തിരുവഞ്ചൂരിന് റവന്യൂവകുപ്പിന് സാധ്യത
തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേല്‍ക്കുമ്പോള്‍ തിരവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കില്ലെന്ന് സൂചന. തിരുവഞ്ചൂരിനെ മന്ത്രിസഭയില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ രമേശിനെ ആഭ്യന്തരമന്ത്രിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം എന്നറിയുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റവന്യു വകുപ്പ് നല്‍കാനാണ് സാധ്യത.
ഐ വിഭാഗത്തിന്റെ പ്രതിനിധിയായ ആടൂര്‍ പ്രകാശ് ആണ് ഇപ്പോള്‍ റവന്യുമന്ത്രി. ഇദ്ദേഹത്തിന് വനം വകുപ്പ് നല്‍കി പ്രശ്‌നം ഒതുക്കാനാണ് സാധ്യത. ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെ മുഖ്യമന്ത്രിക്കായിരുന്നു വനംവകുപ്പിന്റെ അധിക ചുമതല.

നിയമസഭ സമ്മേളനത്തിന് മുമ്പ് രമേശ് ചെന്നിത്തല മന്ത്രിയാവുകയും നിയമസഭ സമ്മേളനത്തിന് ശേഷം മന്ത്രിസഭ പുന:സംഘടനയില്‍ തിരുവഞ്ചൂര്‍ തിരിച്ച് മന്ത്രിസഭയില്‍ എത്തുകയും ചെയ്യും എന്നാണ് ആദ്യം റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ സഭാസമ്മേളനം കഴിയും വരെ തിരുവഞ്ചൂരിനെ മാറ്റി നിര്‍ത്തുന്നതില്‍ മുഖ്യമന്ത്രിക്ക് താത്പര്യമില്ല എന്നാണ് ലഭിക്കുന്ന വിവരം.
രമേശ് ചെന്നിത്തല മന്ത്രിയാകുമെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനം തത്കാലം രാജിവക്കില്ല. എന്നാല്‍ നിയമസഭാ സമ്മേളനത്തിന് ശേഷം ഇതിലും മാറ്റമുണ്ടാകും. ഇപ്പോഴത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരും, മുതിര്‍ന്ന നേതാവ് വിഎം സുധീരന്റെ പേരും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.












Click it and Unblock the Notifications