ഇത്തവണയും നോൺ വെജ് ഇല്ല, കലോത്സവത്തിന് ഭക്ഷണം വെജ് തന്നെ; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെയായിരിക്കും വിളമ്പുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് യാതൊരു സംശയത്തിൻറേയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ തവണ ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ അടുത്ത തവണ നോൺ വെജ് വിഭവങ്ങൾ വിളമ്പുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.'പണ്ടു മുതൽ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയൻ. നോൺ വെജ് വിളമ്പുമ്പോൾ പല സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്.അതുകൊണ്ട് തന്നെ കാര്യങ്ങൾ പരിശോധിച്ച് വെജ്,നോൺ വെജ് വിഭവങ്ങൾ വിളമ്പുന്നത് ആലോചിക്കാം എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നുമായിരുന്നു പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. കായിക മേളയ്ക്ക് നോൺ വെജ് വിളമ്പാറുണ്ടെന്നും എന്നാൽ കലോത്സ സമയത്ത് നോൺ വെജ് വിളമ്പുക പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന കലോത്സവം പരാതിരഹിതമായി നടത്തും : മന്ത്രി ശിവന്‍കുട്ടി
സംസ്ഥാന സ്‌കൂള്‍കലോത്സവം പരാതിരഹിതമായി നടത്തുന്നതിന് വേണ്ടനടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘാടക സമിതി അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്തത്തോടെയും ഒത്തൊരുമയോടെയും കലോത്സവത്തെ വിജയിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. വിവിധ കമ്മിറ്റികളുടെ ഏകോപനത്തോടെ കലോത്സവം വിജയകരമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി നാല് മുതല്‍ എട്ട് വരെയാണ് കലോത്സവം. ആശ്രാമം മൈതാനമാണ് പ്രധാന വേദി. നഗരപരിധിയിലെ 24 വേദികളില്‍ മത്സരങ്ങള്‍ നടക്കും. പ്രോഗ്രാം, ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ് - പന്തല്‍, ഭക്ഷണം, പ്രചരണം തുടങ്ങി 20 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.
ഭാരവാഹികള്‍ :- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ (ചെയര്‍മാന്‍ ), എം മുകേഷ് (വര്‍ക്കിംഗ് ചെയര്‍മാന്‍), ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു (വൈസ് ചെയര്‍മാന്‍), പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് ( ജനറല്‍ കണ്‍വീനര്‍), പൊതുവിദ്യാഭ്യാസ വകുപ്പ് പി ആര്‍ ഒ എ ഷീലാ കുമാരി ( ട്രഷറര്‍ ).












Click it and Unblock the Notifications