ദേശീയ ഗെയിംസ്; അന്വേഷണം വന്നാല്‍ ചിലര്‍ കുടുങ്ങുമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അന്വേഷണം വന്നാല്‍ ചിലര്‍ കുടുങ്ങുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്‍മന്ത്രി ഗണേഷ് കുമാറിന്റെ പേരെടുത്തുപറയാതെ പരോക്ഷമായിട്ടായിരുന്നു മന്ത്രിയുടെ പരാമര്‍ശം. താന്‍ ഒരു നായാപൈസപോലും ചെലവഴിക്കാന്‍ ഉത്തരവിട്ടിട്ടില്ല. ഗണേഷ് കുമാറും എല്‍ഡിഎഫ് മന്ത്രി വിജയകുമാറുമാണ് ബജറ്റ് അംഗീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഏതന്വേഷണത്തേയും നേരിടാന്‍ താന്‍ തയ്യാറാണ്. ഒരു തെറ്റും ചെയ്യാത്തതിനാല്‍ അന്വേഷണത്തെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് ദുര്‍വിനിയോഗം ചെയ്തത് കഴിഞ്ഞ സര്‍ക്കാരാണ്. ദേശീയ ഗെയിംസുമായി ബന്ധമില്ലാത്ത സ്‌റ്റേഡിയങ്ങള്‍ പുതുക്കാനായി കോടികള്‍ വകമാറ്റി ചെലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണത്തില്‍ 2007 മുതലുള്ള ഫണ്ട് ദുര്‍വിനിയോഗം പുറത്തുവരും. പലരും കുടുങ്ങുമെന്നും തിരുവഞ്ചൂര്‍ മുന്നറിയിപ്പു നല്‍കി.

ദേശീയ ഗെയിംസില്‍ നടന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗണേഷ് കുമാര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് അദ്ദേഹം അക്കമിട്ട് വെളിപ്പെടുത്തുകയും ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിന് ഉത്തരം പറയണമെന്നും ഗണേഷ് ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എയായ പാലോട് രവി അടക്കമുള്ളവര്‍ പണം ദുര്‍വിനിയോഗം ചെയ്തതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കുറ്റപ്പെടുത്തിയിരുന്നു. പുതിയ സാധനം വാങ്ങുന്നതിലും ഇരട്ടി പണം കൊടുത്ത് അതേ സാധനം വാടകയ്‌ക്കെടുത്തതും ടെന്‍ഡറുകളിലെ അഴിമതിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications