക്കാരുമൊക്കെ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ഒടുവില്‍ തീ ഒരുവിധം അണച്ച് ആളുകള്‍ അകത്തേക്ക് പ്രവേശിച്ചതിന് ശേഷം മാത്രമാണ് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു.
മുന്‍ വശത്ത് തീ ആളിപ്പടരുകയും ആ സമയത്ത് അകത്തുണ്ടായിരുന്നവർക്ക് പുറത്തേക്ക് വരാന്‍ കഴിയാതെ ഓഫീസിന് അകത്ത് പെട്ടുപോകുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു.












Click it and Unblock the Notifications