ഊരാളുങ്കലിന് എതിരായ യുഡിഎഫ് ഹാലിളക്കത്തിന് കാരണം ഇത്: തോമസ് ഐസക്
കേരളത്തിലെ മരാമത്ത് മേഖലയിൽ പണ്ട് നടമാടിക്കൊണ്ടിരുന്ന അരാജകത്വവും അഴിമതിയും തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹാലിളക്കമെന്ന് തോമസ് ഐസക്. കിഫ്ബി പദ്ധതികളിൽ പ്രതിപക്ഷത്തിനു പോലും ഇന്നേവരെ ഒരു അഴിമതി ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ല. പുതിയൊരു നിലവാര പ്രമാണം കിഫ്ബിയും ഊരാളുങ്കലുമെല്ലാം ചേർന്ന് കേരളത്തിലെ പൊതു മരാമത്ത് മേഖലയിൽ സൃഷ്ടിച്ചു. കേരളത്തിലെ പല പ്രമുഖ കോൺട്രാക്ടർമാർക്കും ഇതിനോട് വിരോധവുമില്ല. എന്നാൽ അതിനോടു പൊരുത്തപ്പെടാൻ കഴിയാത്ത ഒരു സംഘമുണ്ട്. അവരാണ് ഊരാളുങ്കലിനെതിരെ അപഖ്യാതിയുമായി ഇറങ്ങിയിട്ടുള്ളത്. ലീഗുമായി ബന്ധപ്പെട്ട കോൺട്രാക്ടർ പ്രമാണിമാരുടെ ഒരു വിഭാഗമാണ് ഇത് ഏകോപിപ്പിക്കുന്നതെന്ന ആക്ഷേപമുണ്ട്. ചില മാദ്ധ്യമങ്ങളും ഇവർക്കൊപ്പമുണ്ട്. ഇപ്പോൾ അവരോടൊപ്പം കോൺഗ്രസ് നേതാക്കളും ചേർന്നിരിക്കുകയാണെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

'സത്യം പറഞ്ഞാൽ, ഇങ്ങനെ അസ്വസ്ഥത ഉണ്ടാകേണ്ട കാര്യമില്ല. കാരണം, കഴിഞ്ഞ ദശാബ്ദമെടുത്താൽ ഏതാണ്ട് 1.5 ലക്ഷം കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കാണ് കേരളത്തിൽ ടെണ്ടർ വിളിച്ചിട്ടുള്ളത്. ഇത്രയും പണി ഏറ്റെടുക്കാൻ വേണ്ടത്ര കോൺട്രാക്ടർമാർ കേരളത്തിൽ ഇല്ലായെന്നതാണ് സർക്കാർ നേരിട്ട പ്രശ്നങ്ങളിലൊന്ന്. പല വൻകിട പ്രൊജക്ടുകളും പുറത്തുള്ള കോർപ്പറേറ്റ് കമ്പനികളാണ് ടെണ്ടർ പിടിക്കുക. എന്നിട്ട് അവർ സബ്ബ് കൊടുക്കും. ഊരാളുങ്കലിന് ഈ ഏർപ്പാടില്ല. നേരിട്ടാണ് പദ്ധതി നിർവ്വഹണം. ഇവിടെ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. കോൺട്രാക്ട് കിട്ടിയാൽ പോരാ. പഴയതുപോലെ കൈയിട്ടുവാരാൻ അവസരമുണ്ടാകണം.
സിപിഐ(എം) മായി ചേർത്താണ് ഊരാളുങ്കളിനെ ആക്ഷേപിക്കുന്നത്. ഈ സഹകരണ സംഘത്തിന്റെ ഒരു പ്രത്യേകത പലരും ഓർക്കാറില്ല. തൊഴിലാളികൾക്കേ അംഗത്വമുള്ളൂ. അംഗങ്ങൾക്കേ ഡയറക്ടർ ബോർഡിൽ സ്ഥാനമുള്ളൂ. മറ്റു പല സഹകരണ സംഘങ്ങളിലെന്നപോലെ പുറത്തു നിന്നുള്ള രാഷ്ട്രീയ നേതാക്കൾക്ക് സ്ഥാനമില്ല.
ഊരാളുങ്കലിന്റെ വളർച്ച ഒരു വിസ്മയമാണ്. വിമർശകർ ഇപ്പോൾ പല പതിപ്പുകൾ ഇറങ്ങിയിട്ടുള്ള എന്റെ "Building Alternatives: The Story of India's Oldest Construction Workers' Cooperative" എന്ന പുസ്തകം വായിച്ചു നോക്കുന്നത് നന്നായിരിക്കും. കാലാനുസൃതമായി മാനേജ്മെന്റിലും സാങ്കേതികവിദ്യയിലും ധനകാര്യത്തിലും സമൂലമായ നവീകരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഈ സഹകരണ സംഘം ഇന്നത്തെ നിലയിലേക്ക് വികസിച്ചത്. ഇതിന് കോഴിക്കോട്, ഐഐഎംകെ-യിലെ പ്രൊഫ. സജി ഗോപിനാഥിനെ പോലുള്ള വിദഗ്ദരുടെ മാർഗ്ഗനിർദ്ദേശങ്ങളും ഡയറക്ടർ ബോർഡ് സ്വീകരിക്കാൻ തയ്യാറായി.
ഇന്ത്യയിലെ കോ-ഓപ്പറേറ്റീവ് കൺസ്ട്രക്ഷൻ കമ്പനികളോട് മത്സരിച്ച് ദേശീയപാത ടെണ്ടറിൽപ്പോലും പങ്കെടുത്ത് വിജയിപ്പിക്കാനുള്ള മികവ് ഊരാളുങ്കൽ തെളിയിച്ചിട്ടുണ്ട്. ഊരാളുങ്കലിന് ടെണ്ടർ ഇല്ലാതെ കരാർ കൊടുക്കാനുള്ള അക്രെഡിറ്റഡ് പദവി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണ് (G.O.(P) No.339/2015/Fin.). എൽഡിഎഫ് സർക്കാർ ഈ ഉത്തരവുകളിലെ അടങ്കലിനെ വർദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
ഊരാളുങ്കൽ പോലെ ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ നിർമ്മാണത്തിനുള്ള അക്രെഡിറ്റഡ് ഏജൻസികളായി ഒരു ഡസനിലേറെ അർദ്ധസർക്കാർ അല്ലെങ്കിൽ സഹകരണ സ്ഥാപനങ്ങളുണ്ട്. ഇതിനു നിയതമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമുണ്ട്.
ഇനി അക്രെഡിറ്റേഷൻ കിട്ടുന്നവർക്ക് അതത് സമയത്ത് ബാധകമായ ഷെഡ്യൂൾ ഓഫ് റേറ്റ് അനുസരിച്ച് മാത്രമേ എസ്റ്റിമേറ്റ് തയ്യാറാക്കാനാകൂ. ഇത് പരിശോധിച്ചാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകുക. ഇതിൽ കിഫ്ബി ടെണ്ടർ ഇല്ലാതെ ഒരു പ്രവൃത്തികളും ആരെയും നേരിട്ട് ഏൽപ്പിക്കുകയില്ല. ടെണ്ടർ വിളിക്കുന്നതിനും പ്രവൃത്തി പരിശോധിക്കുന്നതിനുമെല്ലാം അക്രെഡിറ്റഡ് ഏജൻസികൾ കിഫ്ബിക്കുണ്ട്. ദേശീയപാത പോലെ തന്നെ ടെണ്ടറിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രൊജക്ടുകൾ ഊരാളുങ്കൽ ഏറ്റെടുക്കുന്നത്.
എന്നാൽ സർക്കാരിൽ നിന്ന് ടെണ്ടർ വഴിയും അല്ലാതെയും പ്രവൃത്തികൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഊരാളുങ്കലിന്റെ കൈയിൽ ഏതാണ്ട് 8000-9000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ഉണ്ടാകും. അതിന്റെ 65-70 ശതമാനവും ടെണ്ടറിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികളാണ്. ഊരാളുങ്കലിനാണെങ്കിൽ ചെറുകിട പ്രൊജക്ടുകൾ ഏറ്റെടുക്കുന്നതിൽ താല്പര്യവുമില്ല. എങ്കിലും പ്രവൃത്തികൾ അവരെ ഏൽപ്പിക്കാൻ സമ്മർദ്ദമാണ്. അത് എനിക്ക് നേരിട്ട് അനുഭവമുള്ളതാണ്. ഭരണകക്ഷി-പ്രതിപക്ഷ ഭേദമില്ലാതെ തങ്ങളുടെ മണ്ഡലത്തിലെ പ്രൊജക്ടുകൾ ഊരാളുങ്കലിനെക്കൊണ്ട് ഏറ്റെടുക്കുന്നതിന് നിർബന്ധിക്കാൻ എന്നെ സമീപിക്കാറുണ്ടായിരുന്നു. കിഫ്ബിക്കു പുറത്ത് സർക്കാരിൽ നിന്ന് ഏതാണ്ട് 1000-ത്തോളം കോടി രൂപ സൊസൈറ്റിക്ക് ഇപ്പോൾ കുടിശികയായും കിട്ടാനുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ശരിപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തിയിട്ടുള്ള യുഡിഎഫ് നേതാക്കളുടെ ശ്രദ്ധയ്ക്ക്- ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുള്ള അന്തർദേശീയ അംഗീകാരങ്ങളുടെ ചെറിയൊരു ലിസ്റ്റ് ചുവടെ കൊടുക്കുന്നു:
♦️ആഗോള സഹകരണ-സംസ്കാര-പൈതൃക സ്ഥാനം (2025). ഇന്ത്യയിൽ അമുലിന്റെ മ്യൂസിയത്തിനു മാത്രമാണ് ഈ അംഗീകാരമുള്ളത്. (ICA)
♦️ഏഷ്യാ-പെസഫിക് കോ-ഓപ്പറേറ്റീവ് എക്സലൻസ് അവാർഡ് (2023-24). (ICA)
♦️ലോകത്തെ രണ്ടാമത്തെ ഏറ്റവും മികച്ച സഹകരണ സംഘം (വ്യവസായ / യൂട്ടിലിറ്റീസ് മേഖല). (World Co-operative Monitor)
♦️മാതൃകാ സഹകരണ സംഘം (UNDP)
♦️ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ (ICA) സ്ഥിര അംഗത്വം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ ഏക സഹകരണ സംഘം.
ഇത്തരമൊരു സഹകരണ സ്ഥാപനത്തെയാണ് അഴിമതിയുടെ പ്രഭവകേന്ദ്രമെന്നും ഞങ്ങൾ അധികാരത്തിൽ വന്നാൽ ശരിപ്പെടുത്തുമെന്നുമെല്ലാം കെ.സി. വേണുഗോപാലിനെപ്പോലുള്ള ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു നടക്കുന്നത്. വികസന കാര്യങ്ങളിൽ യുഡിഎഫ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സമ്പൂർണ്ണ നിഷേധാത്മക സമീപനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഊരാളുങ്കൽ സഹകരണ സംഘത്തോടുള്ള സമീപനം', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications