ഈ സമയവും കടന്നുപോകും- ഒന്നും അവസാനിച്ചിട്ടില്ലെന്ന് പിണറായി; കൂടുതൽ കരുത്തോടെ തിരികെ വരും
ഒടുവിൽ അണികൾക്ക് ആവേശമായി ക്യാപ്റ്റന്റെ വാക്കുകൾ- 'ജനവിധി അംഗീകരിക്കുന്നു. ഈ പരാജയം സിപിഎമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങൾ ഞങ്ങൾ തരണം ചെയ്തതാണ്. കൂടുതൽ ജനപിന്തുണയോടെ തിരികെ വരും’ -പിണറായി വിജയന്റെ വാക്കുകളിൽ സിപിഎം പ്രവർത്തകർ ആത്മവിശ്വാസം കണ്ടു. കണ്ണൂർ നിടിയേങ്ങയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു, സിപിഎം ജില്ലാ കമ്മിറ്റികളിൽ വിമർശനമേറ്റു വാങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ പിണറായി നയം വ്യക്തമാക്കിയത്.
ഭരണമാറ്റത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇനിയങ്ങോട്ട് പാർട്ടിക്ക് വലിയ ഉത്തരവാദിത്തമാണ് വരാൻ പോകുന്നതെന്നും ജനങ്ങൾ പാർട്ടിയുടെ മേൽ അർപ്പിച്ചിട്ടുള്ള വിശ്വാസ്യതയാണ് തങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും പിണറായി ഓർമ്മിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരളത്തെ വലിയ രീതിയിൽ മുന്നോട്ട് നയിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പരമ്പരാഗത മേഖലകളെ തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാനും ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂതപൂർവ്വമായ വളർച്ച കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. മാലിന്യ പ്രശ്‌നം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി.

എല്ലാ പ്രതിസന്ധികളിലും 'സർക്കാർ തങ്ങളോടൊപ്പമുണ്ട്' എന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി ജനക്ഷേമ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. എന്തൊക്കെയാണോ ഞങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ, അതിൽ ഞങ്ങൾക്കൊരു ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാടിനെ പുരോഗതിയിലേക്ക് നയിക്കുക. ഇതെല്ലാം ചെയ്തെങ്കിലും ഒരു ഭരണമാറ്റം വേണമെന്നാണ് ഇത്തവണ ജനങ്ങൾ ആഗ്രഹിച്ചത്. ആ ജനവിധിയെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നു. വികസനത്തിന്റെ തുടർച്ച തങ്ങൾക്ക് മാത്രമേ സാധ്യമാകൂ എന്ന കടുത്ത നിർബന്ധമൊന്നും പാർട്ടിക്കില്ല. ജനവിധി പ്രകാരം ഇനി ഭരണപരമായ തുടർച്ചയും വികസന പ്രവർത്തനങ്ങളും നടത്തേണ്ടത് പുതിയ യുഡിഎഫ് സർക്കാരാണ്. നാടിന്റെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന ഏത് പദ്ധതിയും നടപ്പിലാക്കാൻ പുതിയ സർക്കാർ തയ്യാറായാൽ അതിനെല്ലാം ക്രിയാത്മകമായ പിന്തുണ നൽകുക എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
എന്നാൽ, ഏതെങ്കിലും തരത്തിൽ നാടിന്റെ താല്പര്യങ്ങൾക്കോ ജനക്ഷേമത്തിനോ വിരുദ്ധമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അതിനെ അതിശക്തമായിത്തന്നെ പ്രതിരോധിക്കുമെന്നും പിണറായി വ്യക്തമാക്കി. ഒരു ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തങ്ങൾ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രവർത്തിക്കുക. ഇടതുപക്ഷ പ്രസ്ഥാനം ഇതിനകം അനേകം കഠിനമായ രാഷ്ട്രീയ ഘട്ടങ്ങളെ തരണം ചെയ്താണ് ഇന്നത്തെ നിലയിലെത്തിയത്. അതുകൊണ്ട് തന്നെ ഈ പരാജയത്തെ തകർച്ചയായി കാണേണ്ടതില്ല. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ജനപിന്തുണയും ആർജ്ജവവും വീണ്ടെടുത്ത് സിപിഎമ്മും എൽഡിഎഫും കളം തിരിച്ചുപിടിക്കും. അതിനായി എല്ലാ തലങ്ങളിലുമുള്ള പാർട്ടി പ്രവർത്തകർ അച്ചടക്കത്തോടെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.
