'ഇത് ബിഹാറിനും ആന്ധ്രക്കും വേണ്ടിയുള്ള ബജറ്റ്; ആലംബന എന്ന് പറയുമ്പോൾ കൊടുത്തില്ലേൽ സർക്കാർ വീഴും'
ഡൽഹി: കേരളത്തോടുള്ള അവഗണനയാണ് ബജറ്റിൽ തെളിയുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇന്ത്യ മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളെയെല്ലാം ബജറ്റിൽ അവഗണിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് കേന്ദ്രബജറ്റാണെന്ന് പറയാനാകില്ല. ബിഹാറിനും ആന്ധ്രക്കും വേണ്ടിയുള്ള ബജറ്റാണിത്. അധികാരത്തിൽ കടിച്ച് തൂങ്ങാൻ എന്ത് വിട്ടുവീഴ്ചയും സർക്കാർ ചെയ്യുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ബജറ്റ്. ഈ നില തുടർന്നാൽ മോദി സർക്കാരിന് അധികനാൾ തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
'നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം കേരളത്തെ നിരന്തരം അവഗണിച്ചുകൊണ്ടിരിക്കുകയാണ്. 10 വർഷക്കാലമായി എയിംസിന് വേണ്ടി കേരളം നിരന്തരമായി ആവശ്യം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ ബജറ്റിലും എയിംസ് എന്ന പ്രഖ്യാപനമില്ല. കേരളത്തെ സംബന്ധിച്ചെടുത്തോളം നമ്മുടെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. രണ്ടാം ഘട്ട വികസനത്തിനായി 5000 കോടിയാണ് സർക്കാർ ആവശ്യപ്പെട്ടത്. ഒരു രൂപ പോലും സർക്കാർ നീക്കി വെച്ചിട്ടില്ല.

പ്രളയം വളരെ രൂക്ഷമായ സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. കർണാടകത്തിൽ ഇപ്പോൾ മണ്ണിടിച്ചലിൽ എത്ര ജീവനുകളാണ് പൊലിഞ്ഞത്. ബജറ്റിൽ എന്തെങ്കിലുമൊരു വാക്ക് ഈ സംസ്ഥാനങ്ങളെ കുറിച്ച് സർക്കാർ പറഞ്ഞിട്ടുണ്ടോ?. ഇന്ത്യ മുന്നണികൾ നയിക്കുന്ന സർക്കാരുകൾ എവിടെയൊക്കെ ഉണ്ടോ അവരെയൊക്കെ ഈ ബജറ്റിലൂടെ അവഗണിച്ചിരിക്കുകയാണ്.
ഇന്ത്യ ഒരു കാർഷിക രാജ്യമാണ്. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെ കുറിച്ച് സർക്കാർ ഒന്നും ബജറ്റിൽ പറഞ്ഞിട്ടില്ല. അവർക്ക് ആറായിരം രൂപ മാത്രമാണ് സർക്കാർ നൽകുന്നത്. ഇത്തവണയും വർധിപ്പിച്ചിട്ടില്ല. ഈ തുക അവരുടെ ജീവിത പ്രാരാബ്ധങ്ങൾക്ക് വേണ്ടി ചെലവഴിക്കാൻ അല്ലാതെ കൃഷിക്ക് വേണ്ടി മാറ്റാൻ അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കർഷകർക്കായുള്ള ഉത്സവ ബത്തയെ കുറിച്ച് പറയുന്നില്ല. കൃഷി നാശത്തെ കുറിച്ച് സംസാരിക്കുന്നില്ല. വന്യമൃഗങ്ങൾ വന്ന് കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ യാതൊരു പരാമർശവും ഉണ്ടായിട്ടില്ല.തൊഴിലുറപ്പ് പദ്ധതിക്കും ബജറ്റിൽ പണം നീക്കിവെച്ചിട്ടില്ല.ചെറുകിട ഇടത്തരം വ്യാപരങ്ങളെ തകർക്കുന്ന നയമാണ് ഈ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താതെ ഇവിടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയില്ല. 2030 ഓടെ ജിഡിപി 5 ട്രില്യൺ ഡോളർ ആക്കുമെന്നാണ് മോദി സർക്കാർ പറഞ്ഞത്. ഇതുവരെ 3.7 ട്രില്യൺ ഡോളർ മാത്രമേ ആയിട്ടുള്ളു. അഞ്ച് വർഷം കൊണ്ട് 5 ട്രില്യണിലെത്തിക്കാൻ സാർക്കിനെ കൊണ്ട് സാധിക്കുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ബിഹാറിനും ആന്ധ്രയ്ക്കും ബജറ്റിൽ പ്രത്യേകം പരിഗണിച്ച കേന്ദ്ര നടപടിയേയും അദ്ദേഹം വിമർശിച്ചു. 'ആലംബന എന്ന് പറയുമ്പോൾ കൊടുത്തുകൊണ്ടിരിക്കണം. അവർക്ക് ചോദിച്ചത് കൊടുത്തില്ലെങ്കിൽ അവർ പിണങ്ങും. പിണങ്ങിയാൽ പിന്തുണ പിൻവലിക്കും, സർക്കാർ താഴെ വീഴും. അധികാരത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകും എന്ന സൂചനയാണ് പ്രധാനമന്ത്രി ബജറ്റിൽ നടത്തിയിരിക്കുന്നത്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications