Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോട്ട'യം നിലനിർത്താൻ തിരുവഞ്ചൂർ, 'റെഡ് ഫോർട്ട്' ആക്കാൻ എൽഡിഎഫ്

ഒരുകാലത്ത് ഉറച്ച 'റെഡ് ഫോർട്ട്' ആയിരുന്നു കോട്ടയം. മണ്ഡലത്തിൻ്റെ ചരിത്രമെടുത്താൽ കൂടുതൽ തവണയും ചുവപ്പണിഞ്ഞ കോട്ടയത്തെ കാണാം. പിന്നീട് രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞപ്പോൾ കോട്ടയത്തിൻ്റെ ഒഴുക്ക് വലത്തോട്ടായി. ഒന്നര പതിറ്റാണ്ടായി ഇവിടെ ഒഴുക്ക് മാറിയിട്ടേയില്ല. ഇടത്തോട്ടുള്ള അടിയൊഴുക്കുകളെ അതിജീവിക്കാനുറപ്പിച്ച് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹാട്രിക് ജയത്തിൻ്റെ പെരുമയിൽ ഇവിടെ നാലാമങ്കത്തിന് കച്ച മുറുക്കുകയാണ്.

മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ചുള്ള പോരാട്ടത്തിന് എൽ.ഡി.എഫും സജ്ജം. കഴിഞ്ഞ തവണ തിരുവഞ്ചൂറിനോട് തോറ്റ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ. അനിൽ കുമാറിനെ തന്നെ ഇത്തവണയും ഇടതുമുന്നണി കളത്തിലിറക്കുമെന്നാണ് സൂചന.

1957, 67, 80, 87, 91, 96. 2006 എന്നീ തെരഞ്ഞെടുപ്പുകളിൽ കോട്ടയം ചുവന്നതാണ്. 1970 ലും 77 ലും സി.പി.ഐ ഐക്യമുന്നണിയുടെ ഭാഗമായും ജയിച്ചു. 1960, 82, 2001,11, 16, 21 തെരഞ്ഞെടുപ്പുകളിൽ കോട്ടയം കൈപ്പത്തിയെ മുറുകെ പിടിച്ചു. സി.പി.എമ്മിൻ്റെ തീപ്പൊരി നേതാവ് ടി.കെ. രാമകൃഷ്ണന് ഹാട്രിക് വിജയം സമ്മാനിച്ച (1987, 91, 96) ചരിത്രമുണ്ട് കോട്ടയത്തിന്. ഇതേ കോട്ടയമാണ് 2011, 16, 21 തെരഞ്ഞെടുപ്പുകളിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെയും തുടർച്ചയായി വിജയിപ്പിച്ചത്. 2011ൽ 711 വോട്ടിൻ്റെ നേരിയ ഭൂരിപക്ഷത്തിനാണ് തിരുവഞ്ചൂർ വി.എൻ. വാസവനെ തോൽപ്പിച്ചത്. 2016ൽ റെജി സഖറിയയെ തോൽപ്പിച്ചപ്പോൾ ഭൂരിപക്ഷം 33,632 ആയി ഉയർന്നു. 2021ൽ 18,743 വോട്ടിനാണ് കെ. അനിൽ കുമാർ തിരുവഞ്ചൂരിനോട് തോറ്റത്.

Thiruvanchoor Radhakrishnan

ബൈപാസുകൾ വിജയത്തിലേക്കുള്ള പാതയാകുമോ?

