'മനുസ്മൃതിയുടെ കാന്തപുരം വേർഷനായിപ്പോയി, കുപ്പിയിൽ നിന്ന് വരുന്ന ഭൂതങ്ങളല്ല സ്ത്രീകൾ', തുറന്നടിച്ച് ജിന്റോ
ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കരുതെന്നും അന്യപുരുഷന്മാര്‍ക്കിടയിലോ പൊതുഇടങ്ങളിലോ കൊണ്ട് വരരുത് എന്നും മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും സമസ്ത കാന്തപുരം വിഭാഗം നല്‍കിയ നിര്‍ദേശം വിവാദമായിരിക്കുകയാണ്. നബിദിന പരിപാടികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന വീഡിയോകളും മറ്റും പുറത്ത് വന്നതിന് പിന്നാലെയാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവന.
വിവാദത്തിൽ പ്രതികരിച്ച് കൊണ്ടുളള കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. കാന്തപുരം ഈ മാതിരി കാലഹരണപ്പെട്ട വർത്തമാനം പറയാതെ സ്വസ്ഥമായി ദൈവനാമം ചൊല്ലിയിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നുവെന്ന് ജിന്റോ തുറന്നടിച്ചു.
ഡോ. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' അന്യപുരുഷന്മാരുടെ സമീപത്തോ പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരാതെ അവരെ അത്ഭുത വിളക്കിലെ ഭൂതത്തെ പോലെ ഒളിച്ചു വയ്ക്കണമെന്നാണോ? സൗകര്യമുള്ളപ്പോൾ പുറത്തെടുക്കാവുന്ന കുപ്പിയിൽ നിന്ന് വരുന്ന ഭൂതങ്ങളല്ല സ്ത്രീകളെന്ന് നിങ്ങളെന്നാണ് ഇനി മനസ്സിലാക്കുക? ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേർഷനായിപ്പോയി. ഗംഭീര (അ)നീതി വിചാരം!

ജീവിക്കുന്ന നാടിന്റെ, സാഹചര്യത്തിന്റെ, രാഷ്ട്രീയത്തിന്റെ, കാലത്തിന്റെ മാറ്റം മനസ്സിലാക്കാതെ എന്തുതരം വർത്തമാനമാണ് ഉസ്താദേ നിങ്ങളീ പൊതുയിടത്തിൽ വിളമ്പികൊണ്ടിരിക്കുന്നത്? സത്യത്തിൽ പൊതുയിടങ്ങളിൽ സ്ത്രീകളെ കാണുമ്പോൾ കുഴപ്പമുണ്ടെന്ന് തോന്നുന്ന പുരുഷന്മാരെയല്ലേ ഒളിച്ചുവച്ച് ചികിത്സിക്കേണ്ടത്? വൈകൃത മനോരോഗികളെ ഭയന്ന് സ്ത്രീകൾ ഇനി എത്രകാലം കൂടി അകത്തളങ്ങളിലും അറകളിലും ഒളിപ്പിക്കപ്പെടണം? പൊതുയിടങ്ങളിൽ പോലും സ്ത്രീകളെ കണ്ടാൽ അസ്കിത തോന്നുന്നവരെ സ്വകാര്യ സാഹചര്യങ്ങളിലും വീട്ടകങ്ങളിലും എത്രയധികം ഭയപ്പെടണം നമ്മുടെ സ്ത്രീകൾ!
നിങ്ങളുടെയൊക്കെ വണ്ടി നൂറ്റാണ്ട് പിന്നിൽ പഞ്ചറായി കിടക്കുകയാണെന്ന് കൃത്യമായി മനസ്സിലാക്കുന്ന ജെൻ- സി പിള്ളേർ തെരുവിലിറങ്ങി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മുട്ടുകുത്തിക്കുന്ന വാർത്തകൾ കൂടി കാണണം ഇടക്കൊക്കെ. അതുകൊണ്ട് ഈ മാതിരി കാലഹരണപ്പെട്ട വർത്തമാനം പറഞ്ഞുകൊണ്ട് വരാതെ കുറേക്കൂടി സ്വസ്ഥമായി ദൈവനാമം ചൊല്ലിയിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കുറച്ച് വെട്ടം വീണാലോ ചിന്തകളിലും വാർത്തമാനങ്ങളിലും.
