Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇഡിയുടെ രാഷ്ട്രീയ നാടകമാണ് ഇത്,ഒരു ഫെമാ ലംഘനവും മസാലബോണ്ട് ഇടപാടിൽ ഉണ്ടായിട്ടില്ല';തോമസ് ഐസക്

മസാല ബോണ്ട് ഇടപാടിൽ ഇഡി നോട്ടീസ് അയച്ച നടപടിയിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇഡിയുടെ രാഷ്ട്രീയ നാടകമാണ് ഇതെന്നും ഒരു ഫെമാ ലംഘനവും മസാലബോണ്ട് ഇടപാടിൽ ഉണ്ടായിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

തെരഞ്ഞെടുപ്പ് ആയി. ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ട്. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായി. പിന്നെ, ഇഡി വാള് വീശിയിറങ്ങിയത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്താണ്. കേരളത്തിൽ ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് കാലമായി. മസാലബോണ്ട് കേസുമായി ഇഡി വീണ്ടും പുറപ്പെട്ടിരിക്കുകയാണ്.

isaac1-176

ഇതുവരെയും അന്വേഷണത്തിന് ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസുകൾ. എന്റെ മാത്രമല്ല, കുടുംബാംഗങ്ങളുടെയടക്കം ബാങ്ക് രേഖകളുമായി ഹാജരാകാനായിരുന്നു ആദ്യ നോട്ടീസ്. ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. എന്തിനാണ് ഈ രേഖകൾ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഞാൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. അപ്പോൾ രേഖകളുടെ എണ്ണം കുറച്ചു. എങ്കിലും ഹാജരായേപറ്റൂ. ഞാൻ വീണ്ടും കോടതിയിൽ പോയി. അപ്പോൾ കോടതിയും ചോദിച്ചു- എന്തിനാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്? അതിനു കാരണം വ്യക്തമാക്കണം. ഈ ചോദ്യത്തിന് ഇന്നേവരെ ഉത്തരം നൽകാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല.

കാരണം വളരെ ലളിതമാണ്. ഒരു ഫെമാ ലംഘനവും മസാലബോണ്ട് ഇടപാടിൽ ഉണ്ടായിട്ടില്ല. കാടുംപടലും തല്ലിയുള്ള ഒരു അന്വേഷണമാണ് ലക്ഷ്യം. പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രൊജക്ടുകളല്ലേ കിഫ്ബി നടപ്പാക്കുന്നത്. തപ്പിയാൽ എന്തെങ്കിലും തടയുമെന്നായിരിക്കണം ഇഡിയുടെ രാഷ്ട്രീയ യജമാനന്മാരുടെ ചിന്ത. തങ്ങളെപ്പോലെയാണ് മറ്റെല്ലാവരുമെന്നാണ് ഡൽഹിയിലെ ബിജെപിക്കാർ കരുതുന്നത്. എത്ര തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇത്തവണ അടവൊന്ന് മാറ്റിയിരിക്കുകയാണ്.

ഞാൻ അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനു ഹാജരാകണ്ട. കാരണം അന്വേഷണം അവർ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതുവരെ നടന്ന അന്വേഷണത്തിൽ ഫെമ നിയമലംഘനം തെളിഞ്ഞിരിക്കുകയാണത്രേ! അതുകൊണ്ട് The Special Director of Enforcement Directorate (Adjudication), Head Quarters, New Delhi മുന്നിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. അതിനുള്ള ഷോക്കോസ് നോട്ടീസാണ് അയച്ചിരിക്കുന്നത്. നേരിട്ട് ഹാജരാകണമെന്നില്ല. നിയമജ്ഞനോ ചാർട്ടേർഡ് അക്കൗണ്ടന്റോ വഴി വിശദീകരണം നൽകിയാൽ മതി.

നോട്ടീസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കാണു നൽകിയിരിക്കുന്നത്. നാല് ദിവസം മുമ്പാണ് നോട്ടീസ് ലഭിച്ചത്. ഞങ്ങൾ ഇതാരോടും പറഞ്ഞിട്ടില്ല. പക്ഷേ, ഇഡി കൃത്യമായിട്ട് മാധ്യമങ്ങൾക്ക് പതിവുപോലെ ചോർത്തിക്കൊടുത്തിരിക്കുകയാണ്. ഇപ്പോൾ ബ്രേക്കിംഗ് ന്യൂസുകളുടെ ബഹളമാണ്. പക്ഷേ, പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.
എന്താണ് കിഫ്ബി ചെയ്തിരിക്കുന്ന പ്രമാദമായ കുറ്റം? മസാലബോണ്ട് വഴി സമാഹരിച്ച തുകയിലൊരു ഭാഗം ഭൂമി വാങ്ങാൻ (purchase) ഉപയോഗിച്ചിരിക്കുകയാണ്.

ഇത് മസാലബോണ്ട് നിബന്ധന പ്രകാരം പാടില്ലാത്തതാണ്. പക്ഷേ, കിഫ്ബി ഭൂമി വാങ്ങുകയല്ല ചെയ്തത്. അക്വയർ ചെയ്യുകയാണ് ചെയ്തത്. അത് അനുവദനീയവുമാണ്. ഭൂമി വാങ്ങലും ഭൂമി അക്വയർ ചെയ്യലും രണ്ടും രണ്ടാണ്. മാത്രമല്ല, മസാലബോണ്ടിന്റെ ഈ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസർവ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് കൃത്യമായ വിശദീകരണം നൽകും.

ഇഡിയോട് ഒന്നേ പറയാനുള്ളൂ: വെറുതേ വിരട്ടണ്ട. നിങ്ങളെ പേടിയില്ല. രാഷ്ട്രീയം കളിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയുടെ വില കളയരുത്. നിങ്ങൾ എന്തൊക്കെ പ്രതിബന്ധം സൃഷ്ടിച്ചാലും നവകേരളം സൃഷ്ടിക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന വാഗ്ദാനത്തിൽ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.
എന്റെ സുഹൃത്ത് രമേശ് ചെന്നിത്തല ടിവിയിൽ പ്രതികരിക്കുന്നത് കണ്ടു- മസാലബോണ്ട് നിയമവിരുദ്ധമാണെന്ന് പണ്ടേ അദ്ദേഹം പറഞ്ഞിട്ടുണ്ടത്രേ! സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ ഇഡി കേസെടുത്ത ദിവസം തന്നെയാണ് ഇഡിയെ പിന്താങ്ങാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പുറപ്പെട്ടിട്ടുള്ളത്. ഇതെങ്കിലുമൊന്ന് ഓർക്കണ്ടേ?'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+