അതേസമയം, പാർട്ടി ജില്ലാ കമ്മിറ്റികളിൽ വിമർശനമേറ്റ് വാങ്ങുന്ന സാഹചര്യത്തിൽ പരാജയത്തിന് പിന്നാലെ പോരായ്മകൾ തിരുത്തി ശക്തമായി തിരിച്ചുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ചരിത്രത്തിലെ മുൻകാല തിരിച്ചടികൾ ചൂണ്ടിക്കാട്ടിയായാണ് പാർട്ടി മുഖപത്രമായ 'ദേശാഭിമാനി’യിലെ ലേഖനത്തിലൂടെ എം.വി. ഗോവിന്ദൻ വിമർശനങ്ങളെ പ്രതിരോധിച്ചത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വെറും 17 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നും 2001ൽ എൽഡിഎഫ് 40 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോയ സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എന്നാൽ, അതിനെ അതിജീവിച്ച് 99 സീറ്റുകൾ നേടി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയ ചരിത്രമുണ്ട്. നിലവിലെ പ്രതിസന്ധിയും പാർട്ടി മറികടക്കും. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റുകയും ജനക്ഷേമ-പൊതുവികസന പദ്ധതികൾ വലിയ രീതിയിൽ നടപ്പാക്കുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചത് എന്നതിനെക്കുറിച്ച് പാർട്ടി പരിശോധന നടത്തുകയാണ്. എൽഡിഎഫ് തുടർഭരണത്തിലൂടെ കേരളത്തിൽ വികസനമുണ്ടായെന്നും ആഗോളവത്കരണ നയങ്ങൾ കാരണം പിന്നാക്കം പോയ 30 ശതമാനം വരുന്ന ജനവിഭാഗത്തെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നും എം.വി. ഗോവിന്ദൻ അവകാശപ്പെടുന്നു.
അതിനിടെ, തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചർച്ചകളിൽ പാർട്ടി ജില്ലാ കമ്മിറ്റികൾ പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിൽ പ്രതികരിച്ച് സിപിഎം നേതാവ് എം. സ്വരാജ് രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ പരാജയവും വിജയവും ഉണ്ടാകുമ്പോൾ അത് ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുക എന്ന് പറയുന്നത് ശരിയായ സമീപനമല്ല. വലിയൊരു പരാജയം ഉണ്ടാകുമ്പോൾ ഒരുപാട് വിമർശനങ്ങൾ വരും. വിജയം ഉണ്ടാകുമ്പോൾ ഒരുപാട് അഭിനന്ദനങ്ങളും ഉണ്ടാകും. അത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. വിജയവും പരാജയവും ഉണ്ടാകുന്ന സമയയത്തെ പ്രതികരണം മുഖ്യമന്ത്രിയിലേക്ക് മാത്രമായി ചുരുക്കുന്നത് തെറ്റായ പ്രവണതയാണ്. വിജയമായാലും പരാജയമായാലും ഒരു കൂട്ടായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടേണ്ടതെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തെരഞ്ഞെടുപ്പ് പരാജയം എന്ന് കാണുന്നതുതന്നെ ജനാധിപത്യ വിരുദ്ധമായ വിശകലനമാണ്. അത് രാഷ്ട്രീയ പ്രേരിതമായിട്ട് ചിലർ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേല മാത്രമാണ്. പിണറായിയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിനെതിരെയുള്ള വിമർശനങ്ങളെയും സ്വരാജ് തള്ളി. കേരളത്തിൽ ഇടതുപക്ഷത്തെ നയിക്കുന്നത് രണ്ടു തവണ മുഖ്യമന്ത്രിയായ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്. പോളിറ്റ് ബ്യൂറോ അംഗമായിട്ടുള്ള ഒരാൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ കൂട്ടത്തിലുള്ളത്. അപ്പോൾ അത്രയും തലമുതിർന്ന ഒരു നേതാവ് ജയിച്ചു വരുന്ന സമയത്ത് പ്രതിപക്ഷ നേതാവിനെക്കുറിച്ച് മറ്റ് ആലോചനക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാജയ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കും. ഇതുമായുള്ള എല്ലാ വിമർശനങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യും. ഇടതുപക്ഷക്കാർ അല്ലാത്തവരുടെ അഭിപ്രായങ്ങളെയും വിലമതിക്കും. അതിന്റെ എല്ലാം ഭാഗമായി കൂടുതൽ കരുത്തോടെ തിരിച്ചു വരും. തെരഞ്ഞെടുപ്പിൽ ഇതിനു മുൻപും ഇടതുപക്ഷം ശക്തമായ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.അതിനെയെല്ലാം അഭിമുഖീകരിച്ചാണ് പാർട്ടി ഇവിടെ എത്തിയിരിക്കുന്നത്. പരാജയങ്ങളിൽ തളർന്ന് നിരാശാഭരിതരായി നാടുവിട്ടു പോകുന്ന സാഹചര്യമല്ല ഇടതുപക്ഷത്തുള്ളത്. പരാജയവും വിജയവും മനഃസാന്നിധ്യത്തോടെ പരിശോധിക്കുമെന്നും സ്വരാജ് വ്യക്തമാക്കി.












Click it and Unblock the Notifications