'ഗീവര്‍ഗീസ് സഹദായെ പോലെ മറ്റൊരു പുണ്യാളന്‍, കേരളത്തിന്റെ മുഖ്യമന്ത്രി', മമ്മൂട്ടി അന്ന് പറഞ്ഞത്, വീഡിയോ
തിരുവനന്തപുരം: സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഒരിടവേളയ്ക്ക് ശേഷം സോളാര്‍ കേസ് കേരള രാഷ്ട്രീയത്തില്‍ ചൂടുളള ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
സോളാര്‍ വീണ്ടും കത്തുന്നതിനിടെ നടന്‍ മമ്മൂട്ടി ഉമ്മന്‍ചാണ്ടിയെ കുറിച്ച് സംസാരിക്കുന്ന പഴയ വീഡിയോ ശ്രദ്ധ നേടുന്നു. മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ് ആണ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിലെ മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: ''ഗീവര്‍ഗീസ് സഹദായെ പോലെ തന്നെ മറ്റൊരു പുണ്യാളന്‍ ഇപ്പോള്‍ നിങ്ങള്‍ക്കുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി. പലപ്പോഴും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കും രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്കും അപ്പുറത്ത് ഞങ്ങള്‍ തമ്മിലൊരു സൗഹൃദമുണ്ട്. ഈ വരവിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ ക്ഷണം തന്നെയാണ്.
അദ്ദേഹം പറഞ്ഞത് പോലെ തന്നെ സിനിമയില്‍ നിന്ന് നേടിയെടുത്ത എല്ലാ പേരും പ്രശസ്തിയും സ്‌നേഹവും ബഹുമാനവും എല്ലാം ഉപയോഗിക്കുന്നത് എന്നെപ്പോലെയും നിങ്ങളെ പോലെയും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുളള, അവര്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെട്ടുപോയത് തിരിച്ച് കിട്ടാന്‍ വേണ്ടിയുളള ശ്രമങ്ങള്‍ക്കാണ്. അതിന് എനിക്ക് ഒരുപാട് പ്രോത്സാഹവും സഹായവും ചെയ്യുന്ന ആളുകളുണ്ട്''.
വീഡിയോയ്ക്ക് ഒപ്പം റോബർട്ട് കുര്യാക്കോസ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ''ഒരു പതിറ്റാണ്ട് മുൻപ് ഏതാനും ചില ദുഷ്ട ശക്തികൾ സോളാർ എന്ന കള്ളകഥ ഉണ്ടാക്കി ആ മനുഷ്യനെ കള്ളൻ എന്നും കൊള്ളരുതാത്തവൻ എന്നും വിളിച്ചപ്പോൾ പുതുപ്പള്ളിയിൽ കൂടി നിന്ന ജനങ്ങളോട് മമ്മൂട്ടി എന്ന മനുഷ്യൻ വിളിച്ചുപറഞ്ഞു, " പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദാ കഴിഞ്ഞാൽ മറ്റൊരു പുണ്യാളൻ ഉണ്ട്.. ഉമ്മൻചാണ്ടി എന്നാണ് പേര് "..
ഉമ്മൻചാണ്ടി എന്ന മനുഷ്യനെ മമ്മൂട്ടി എന്ന മനുഷ്യൻ ആദ്യമായി പുണ്യാളൻ എന്ന് വിളിക്കുമ്പോൾ ആ ഉമ്മൻചാണ്ടി ആരോപണങ്ങളുടെ പടുകുഴിയിൽ ആയിരുന്നു.
ഇന്ന് ഉമ്മൻചാണ്ടിസാർ ഓർമ്മയായി കഴിഞ്ഞപ്പോൾ ശത്രുകൾ പോലും പറയുന്നു, "അദ്ദേഹമൊരു പുണ്യാളൻ തന്നെ ആയിരുന്നു". അല്ലങ്കിലും ആളെ തിരിച്ചറിയാൻ മമ്മൂക്ക കഴിഞ്ഞിട്ടേ ആളുള്ളൂ''.












Click it and Unblock the Notifications