ഓണം ബമ്പർ ജേതാവ് വീടുപൂട്ടി പോയി: 25 കോടി അടിച്ചത് നെട്ടൂർ സ്വദേശിയായ യുവതിക്ക്
തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയ ഭാഗ്യവാന്‍ എറണാകുളം നെട്ടൂരില്‍ തന്നെ. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലതീഷ് വിറ്റ TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ഒന്നാം സമ്മാനം അടിച്ച വാർത്ത അറിഞ്ഞത് മുതല്‍ തന്നെ ലതീഷിന്റെ കടയിലേക്ക് വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഭാഗ്യജേതാവിനെ കുറിച്ച് വ്യക്തമായ ചില സൂചനകളും ലതീഷ് നല്‍കുകയാണ്.
വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. സമ്മാനർഹമ്മായ ടിക്കറ്റ് വിറ്റുപോകുന്നതാകട്ടെ മാറ്റിവെച്ച് നറുക്കെടുപ്പിന് തൊട്ടു തലേദിവസവും. ഈ സാഹചര്യത്തില്‍ സി സി ടി വി അടക്കമുള്ളവ പരിശോധിച്ച് ഭാഗ്യജേതാവിനെ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായകമായ ചില സൂചനകളുമായി ലതീഷ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

തന്റെ കടയില്‍ നിന്നും ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാർ ആണെന്നും അതിനാല്‍ തന്നെ ഒന്നാം സമ്മാനം നെട്ടൂർ വിട്ടുപോകാന്‍ സാധ്യതയില്ലെന്നുമാണ് ലതീഷ് ആദ്യം പറഞ്ഞത്. പിന്നാലെ സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്നും കടയുടമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കടയുടമയും തയ്യാറാകുന്നില്ല.
മറ്റ് സൂചനകളോ, പേരോ അറിയില്ലെന്നും സമ്മാനർഹമ്മായ ടിക്കറ്റ് താൻ നേരിട്ട് കണ്ടിട്ടില്ലെന്ന് പറഞ്ഞ ലതീഷ് തന്നെയാണ് അവസാനം സമ്മാന ജേതാവിനെ താന്‍ തിരിച്ചറിഞ്ഞുവെന്ന തരത്തിലുള്ള പ്രതികരണം നടത്തിയത്. ഭാഗ്യശാലിയെന്ന് താന്‍ സംശയിക്കുന്ന വ്യക്തി ഇപ്പോള്‍ വീടുപൂട്ടി മകളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്. എന്തായാലും 12 മണിക്ക് അവരാണോ ജേതാവ് എന്നത് അവർ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കുമെന്നും ലതീഷ് പറയുന്നു.
സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന വ്യക്തിയല്ല. വളരെ പാവപ്പെട്ട ഒരു വ്യക്തിയാണ്. ഓണം ബംമ്പർ ആയതുകൊണ്ടാണ് അദ്ദേഹം ലോട്ടറി എടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഒന്നാം സമ്മാനം അടിച്ചിരിക്കുന്ന നെട്ടൂർ സ്വദേശി ഒരു വനിതയാണെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
പേര് വിവരങ്ങള്‍ ജനം അറിഞ്ഞാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പേടിച്ചാണ് ഭാഗ്യജേതാവ് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്ന സംശയവും ശക്തമാണ്. 2023 ല്‍ ഓണം ബംപർ നേടിയ തിരുവനന്തപുരം സ്വദേശി അനൂപിനുണ്ടായ ബുദ്ധിമുട്ടുകളാണ് ഇതിന് ഉദാഹരണം. സഹായ ആവശ്യങ്ങളുമായി ജനം വീട്ടിലേക്ക് ഒഴുകി എത്തിയതോടെ അനൂപിന് താല്‍ക്കാലികമായി വീട് വിട്ട് പുറത്തേക്ക് മാറി നില്‍ക്കേണ്ടി വന്നു.
ബംമ്പർ ടിക്കറ്റ് വില്‍പ്പന നടത്തിയതിലൂടെ ലതീഷും കോടീശ്വരനായി മാറും. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്റിന് കമ്മീഷനായി ലഭിക്കുക. അതായത് 2.5 കോടി രൂപ. ഇത്തവണ ബംബര്‍ ഇവിടെ തന്നെ അടിക്കുമെന്നും ആഘോഷത്തിന് ലഡു വേണ്ട, പഫ്‌സ് മതിയെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നതായും ലതീഷ് വണ്‍ഇന്ത്യ മലയാളത്തോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഒരു വർഷം മുമ്പാണ് ലതീഷ് ലോട്ടറി വില്‍പ്പനയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ പലരും വേണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മാസം മുമ്പ് ഒരു കോടി രൂപ തന്റെ കടയിലൂടെ അടിച്ചു. ഇതിന് പിന്നാലെ 25 കോടിയും ലതീഷിന്റെ കൈകളിലൂടെ മുന്നോട്ട് പോകുന്നത്. തുടർച്ചയായി സമ്മാനം ലഭിക്കുന്നതോടെ ഇനി ആളുകള്‍ ഒഴുകുമെന്ന് ലതീഷ് കരുതുന്നു. ലക്ഷങ്ങളുടെ ബംബര്‍ ടിക്കറ്റ് മുഴുവന്‍ വിറ്റുപോയി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് എല്ലാം വിറ്റുപോയെന്നും താന്‍ ഒന്നെടുക്കണമെന്ന് വിചാരിച്ചിട്ടും നടന്നില്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications