''ഇതൊരു ദുരന്ത ഭൂമിയാണ്, നിങ്ങൾ പൊടിക്കൊന്ന് അടങ്ങണം "; വിമർശകരോട് അബിൻ വർക്കി
മഴക്കെടുതിൽ കോന്നിയിലേക്ക് മന്ത്രി പിസി വിഷ്ണുനാഥ് തിരിഞ്ഞ് നോക്കിയില്ലെന്ന കെയു ജനീഷ് കുമാർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട ജില്ലയിൽ പ്രളയമുണ്ടായ ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ ഏറ്റവും സജീവമായിരുന്നു മന്ത്രിയെന്ന് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നാലോണം മന്ത്രിമാരുടെ നേരിട്ടുള്ള ദുരിതാശ്വാസ ക്രമീകരണങ്ങൾ പത്തനംതിട്ട ജില്ലയിലുണ്ടായി എന്നും എംഎൽഎ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് ഈ ജില്ലയിലേക്ക് തിരിഞ്ഞ് നോക്കാത്തത് എന്നും അബിൻ വർക്കി ചോദിക്കുന്നു.
''ഓഗസ്റ്റ് ഒന്ന് പുലർച്ചയാണ് പത്തനംതിട്ട ജില്ലയെ ദുരിതത്തിലാക്കിയ പ്രളയം ഉണ്ടായത്. അന്നു മുതൽ ഇന്നുവരെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏറ്റവും സജീവമായിട്ടുണ്ടായിരുന്ന വ്യക്തിയാണ് ജില്ലയുടെ ചാർജ് കൂടി വഹിക്കുന്ന മന്ത്രി ശ്രീ പി സി വിഷ്ണുനാഥ്. കോഴഞ്ചേരി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും കൺട്രോൾ റൂം നിയന്ത്രിച്ചു നേതൃത്വം കൊടുത്തത് ശ്രീ പി സി വിഷ്ണുനാഥ് ആണ്.

രണ്ടാം തീയതി രാത്രി 11 മണി കഴിഞ്ഞു ഞങ്ങൾ പിരിയുമ്പോൾ. പക്ഷെ അർദ്ധരാത്രി കഴിഞ്ഞപ്പോൾ വിഷ്ണുവേട്ടൻ എന്നെ വിളിച്ചു. മഴ മിന്നൽ പ്രളയത്തിനു വഴിമാറാൻ സാധ്യതയുണ്ട്. ഡാം ചെറുതായി തുറക്കേണ്ടിയും വരും. ആ വെള്ളം ആറന്മുളയിലെത്തിയാൽ കൂടുതൽ ഗുരുതരമായ വെള്ളപ്പൊക്കത്തിലേക്ക് നീങ്ങും. അതുകൊണ്ട് മുൻകരുതൽ എടുക്കണം.
ഞാൻ പുലർച്ചെ ഒന്നര മണിയോടെ തന്നെ കോഴഞ്ചേരി റസ്റ്റ് ഹൗസിൽ എത്തി ആലപ്പുഴയിൽ നിന്ന് വന്ന ബോട്ടിലെ ആളുകളെ എഴുന്നേൽപ്പിച്ച് കൂടുതൽ ബോട്ടുകൾ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഏതാണ്ട് മൂന്നുമണിയോടു കൂടി വിഷ്ണുവേട്ടൻ കോഴഞ്ചേരി റസ്റ്റ് ഹൗസിൽ എത്തി. അപ്പോഴേക്കും അദ്ദേഹം കൊല്ലത്ത് നിന്ന് ഏതാണ്ട് ആറോളം ബോട്ടുകൾ കയറ്റി വിടാനുള്ള സജ്ജീകരണം ചെയ്തിട്ടാണ് എത്തിയത്.
ഞങ്ങൾ ഇരുവരും ചേർന്ന് ആറന്മുളയിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശത്തെ പഞ്ചായത്ത് മെമ്പർമാരെ നേരിട്ട് ഫോണിൽ വിളിച്ച് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണം എന്ന് പറഞ്ഞു. ആ രാത്രി ഞങ്ങൾ ഇരുവരും ഉറങ്ങിയിട്ടില്ല. വീണ്ടും ആ പകൽ മുഴുവൻ റവന്യൂ മന്ത്രിയുടെ മീറ്റിങ്ങും സന്ദർശനവുമായി പോയി. അങ്ങനെ പ്രളയം ഉണ്ടായ നാൾ മുതൽ ഏറ്റവും സജീവമായി കർമ്മനിരതനായിരുന്നു ശ്രീ.പി സി വിഷ്ണുനാഥിനെ കള്ളം പറഞ്ഞു കൊണ്ട് മനഃപൂർവം കരി വാരി തേയ്ക്കാൻ ആണ് ചിലർ ശ്രമിക്കുന്നത്.
അവരോട് ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാം. പത്തനംതിട്ട ജില്ലയിൽ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യൂ മന്ത്രി, ജില്ലയുടെ ചാർജുള്ള ശ്രീ പി സി വിഷ്ണുനാഥടക്കം നാലോളം മന്ത്രിമാരുടെ നേരിട്ടുള്ള ദുരിതാശ്വാസ ക്രമീകരണങ്ങൾ ഉണ്ടായി. എന്തുകൊണ്ട് പ്രളയം ഉണ്ടായി എട്ടാം ദിവസത്തിലും കേരളത്തിലെ പ്രതിപക്ഷ നേതാവിന് ഈ ജില്ലയിലേക്ക് തിരിഞ്ഞുനോക്കാൻ സാധിച്ചിട്ടില്ല? പ്രളയത്തിൽ വരെ കുത്തിതിരിപ്പ് ഉണ്ടാക്കാൻ വെമ്പുന്നവരോട് ഒന്നേ പറയാനുള്ളു.." ഇതൊരു ദുരന്ത ഭൂമിയാണ്. നിങ്ങൾ പൊടിക്കൊന്ന് അടങ്ങണം "




Click it and Unblock the Notifications