കുടുംബത്തിലും കൂട്ടത്തിലുമുള്ള സ്ത്രീകളോട് പോലും തുല്യ പരിഗണനയുടെ നീതിബോധമില്ലാതെ വർത്തമാനം പറയുന്നവർക്ക് എങ്ങനെയാണ് ഈ രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടത്താൽ നിഷേധിക്കപ്പെടുന്ന നീതിക്ക് വേണ്ടി സംസാരിക്കാൻ സാധിക്കുക? ന്യൂനപക്ഷ അവകാശ സംരക്ഷണവും കാസ്റ്റ് പൊളിറ്റിക്‌സും സോഷ്യൽ ഇൻക്ലൂഷനും ഹരിത രാഷ്ട്രീയവും പോലെ തന്നെ അതിനോടൊപ്പം അഡ്ഡ്രസ് ചെയ്യപ്പെടേണ്ടതാണ് ജെൻഡർ ഇക്വാളിറ്റിയുടെ രാഷ്ട്രീയവും. അത് മനസ്സിലാകാത്തവർ എന്ത് വർത്തമാനം പറഞ്ഞാലും അതൊട്ടും കാലികമാകില്ല. പകരം, കാലഹരണപ്പെട്ട വൃത്തികേടായി മാത്രം കണ്ടു തള്ളിക്കളയുകയുള്ളൂ പുതുകാല ജനത.
പൊതുയിടങ്ങളിൽ കൊണ്ടുവരാതെ ചങ്ങലക്കിട്ട് അടുക്കളപ്പുറത്തെ തൂണിലും കോലായിലും പൂട്ടിയിടേണ്ടവരല്ല സ്ത്രീകൾ. വെയ്ക്കാനും വിളമ്പാനും അലക്കിയിടുപ്പിക്കാനും സന്താനനിർമ്മിതിക്കും മാത്രമുള്ളവരോ സ്റ്റോക്ക്ഹോം സിൻഡ്രോം ബാധിച്ച അടിമകളോ ആജ്ഞാനുസരണം പണിയെടുക്കുന്ന റോബോട്ടുകളോ അല്ല അമ്മയും പെങ്ങളും പങ്കാളിയും മകളുമടങ്ങുന്ന ഓരോ സ്ത്രീയുമെന്ന് ഏത് ദൈവമാണ് ഇനി ഭൂമിയിൽ വന്ന് നിങ്ങളെ പഠിപ്പിക്കേണ്ടത് 'ജ്ഞാന പണ്ഡിതരേ'?
ഇന്ത്യൻ ഭരണഘടന പ്രകാരം നിങ്ങളെപ്പോലെ തന്നെ തുല്യാവകാശവും തുല്യാധികാരവുമുള്ള മനുഷ്യരും പൗരരുമാണ് അവരെന്ന് ഇനി ഏത് വെളിപാടാണ് നിങ്ങൾക്കിനിയും കിട്ടേണ്ടത് 'ശ്രേഷ്ഠരേ'? മുറ്റത്തിനറ്റത്തെ മതിലുകൾ കടന്നാൽ വിശാലമായ ലോകമുണ്ടെന്ന് തിരിച്ചറിയുന്ന നെറിവിന്റെ കൂടെയേ പുതിയ കാലത്ത് മനുഷ്യരുണ്ടാകൂ എന്ന് മനസ്സിലാക്കുന്നതിന്റെ പേര് കൂടിയാണ് വകതിരിവ്'.



Click it and Unblock the Notifications