ഹമാസ് മിസൈലിനെ തകർക്കുന്ന ഇസ്രായേല്‍ മിസൈല്‍, തീ ഗോളം:യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ട നസീർ പറയുന്നു
ഇസ്രായേല്‍-ഹമാസ് സംഘർഷത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ നടുക്കുന്ന ഒർമ്മകളുമായി ഗ്രീന്‍ ഹാവന്‍ ട്രാവല്‍ ഏജന്‍സി ഉടമയും ടൂർ ഓപ്പറേറ്ററുമായ നസീർ. 45 അംഗ സംഘവുമായി ഇസ്രായേലിലേക്ക് പോയ സംഘം, സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാ പ്ലാനുകളില്‍ മാറ്റം വരുത്തി കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. തിരിച്ച് വന്നതിന് പിന്നാലെ ഇസ്രായേലില്‍ കണ്ട നടുക്കുന്ന കാഴ്ചകള്‍ വണ്‍ഇന്ത്യ മലയാളത്തോട് പങ്കുവെക്കുകയാണ് നസീർ.
ജീവന്‍ തിരിച്ച് കിട്ടിയെന്ന സന്തോഷം മറ്റൊരാളെ എങ്ങനെ പറഞ്ഞറിയിക്കാന്‍ കഴിയുമെന്ന് സാധിക്കുന്നില്ലെന്നാണ് നസീർ പറയുന്നത്. ആവശ്യങ്ങളും അധികാരങ്ങളുമാണ് യുദ്ധത്തിന് പുറകിലുള്ളതെങ്കിലും എല്ലാ യുദ്ധങ്ങളും ബാധിക്കുന്നത് സാധാരണക്കാരെയാണ്. ജീവന്റെയും മരണത്തിന്റെയും ഇടയില്‍ നില്‍ക്കുന്ന മാനസികാവസ്ഥയായിരുന്നു അവിടെ നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും രക്ഷപ്പെടും എന്ന പ്രതീക്ഷയില്ലായിരുന്നു. എങ്കിലും ദൈവാനുഗ്രഹം കൊണ്ട് തിരിച്ച് നാട്ടിലെത്തിയെന്നും നസീർ പറയുന്നു.

എട്ട് പ്രാവശ്യത്തോളം ഇസ്രായേലില്‍ പോയിട്ടുണ്ട്. ഇസ്രായേലില്‍ ടൂറിസ്റ്റുകള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ അവർ എന്നും സുരക്ഷിതരാണ്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഇടക്കൊക്കെ അവിടെ ഉണ്ടാവാറുണ്ട്. ഞങ്ങള്‍ ചെല്ലുന്നതിന്റെ തലേ ദിവസം പോലും ചെറിയ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പലതും നമ്മള്‍ അറിഞ്ഞിട്ട് പോലുമില്ല. ആ രീതിയിലാണ് അത്തരം കാര്യങ്ങള്‍ അവർ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഈ വിഷയം ജീവിതത്തിലെ ആദ്യത്തെ സംഭവമാണ്.
എന്നെ വിശ്വസിച്ച് കൂടെ വന്ന 45 പേർ ഉണ്ടായിരുന്നു എന്നുള്ളതാണ് എന്നെ സംബന്ധിച്ച് ഏറെ ആശങ്ക സൃഷ്ടിച്ചത്. ഏഴാം തിയതി രാവിലെ ഡ്രൈവർ വന്നാണ് പെട്ടെന്ന് വാഹനത്തില്‍ കയറണമെന്നും അതിർത്തിയിലേക്ക് എത്തിക്കാമെന്നും പറയുന്നത്. ആ യാത്ര കുറേ ദൂരം പിന്നിട്ടപ്പോഴാണ് പട്ടാളക്കാർ വാഹനം തടയുന്നതും മുന്നോട്ടുള്ള യാത്ര സുരക്ഷിതമല്ലെന്ന് പറയുന്നതും. മറ്റൊരു വഴിയിലൂടെ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും പട്ടാളക്കാർ വീണ്ടും തടഞ്ഞുവെന്നും നസീർ പറയുന്നു.
തിരികെ ജറുസലേമിലേക്ക് എത്തിയെങ്കിലും റൂം കിട്ടാത്ത അവസ്ഥയായി. ആ സാഹചര്യത്തില്‍ ഇസ്രായേലിലെ ഏജന്റാണ് രക്ഷയായത്. അങ്ങനെ ഹോട്ടലിന്റെ പുറത്ത് നില്‍ക്കുമ്പോഴാണ് വലിയ ശബ്ദത്തോടെ സൈറണ്‍ മുഴങ്ങുന്നത്. അത് കേട്ടതും കൂടെയുണ്ടായിരുന്ന ഡ്രൈവർ ഹോട്ടലിന് ഉള്ളിലേക്ക് ഓടി. കാര്യം എന്താണെന്ന് മനസ്സിലാവാത്തതിനാല്‍ ഞാന്‍ ഓടിയില്ല. നോക്കുമ്പോഴുണ്ട് ആകാശത്ത് കൂടെ ഹമാസിന്റെ മിസൈല്‍ വരുന്നു. ആ സമയം തന്നെ ഇസ്രായേല്‍ മിസൈല്‍ പോയി അതിനെ അറ്റാക്ക് ചെയ്യുകയും വലിയ തീഗോളമായി മാറുകയും ചെയ്യുന്നു. അപ്പോഴാണ് യുദ്ധം ഇങ്ങനെയൊക്കെയാണെന്ന് മനസ്സിലായത്.
ഈ കാഴ്ചകള്‍ എന്നെ വല്ലാതെ ഭയപ്പെടുത്തി. എന്റെ കൂടെയുള്ള 45 പേരെ സംരക്ഷിക്കേണ്ടതുണ്ടല്ലോ. വലിയ ടെന്‍ഷനായി. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയായി. അപ്പോഴും ആശ്വാസമായത് അവിടുത്തെ ഏജന്റിനറെ വാക്കുകളാണ്. ഗതികേടിന് അന്ന് രാത്രി എനിക്ക് കിട്ടിയത് ബാല്‍ക്കണിയുള്ള റൂമാണ്. അവിടെ നിന്ന് നോക്കിയാല്‍ ഗാസ കാണാം. അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇവിടെ പൂത്തിരി കത്തുന്നത് പോലെയാണ് മിസൈലുകള്‍ തമ്മിലുള്ള ആക്രമണം. ശബ്ദവും വെടിവെപ്പും എല്ലാം കൂടെ ആയപ്പോള്‍ ഭയം കൂടി.
പിറ്റേ ദിവസം അവിടുന്ന് പോരാന്‍ സാധിച്ചാല്‍ ഞങ്ങള്‍ രക്ഷപ്പെട്ടു. 450 കിലോമീറ്ററാണ് ഈജിപ്ത് അതിർത്തിയിലേക്കുള്ളത്. ആറ് മണിക്കൂർ യാത്രാ സമയം വേണം. അതിനിടക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തിരികെ വരണം. ആർക്കും വെള്ളം ഇറങ്ങാത്ത യാത്രയായിരുന്നു അത്. ഇസ്രായേല്‍ ബോർഡർ കടന്ന് കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ ഭക്ഷണം പോലും കഴിഞ്ഞതെന്നും നസീർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications