തൃക്കാക്കരയിൽ പരാജയപ്പെട്ടതിന് പിന്നിൽ..ഒടുവിൽ കാരണം കണ്ടെത്തി സിപിഎം
എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കാടടച്ച് പ്രചരണം നടത്തിയിട്ട് പോലും കനത്ത പരാജയമായിരുന്നു സി പി എം ഏറ്റുവാങ്ങിയത്. 25016 എന്ന തൃക്കാക്കരയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ജയം. തന്ത്രങ്ങൾ പതിനെട്ട് പയറ്റിയിട്ടും പരാജയപ്പെട്ടതോടെ തോൽവിയുടെ കാരണം പഠിക്കാൻ സി പി എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇപ്പോഴിതാ പരാജയ കാരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ് കമ്മീഷൻ. വിശദമായി വായിക്കം.

പി ടി തോമസ് എം എൽ എയുടെ നിര്യാണത്തെ തുടർന്നായിരുന്നു തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രണ്ടാം പിണറായി വിജയൻ സർക്കാർ നേരിട്ട ആദ്യ ഉപതിരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നെ സി പി എമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു ഇത്. യു ഡി എഫിനെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സി പി എം തന്ത്രങ്ങൾ മെനഞ്ഞത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുപതോളം മന്ത്രിമാരും അറുപതിലേറെ എം എല്‍എ മാരും മണ്ഡലത്തില്‍ തമ്പടിച്ച് കൊണ്ടായിരുന്നു സി പി എം പ്രചരണം നയിച്ചത്. ശക്തമായ പ്രചരണം യു ഡി എഫ് കോട്ടയിൽ അട്ടിമറി ഉണ്ടാക്കുമെന്നായിരുന്നു പാർട്ടി പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിയായിരുന്നു സി പി എം സ്ഥാനാർത്ഥി ജോ ജോസഫിന്റെ പരാജയം. 72770 ത്തിലേറെ വോട്ടുകൾ നേടി യു ഡി എഫിന്റെ ഉമ തോമസ് ജയിച്ചപ്പോൾ ജോ ജോസഫ് 47754 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യു ഡി എഫ് ക്യാമ്പിനെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ഉമാ തോമസിന്റെ അട്ടിമറി ജയം. അപ്രതീക്ഷിത പരാജയം എന്നായിരുന്നു തോൽവിയിൽ അന്ന് സി പി എം പ്രതികരിച്ചത്.

അതേസമയം തൃക്കാക്കരയിൽ പാടെ പിഴച്ചതിന് കാരണം നേതാക്കളുടെ വീഴ്ചയാണെന്നാണ് ഇപ്പോൾ അന്വഷണ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് ചുവരെഴുതി മായ്‌ക്കേണ്ടി വന്നത് തിരിച്ചടിയായി എന്നും റിപ്പോർട്ടിൽ പറയുന്നു. സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാണ് എന്ന തരത്തിലായിരുന്നു ചുവരെഴുത്തുകള്‍. എന്നാൽ പിന്നീട് ഇത് മായിക്കുകയായിരുന്നു. തുടർന്ന് സസ്പെൻസുകൾക്കൊടുവിലാണ് സി പി എം ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉണ്ടായ ട്വിസ്റ്റ് പല വിധ ചർച്ചകൾക്കു വഴിവെച്ചു. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചുള്ള സ്ഥാനാർത്ഥി നിർണ്ണയമായി ഇത് വിലയിരുത്തുപ്പെടുകയും സഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം പാർട്ടിയിൽ എന്തെങ്കിലും വിഭാഗീയ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ആദ്യ ഘട്ടത്തിലുണ്ടായ ഈ അനിശ്ചിതത്വം തോല്‍വിക്ക് കാരണമായോ എന്നും ഇനി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് വിലയിരുത്തും. ജില്ലയിൽ നിന്നുളള സംസ്ഥാന നേതാക്കൾക്കടക്കം വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.മുതിർന്ന നേതാക്കളായ എ കെ ബാലനും ടി പി രാമകൃഷ്ണനും ഉൾപ്പെട്ട സമിതിയാണ് തോൽവി പരിശോധിച്ചത്. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് സി പി എം എറണാകുളം ജില്ലാ കമ്മിറ്റിയും ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും പരിഗണിക്കും.












Click it and Unblock the Notifications