അന്ന് 25 കോടിയുടെ ബംപർ: പക്ഷെ അനൂപ് പുതിയ വീട് പോലും വെച്ചില്ല; അതില്‍ നിന്നും ഒരു രൂപ എടുത്തില്ല
തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിക്കൊണ്ട് കേരളക്കരയാകെ ശ്രദ്ധേയനായ വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ അനൂപ്. 2023 ലായിരുന്നു ഓട്ടോ ഡ്രൈവറായ അനൂപിനെ തേടി ഭാഗ്യമെത്തിയത്. വർഷം രണ്ട് കഴിയാറായെങ്കിലും അന്ന് സമ്മാനായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലും ഇതുവരെ കൈയ്യിലെടുത്തിട്ടില്ലെന്നാണ് അനുപ് വ്യക്തമാക്കുന്നത്. ന്യൂസ് ടെർമിനല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വർഷമായി ആ തുകയില്‍ നിന്നും ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചോദിക്കും. ആ സമയത്ത് എടുത്ത് കൊടുക്കുകയും ചെയ്യും. പിന്നീടാണ് ടാക്സ് അടക്കമുള്ള കാര്യങ്ങള്‍ വരുന്നത്. ലോട്ടറി അടിച്ച കാശ് നിലനില്‍ക്കില്ല, നശിച്ചുപോകുമെന്ന് നേരത്തെ ലോട്ടറി അടിച്ച പലരും പറയുന്നുണ്ട്. കയ്യില്‍ കിട്ടിയ ഉടനെ തന്നെ നിയന്ത്രണമില്ലാതെ പൈസ ചിലവാക്കുന്നതാണ് അതിനുള്ള പ്രധാന കാരണമെന്ന് അനൂപ് പറയുന്നു.

പൈസ ചിലവാക്കുന്നതിനെകുറിച്ച് നമ്മള്‍ കൃത്യമായ രീതിയില്‍ പഠനം നടത്തണം. ഇക്കാലയളവില്‍ പുതിയ കാർ, വീട്, അല്ലെങ്കില്‍ ബിസിനസ് ഒന്നും ആ തുക ചിലവഴിച്ചുകൊണ്ട് ഞാന്‍ ചെയ്തിട്ടില്ല. രണ്ട് വർഷത്തിന് ശേഷമാണ് അതില്‍ നിന്നുള്ള പലിശ എടുത്ത് ബിസിനസ് ആരംഭിച്ചത്. കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ആ തുക വെച്ച് സാമ്പത്തിക നേട്ടമുണ്ടാക്കി മുന്നോട്ട് പോകാന്‍ സാധിക്കും.
ലോട്ടറി അടിച്ചതിന് പിന്നാലെ നേരത്തെ ലോട്ടറി സമ്മാനം നേടിയവർ അടക്കം എന്നെ വിളിച്ച് ഉപദേശിച്ചിരുന്നു. അതെല്ലാം ഞാന്‍ കേട്ടു, ഒന്നും വെറുതെ തള്ളിക്കളഞ്ഞില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ നില്‍ക്കാന്‍ സാധിക്കന്നത്. ബിഎംഡബ്ല്യൂ കാർ വാങ്ങിക്കണമെന്ന് ലോട്ടറി അടിക്കുന്നതിന് മുമ്പ് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അന്ന് പൈസ ഇല്ലാതിരുന്നു. ഇന്ന് പൈസ ഉണ്ടെങ്കിലും ഇതുവരെ ആ മോഹം സാക്ഷാതകരിച്ചിട്ടില്ല.
ഒരു പുതിയ വീട് പോലും വെച്ചിട്ടില്ല. മറ്റൊരാള്‍ വെച്ച പഴയ വീടാണ് വാങ്ങിച്ചത്. ചുരുക്കത്തില്‍ ജീവിതം വലിയ ആഢംബരത്തിലേക്ക് ഒരിക്കലും പോയിട്ടില്ല. വന്ന പൈസ പോകാന്‍ അധികം കാലതാമസം ഒന്നും വേണ്ട. ഇനി ഇങ്ങനെ പൈസ ഒരിക്കലും കിട്ടില്ല. ഈ പൈസ അതിന്റെ ഇരട്ടിയാക്കുകയാണ് വേണ്ടത്. അല്ലാതെ അത് നശിപ്പിക്കരുതെന്നും അദ്ദേഹം പറയുന്നു.
ലോട്ടറി അടിച്ച തുക ഇതുവരെ എടുത്തിട്ടില്ല. അതിന്റെ പലിശ മാത്രമാണ് എടുക്കുന്നത്. സമ്മാനത്തുക എത്രയാണെങ്കിലും അതിന്റെ പകുതിയെ അവസാനം ലഭിക്കുകയുള്ളു. 15 കോടിയാണ് സംസ്ഥാന ലോട്ടറി വകുപ്പില്‍ നിന്നും കിട്ടുക. ശേഷം അതില്‍ നിന്നും ടാക്സ് പോകും. കേന്ദ്രത്തിനും സംസ്ഥാനത്തിനും ടാക്സുണ്ട്. രണ്ട് വർഷത്തിനുള്ളിലാണ് ഈ നികുതികള്‍ അടക്കേണ്ടി വരിക.
ലോട്ടറി അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നെ അറിയാവുന്ന എല്ലാവരേയും വിവരം അറിയിച്ചു. അത്രയും വേണ്ടായിരുന്നു എന്ന് തോന്നിയത് പിന്നീടാണ്. വിവരം അറിഞ്ഞ് ആളുകള്‍ എത്തിയതോടെ എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. കൊച്ചിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പറ്റാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തി. വീട്ടില്‍ എപ്പോഴും ആളുകളായിരുന്നു. വെളുപ്പിന് മൂന്ന് മണിക്കൊക്കെ വന്നിട്ടുണ്ട്. ആ നിലയിലേക്ക് ബുദ്ധിമുട്ടുകള്‍ വർധിച്ചതോടെയാണ് ലോട്ടറി അടിച്ചാല്‍ ആരോടും പറയരുതെന്ന് പറഞ്ഞത്. ചോദിച്ച പൈസ കൊടുക്കാന്‍ കഴിയാതിരുന്നതോടെ പിണങ്ങിയവരുണ്ട്. അത്തരത്തില്‍ കുറേ നഷ്ടങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications