ബുദ്ധിമുട്ടുള്ള നിയമം നടപ്പാക്കേണ്ടെന്ന് മന്ത്രി
കോട്ടയം: ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമങ്ങളോട് എതിര്‍പ്പാണെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു പൊതുപ്രവര്‍ത്തകന്‍ എന്നരീതിയിലാണ് താന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിന്‍സീറ്റിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ നടപ്പിലാക്കേണ്ടതില്ല എന്ന രീതിയിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ പിസി വിഷ്ണുനാഥ് എംഎല്‍എയും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു.
നഗരങ്ങളില്‍ 15 ഉം 20 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യുന്നവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച് അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു
രാജ്യത്ത് ഒരു സംസ്ഥാനത്തും, പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് വേണമെന്ന നിയമം നിര്‍ബന്ധമായി നടപ്പാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ കേരളത്തില്‍ മാത്രമായിട്ടെന്തിനാണ് ഈ നിയമം എന്നും മന്ത്രി ചോദിക്കുന്നുണ്ട്. കേരളത്തിലെ 80 ശതമാനം വണ്ടികള്‍ക്കും പീന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇല്ലെന്നും മന്ത്രി പറയുന്നുണ്ട്.
നിലവിലെ നിയമങ്ങള്‍ പലതും പാലിക്കേണ്ടതില്ലെന്ന സന്ദേശമാണ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കുന്നതെന്നാണ് ആക്ഷേപം. ഹെല്‍മെറ്റിന്റെ കാര്യത്തിലും മന്ത്രി ഇത്തരം ഒരു നിലപാട് സ്വീകരിക്കുമോ എന്നും ചോദ്യം ഉയരുന്നുണ്ട്.












Click it and Unblock the Notifications