സ്വർണത്തിൽ നിന്ന് ലാഭമെടുക്കാൻ മലയാളികളുടെ പുതിയ തന്ത്രം ഇതാണ്, വെളിപ്പെടുത്തി സാമ്പത്തിക വിദഗ്ധ
സ്വർണത്തിന്റെ ഭാവി പ്രവചനാതീതമായി തുടരുകയാണ്. വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുക തന്നെയാണ്. ഏതാനും മാസങ്ങൾക്ക് കൊണ്ട് ഇരട്ടിയിൽ അധികമാണ് സ്വർണവില ഉയർന്നിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ് ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ സ്വർണത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ മലയാളികൾ പുതിയതായി സ്വീകരിച്ച തന്ത്രവും മേരി ജോർജ് സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണത്തിൽ വിശദീകരിക്കുന്നു.
മേരി ജോർജിന്റെ വാക്കുകൾ: '' സ്വര്‍ണത്തിന്റെ ഭാവി എന്താണെന്ന് പറയാന്‍ പറ്റില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുന്‍പ് ഏകദേശം 60000ത്തിനടുത്ത് നിന്നതാണ് സ്വര്‍ണവില. അതിന് ശേഷം വില ഇരട്ടിയിലധികം വര്‍ധിച്ചു. 130000ത്തിലേക്ക് വരെ വില എത്തി. ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായാണ് വില വര്‍ധിച്ചത്. കൂടുന്നതിന്റെ സ്പീഡാണ് കണ്ടത്. 6 മാസക്കാലം കൊണ്ട് ഇത്രയധികം ഏറ്റക്കുറച്ചിലുകള്‍ വിലയിലുണ്ടായി.

യുദ്ധം തീര്‍ന്നു തീര്‍ന്നില്ല എന്ന സ്ഥിതിയാണ് പലപ്പോഴും. യുദ്ധം തീര്‍ന്നുവെന്ന് രണ്ട് കൂട്ടരും അവകാശപ്പെടുന്നു. അടുത്ത നിമിഷം തന്നെ അത് നിഷേധിക്കുകയും ചെയ്യുന്നു. യുദ്ധം തുടരുന്നു. അതാണ് ഇതുവരെ കണ്ട രീതി. ഈ അനിശ്ചിതാവസ്ഥ കാരണം സ്വര്‍ണത്തിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നു.
ഓഹരികള്‍ പോലെ തന്നെ സ്വര്‍ണം വിശ്വാസത്തോടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാന്‍ പറ്റുന്ന ഒരു ഉത്പന്നമാണെന്ന് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ മനസ്സിലാക്കിയിരിക്കുന്നു. സ്വര്‍ണത്തിന്റെ വില താഴുമ്പോള്‍ പെട്ടെന്ന് പോയി സ്വര്‍ണം വാങ്ങുന്നു. വില ഉയരുന്ന സമയത്ത് അത് കൊണ്ട് പോയി വില്‍ക്കുന്നു. ഇങ്ങനെ 50 ടണ്‍ സ്വര്‍ണമാണ് കേരളത്തില്‍ തന്നെ വിറ്റഴിക്കപ്പെട്ടത്.
മലയാളികള്‍ 50 ടണ്ണോ അതിലേറെയോ സ്വര്‍ണം വാങ്ങുകയും പഴയ സ്വര്‍ണം വിറ്റഴിക്കുകയും ചെയ്യുന്നു. നഷ്ടമില്ലാത്തത് കൊണ്ട് പഴയ സ്വര്‍ണം വിറ്റൊഴിവാക്കുന്നു. സാധാരണ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ പുതിയ വില ലഭിക്കില്ല. എന്നാല്‍ ഇപ്പോള്‍ പഴയ സ്വര്‍ണം പുതിയ വിലയ്ക്ക് എന്നൊക്കെ പരസ്യങ്ങള്‍ വരുന്നു. അത് വളരെ നല്ലൊരു തന്ത്രമാണ്. പഴയ സ്വര്‍ണം വിറ്റ് ആളുകള്‍ പുതിയ സ്വര്‍ണം വാങ്ങുന്നുമുണ്ട്.
ഓഹരി വിപണിയിലേതിന് സമാനമായി വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങുകയും കൂടുമ്പോള്‍ അത് വില്‍ക്കുകയും ചെയ്യുന്ന തന്ത്രം മലയാളികള്‍ പ്രയോഗിക്കുന്നു. ഇത്തരത്തില്‍ ലാഭമെടുക്കുന്നത് ഒരു പുതിയ സ്വഭാവമാണ്. അത് കൊണ്ട് തന്നെയാണ് മൂന്ന് മാസത്തില്‍ 50 ടണ്‍ സ്വര്‍ണം വിറ്റ് പോയത്. ഇന്ത്യയിലേക്ക് ആകെ വാങ്ങുന്നത് 800- 1000 ടണ്ണിന് ഇടയിലാണ് ഇന്ത്യയില്‍ ആകെ സ്വര്‍ണം വരുന്നത്. അതിന്റെ 20 ശതമാനം വാങ്ങുന്നത് കേരളത്തിലാണ്. വില്‍പന കൂടുമ്പോള്‍ സ്വര്‍ണത്തിന്റെ വില ഇടിയും''.














Click it and Unblock the Notifications