പാടിയത് മാലിക്കിന് വേണ്ടിയാണെന്ന് അറിഞ്ഞില്ല; വൈറലായ ആ ഗാനം പാടിയ ഹിദ പറയുന്നു
മലപ്പുറം; 'അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്, എല്ലാവരും ഏറ്റെടുത്തെന്ന് അറിയുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു', മലപ്പുറം വണ്ടൂർ മമ്പാട്ട് മൂലയിലെ ഹിദ എന്ന നാലാം ക്ലാസുകാരിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, തന്റെ ആദ്യ സിനിമാ ഗാനം വൈറലായതിന്റെ കൗതുകവും സന്തോഷവും പങ്കുവെയ്ക്കുകയാണ് ഈ കൊച്ചുമിടുക്കി. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് എന്ന ചിത്രത്തിൽ ഹിദ പാടിയ അറബിക് ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തരംഗം തീർക്കുന്നത്.

സമൂഹമാധ്യമങ്ങൾ ഹിദയുടെ പാട്ട് ഏറ്റെടുത്തപ്പോഴും പക്ഷേ തന്റെ പാട്ടാണ് സിനിമയിൽ ഉൾപ്പെടുത്തിയതെന്ന് ഹിദ അറിഞ്ഞത് ഏറെ വൈകിയാണെന്നതാണ് കൗതുകം. ആറ് മാസം മുൻപാണ് ഗാനം സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്തത്. മൂത്ത സഹോദരിമാരായ റിഫയും നിദയും മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ താരങ്ങളാണ്. ഇവർക്കൊപ്പം പന്തല്ലൂപിലെ റെക്കോഡിംഗ് സ്റ്റുഡിയോയിലേക്ക് പോയതായിരുന്നു ഹിദ.

സിനിമ ഗാനം റെക്കോഡ് ചെയ്യാൻ തന്നെയായിരുന്നു പോയിരുന്നത്. നാല് വരി അറബി ഗാനം പാടണമെന്ന് പറഞ്ഞു. എന്നാൽ ഏത് സിനിമയ്ക്ക് വേണ്ടിയാണെന്നൊന്നും പറഞ്ഞിരുന്നില്ല. അന്ന് പാടി വന്നെങ്കിലും അപ്പോഴേ അതൊക്കെ മറന്നു. കഴിഞ്ഞ ദിവസം മാലിക് സിനിമ റിലീസായപ്പോൾ സഹോദരി റിഫയുടെ സുഹൃത്തുക്കളിൽ ഒരാൾ ഈ പാട്ട് സ്റ്റാറ്റസ് ആക്കിതോടെയാണ് ഹിദയും കുടുംബവും പാട്ട് കേൾക്കുന്നത്. അപ്പോഴേക്കും പലരും വിളിച്ചു തുടങ്ങി. കുടുംബക്കാരും അധ്യാപകരും എല്ലാം വിളിച്ചിരുന്നു. എല്ലാവരും അഭിനന്ദിച്ചു, ഹിദ പറയുന്നു.

ഹിദയുടെ ചേച്ചിമാരെ പോലെ തന്നെ വളരെ ചെറുപ്പം മുതലേ ഹിദയും പാട്ടുകൾ പാടി തുടങ്ങിയിരുന്നുവെന്ന് മാതാപിതാക്കളായ സക്കീറും റുക്സാനയും പറയുന്നു. അവളുടെ സഹോദരിമാർ പാട്ട് പാടുന്നത് കേട്ടാണ് അവളും പഠിച്ചത്. പ്രത്യേക സംഗീത ക്ലാസുകളിലൊന്നും പോയിരുന്നില്ല. മാലിക്കിലെ ഗാനം ഹിറ്റായതോടെ തന്റെ സുഹൃത്തുക്കളിൽ പലരും എന്തുകൊണ്ടാണ് മകൾക്ക് അവസരം കിട്ടിയിട്ട് പറയാതിരുന്നതെന്ന് ചോദിച്ചു. ഞങ്ങളും അറിയാൻ വൈകിയിരുന്നു, മകൾക്ക് കിട്ടിയ ഈ അവസരത്തിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്, ഹിദയുടെ പിതാവ് സക്കീർ പറഞ്ഞു.

അതേസമയം ഹിദയുടെ ആദ്യ സിനിമാ ഗാനമല്ല ഇത്. നേരത്തേ ജയസൂര്യയേയും നമിത പ്രമോദിനേയും പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്ത ഗാന്ധി സ്ക്വയർ എന്ന സിനിമയിലും ഹിദ പാടിയിട്ടുണ്ട്. സിനിമ ഈ ഓണത്തിനാണ് റിലീസ് ചെയ്യുക. എന്തായാലും മാലിക്കിലൂടെ കിട്ടിയ അവസരം വലിയ അനുഗ്രഹമായെന്നും മൂന്ന് മക്കൾക്കും തുടർന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും സക്കീറും റുക്സാനും പറഞ്ഞു.












Click it and Unblock the Notifications