കോട്ടയത്തിൻ്റെ അടിസ്ഥാന വികസനമായി കണക്കാക്കുന്ന നാലുവരി പാതയും ബൈപാസും അടക്കമുള്ള റോഡ് വികസനം തന്നെയാണ് തിരുവഞ്ചൂരും യു.ഡി.എഫും ഉയർത്തിക്കാട്ടുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് യാഥാർഥ്യമാക്കിയ നാലുവരി പാതയും ബൈപാസും കോട്ടയത്തിൻ്റെ മുഖഛായ മാറ്റിയതായി യു.ഡി.എഫ് ഇന്നും അവകാശപ്പെടുന്നു. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഈരയിൽക്കടവ് ബൈപാസാണ് ഉയർത്തി കാണിക്കുന്ന മറ്റൊരു പദ്ധതി. ബൈപാസ് ടാറിങ്ങിന് തൊട്ടുമുമ്പാണ് സർക്കാർ മാറിയത്. കമാൻ്റിലുണ്ടായിരുന്ന തുക കൊണ്ട് ടാറിങ്ങ് പൂർത്തിയാക്കുകയായിരുന്നു. കോട്ടയം നഗരത്തിൻ്റെ തിരക്ക് കുറയ്ക്കുന്ന, സിമൻ്റ് കവല മുതൽ തിരുവാതുക്കൽ വരെയുള്ള പടിഞ്ഞാറൻ ബൈപാസും നേട്ടങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെ.കെ. റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വെള്ളൂ പ്പറമ്പും ചവിട്ടുവരിയും വഴി മെഡിക്കൽ കോളജിലേക്ക് എളുപ്പം എത്താവുന്ന വെള്ളൂപ്പറമ്പ് ബൈപാസും വെള്ളപ്പൊക്കം കൊണ്ട് ദുരിതം അനുഭവിച്ചിരുന്ന ചുങ്കം സെമിനാരി റോഡ് എം.എൽ.എ ഫണ്ടിൽ നിന്ന് മൂന്ന് കോടി മുടക്കി ഉയർത്തി ബി.എം.സി നിലവാരത്തിൽ പുതുക്കി പണിതതും യു.ഡി.എഫ് പ്രചരണായുധമാക്കുന്നുണ്ട്. ഇടതുസർക്കാർ മുടക്കിയ ആകാശപ്പാത യാഥാർഥ്യമാക്കുമെന്നും വാഗ്ദാനമുണ്ട്. ദേശീയ ഗെയിംസ് കഴിഞ്ഞപ്പോൾ ചിങ്ങവനത്ത് പട്യാല മാതൃകയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ 13.5 ഏക്കർ ഏറ്റെടുത്ത് ഫണ്ടും അനുവദിച്ചിരുന്നു. ഇടതു സർക്കാർ 'അട്ടിമറിച്ച' ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാക്കുമെന്നതും തിരുവഞ്ചൂരിൻ്റെ വാഗ്ദാനങ്ങളിലുണ്ട്.

'കിഫ്ബി എന്ന് കേൾക്കുന്നതേ എം.എൽ.എക്ക് കലി'

കിഫ്ബി പദ്ധതികളോട് തിരുവഞ്ചൂർ എന്നും മുഖം തിരിഞ്ഞുനിൽക്കുന്നു എന്ന ആരോപണം കാലങ്ങളായി ഇടതുപക്ഷം ഉയർത്തുന്നുണ്ട്. കിഫ്ബി എന്ന് കേൾക്കുന്നതേ എം.എൽ.എക്ക് കലിപ്പാണെന്നാണ് പൊതുവേയുള്ള പറച്ചിൽ. മെഡിക്കൽ കോളജ് വികസനമടക്കം നിരവധി പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പാക്കിയെങ്കിലും ഇതൊന്നും എം.എൽ.എ അംഗീകരിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ജില്ലാ ആശുപത്രിക്ക് സർക്കാർ 219 കോടി അനുവദിച്ചിരുന്നു. എന്നാൽ, കോമ്പൗണ്ടിലെ മണ്ണ് പുളിങ്കുന്ന് ആശുപത്രിയുടെ ആവശ്യത്തിലേക്ക് മാറ്റാൻ ശ്രമിച്ചത് എം.എൽ.എ ഇടപെട്ട് തടഞ്ഞതു കാരണം പണി പൂർത്തിയായിട്ടില്ല എന്നത് തെരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടും.

കച്ചേരിക്കടവ് ബോട്ട് ജെട്ടിയിൽ കോട്ടയത്ത് ബോട്ട് വരുന്നിടത്ത് ബോട്ട് ജെട്ടിയില്ല, ജെട്ടിയുള്ളിടത്ത് ബോട്ടുമില്ല എന്ന അവസ്ഥയും കോട്ടങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്. കൊട്ടിഘോഷിച്ച് പുതുക്കിപ്പണിതിട്ടും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സൗകര്യക്കുറവുകൾ ധാരാളമുണ്ടെന്ന പരാതി വ്യാപകമാണ്. തിരുനക്കരയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പൊളിച്ചിട്ട് നാളുകളായി. പുതുക്കിപ്പണിയുന്നത് പോയിട്ട് റീ ടാർ ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ലെന്ന പ്രചാരണം ഇടതുപക്ഷം സജീവമാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കാതെ നടപ്പാക്കാൻ ശ്രമിച്ച് നഗരമധ്യത്തിൽ തൂണുകളിൽ മാത്രമൊതുങ്ങി 'പൊതുശല്യ'മായി തുടരുന്ന ആകാശപ്പാതയും എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+