തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ്: സദാചാര ഗുണ്ടായിസം നടത്തിയ പ്രതി മത്സരിക്കുന്നതിനെതിരെ വനിതാ മാധ്യമപ്രവർത്തകർ
തിരുവനന്തപുരം: പലപ്പോഴും പല വിവാദങ്ങൾക്കും കേന്ദ്രമായിട്ടുണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബ് . തിരഞ്ഞെടുപ്പ് സംബന്ധിച്ചും, വരവ് ചെലവ് കണക്കുകൾ സംബന്ധിച്ചും , അനധികൃത ബാർ എന്ന ആരോപണം സംബന്ധിച്ചും എല്ലാം പലകാലത്തായി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ വീണ്ടും പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതീവ ഗുരുതരമായ പ്രശ്‌നങ്ങളാണ് വനിതാ മാധ്യമ പ്രവർത്തകർ ഉന്നയിക്കുന്നത് .
സഹപ്രവർത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം കാണിച്ചതിന് പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത എം രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെയാണ് വിമർശനം . ഇതേ കുറ്റത്തിന് എം രാധാകൃഷ്ണനെ കേരള കൗമുദിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു . കോടതി ഉത്തരവിന്റെ ബലത്തിൽ പിന്നീട് രാധാകൃഷ്ണൻ പ്രസ്സ് ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു . ഇപ്പോഴത്തെ നീക്കം പത്രപ്രവർത്തക സമൂഹത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തുന്നതും വെല്ലുവിളിക്കുന്നതും ആണ് എന്നാണ് നെറ്റ് വർക്ക് ഓഫ് വിമൺ മീഡിയ ഇന്ത്യ ( എൻഡബ്ല്യുഎംഐ ) പറയുന്നത് .

എൻഡബ്ല്യുഎംഐയുടെ വിശദമായ പ്രസ്താവന...
ക്രിമിനൽ കേസിലെ പ്രതി പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ Network of Women Media India കേരള ഘടകം പുറപ്പെടുവിക്കുന്ന പ്രസ്താവന
തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പ് ഒക്ടോബറിൽ 23 നു നടക്കുകയാണല്ലോ. വനിതാ മാദ്ധ്യമ പ്രവർത്തകരുടെ ദേശീയ കൂട്ടായ്മയാണ്
എൻഡബ്ല്യുഎംഐ . ഇന്ത്യ ഒട്ടാകെ എൻഡബ്ല്യുഎംഐയുടെ പ്രവർത്തന രീതിയും നയവും അധികാര സ്ഥാനങ്ങളിൽ നിന്ന് സ്വതന്ത്രമായി വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് നീതിയും ഇടവും ഉറപ്പാക്കുക എന്നതാണ് .
അതിൽ ഉറച്ചു നിന്നു കൊണ്ട് തന്നെ പ്രസ് ക്ലബ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെയും ഞങ്ങൾ പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല . എന്നാൽ സഹപ്രവർത്തകയോട് അതീവ ഹീനമായ ക്രിമിനൽ കുറ്റകൃത്യം കാട്ടിയ , ആ കുറ്റകൃത്യത്തിന്റെ പേരിൽ പ്രസ് ക്ലബിൽ വച്ചു അറസ്റ്റ് ചെയ്യപ്പെട്ട, അതേ ക്രിമിനൽ കുറ്റത്തിന് അന്വേഷണം നടത്തി കേരള കൗമുദി പുറത്താക്കിയ എം രാധാകൃഷ്ണൻ ആണ് തിരഞ്ഞെടുപ്പിലെ ഒരു പാനലിനെ നയിക്കുന്നത് . കേരള കൗമുദി പുറത്താക്കിയ രാധാകൃഷ്ണൻ ആ സ്ഥാപനത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത് എന്ന പച്ചക്കള്ളവും പ്രചരിപ്പിക്കുന്നുണ്ട് .
ഇത്, വർത്തമാന കാലത്തെ പത്ര പ്രവർത്തക സമൂഹത്തിന്റെ മുഴുവൻ നീതി പോരാട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ്. എൻഡബ്ല്യുഎംഐയ്ക്കും വനിത മാദ്ധ്യമ പ്രവർത്തകർക്കും മാത്രമല്ല കേരളത്തിലെ മാദ്ധ്യമ പ്രവർത്തക സമൂഹത്തിന് ഒന്നാകെ അപമാനമാണിത് . സ്ത്രീ നീതിക്കോ അഭിമാനത്തിനോ തെല്ലും വില കൽപിക്കാത്ത കൈയ്യൂക്ക് കൊണ്ട് ഏത് നിയമ വ്യവസ്ഥയെയും പ്രതിഷേധത്തെയും പരിഹസിക്കുന്ന ഈ പ്രതിയാണോ ഒരു പ്രസ് ക്ലബിന്റെ സാരഥിയാകേണ്ടത് ? ഇവിടെ നമ്മൾ നിശബ്ദരായാൽ സമൂഹ നീതിക്ക് വേണ്ടി എങ്ങനെയാണ് ശബ്ദം ഉയർത്തുന്നത് ?
Recommended Video
സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണ് തിരുവനന്തപുരം പ്രസ് ക്ലബ് ഈ സമീപ കാലത്ത് പ്രവർത്തിച്ചു വരുന്നത്. മാദ്ധ്യമ പ്രവർത്തകയെയും കുടുംബത്തെയും മാത്രമല്ല ഈ വിഷയത്തിൽ പ്രതികരിച്ച മറ്റു വനിതാ മാദ്ധ്യമ പ്രവത്തകരെയും, പ്രതിയും കൂട്ടാളികളും ചേർന്ന് ഒറ്റപ്പെടുത്തുകയും അവർക്കു നേരെ സദാചാര ആക്രമണം നടത്തുകയും ഉണ്ടായി . പത്രപ്രവർത്തക സമൂഹത്തെ ഒന്നാകെ അപകീർത്തിപ്പെടുത്തുന്ന, വെല്ലുവിളിക്കാനുള്ള രാധാകൃഷ്ണന്റെ നീക്കം ചെറുക്കണം . അതിന് എൻഡബ്ല്യുഎംഐ ജനാധിപത്യ വിശ്വാസികളുടെ പിന്തുണ തേടുന്നു .












Click it and Unblock the Notifications