'കേരളത്തില്‍ ഇത് അത്യാവശ്യമാണ്'; കടിയേല്‍ക്കുന്നത് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക്: കോടതി വിധി ചര്‍ച്ചയാകുമ്പോള്‍
ന്യൂഡല്‍ഹി: തെരുവു നായ കടിച്ച് പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ കേരളത്തില്‍ ആശങ്കയായി വര്‍ധിക്കുമ്പോഴാണ് രാജ്യ തലസ്ഥാനത്തു നിന്ന് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഒരു സുപ്രധാന വാര്‍ത്ത എത്തിയത്. തെരുവ് നായ്ക്കളെ അടിയന്തരമായി ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി മൃഗസ്‌നേഹികള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.
തെരുവ് നായ്ക്കളെ എല്ലാം പിടികൂടി എട്ടാഴ്ച്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നാണ് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം. പേ വിഷബാധയേറ്റുള്ള മരണവും നായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെയുമാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഇനി ഹര്‍ജിയുമായി വന്നാല്‍ മൃഗസ്‌നേഹികള്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന താക്കീത് പോലും സുപ്രീം കോടതിക്ക് നല്‍കേണ്ടിവന്നു. പേ വിഷബാധ ഏറ്റു മരിച്ചുപോയവരെ തിരികെ കൊണ്ടുവരാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു.

രാജ്യ തലസ്ഥാനത്തെ തെരുവ് നായ്ക്കളുടെ കാര്യത്തിലാണ് സുപ്രീം കോടതി വിധി എങ്കിലും രാജ്യത്തിന്റെ ഇങ്ങേ അറ്റത്തുള്ള കേരളത്തിലും ഈ വിധി വളരെ പ്രസക്തമാണ്.
കേരളത്തില്‍ തെരുവ് നായ കടിച്ചുള്ള സംഭവങ്ങള്‍ വലിയ തോതിലാണ് വര്‍ധിക്കുന്നത്. പേവിഷ ബാധയേറ്റുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിത്യേന എന്നോണം കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമാണ് തെരുവു നായ ആക്രമണത്തിന്റെ വാര്‍ത്തകള്‍ വരുന്നത്. ഈ ആക്രമങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത് ചെറിയ കുട്ടികളാണ്. കുട്ടികളെ ആക്രമിക്കുന്ന തെരുവ് നായ്ക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലും ഞെട്ടിപ്പിക്കുന്നതാണ്.
കേരളത്തില്‍ 2014 മുതല്‍ 2025 ഏപ്രില്‍ വരെ തെരുവു നായയുടെ കടിയേറ്റത് 22.52 ലക്ഷം ആളുകള്‍ക്കാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ കടിയേറ്റത് ഒന്നര ലക്ഷത്തിലധികം പേര്‍ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും മൂന്നു ലക്ഷത്തിലധികം പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. 11 വര്‍ഷത്തിനിടെ നായ കടിയേറ്റ് മരിച്ചത് 160 പേരാണ്. 2022 ലെ സര്‍വ്വേ പ്രകാരം കേരളത്തിലെ തെരുവ് നായ്ക്കളുടെ എണ്ണം 290000 ആയിരുന്നു. ഇപ്പോള്‍ ഈ കണക്കുകള്‍ ഒരുപാട് വര്‍ധിച്ചിട്ടുണ്ട്.
എബിസി ചട്ടപ്രകാരമുള്ള വന്ധ്യംകരണം ശാശ്വതമല്ല എന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഈ ഘട്ടത്തില്‍ സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണം എന്ന് ആവശ്യം വ്യാപകമായി ഉയരുകയാണ്. സമൂഹ മാധ്യമങ്ങളില്‍ അടക്കം നിരവധി പേരാണ് തെരുവു നായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യവുമായി തങ്ങളുടെ അഭിപ്രായം പങ്കിടുന്നത്. തെരുവു നായ വിഷയത്തില്‍ കടുത്ത നടപടി എടുക്കുന്നതിന് തടസം നില്‍ക്കുന്ന മൃഗ സ്‌നേഹികള്‍ക്കെതിരേ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.
സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോക്ടര്‍ അല്‍ത്താഫ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയാവണമെന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം തന്റെ കുറിപ്പ് തുടങ്ങുന്നത്.
തെരുവ് നായകളില്‍ നിന്നുള്ള വിപത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ എല്ലാം തടസം നില്‍ക്കുന്നത് മൃഗസംരക്ഷണ നിയമങ്ങളാണ്. എബിസി ചട്ടങ്ങളെ അസംബന്ധം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഡോക്ടര്‍ അല്‍ത്താഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയാവണം..
രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ വലിയൊരു വിപത്താണ് തെരുവ് നായ ശല്യം. കേരളത്തിൽ മാത്രം, ഓരോ വർഷവും ഏകദേശം രണ്ട് ലക്ഷം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റ് പരിക്കേൽക്കുന്നത്. ഇതിൽ മുപ്പതോളം പേർ പേവിഷബാധയേറ്റ് മരണപ്പെടുന്നു.
ഇരകളിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോജനങ്ങളും - എല്ലാം ദരിദ്ര വിഭാഗങ്ങളിൽപ്പെട്ടവർ. പരിക്കേറ്റ കുട്ടികളുടെ പരിക്കുകൾ മിക്കപ്പോഴും കണ്ണ്, മൂക്ക് എന്നിവ നഷ്ടപ്പെടുത്തുന്നതോ മുഖം വിരൂപമാക്കുന്നതോ ആയ ഗുരുതര പരിക്കുകൾ.
തെരുവ് നായയിൽ നിന്നുള്ള ഈ വിപത്തിന് അടിയന്തിര പരിഹാരം കണ്ടെത്താൻ ശ്രമിക്കുമ്പോഴെല്ലാം തടസ്സം നിൽക്കുന്നത് നിലവിലെ മൃഗ സംരക്ഷണ നിയമങ്ങളാണ്
മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെ ഭാഗമായി 2000-ൽ കൊണ്ടുവന്ന Animal Birth Control (ABC) ചട്ടങ്ങൾ അനുസരിച്ച് തെരുവ് നായകളെ കൊല്ലുന്നതും പുനരധിവസിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.
തത്ഫലമായി നാടെങ്ങും തെരുവ് നായ ശല്യം രൂക്ഷമാവുകയും അതിവിടുത്തെ സാധാരണ മനുഷ്യർക്ക് തീരാദുരിതങ്ങൾ സമ്മാനിക്കുകയും ചെയ്തു. ABC ചട്ടങ്ങളെ "അസംബന്ധം" എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഡൽഹിയിലെ തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതി നൽകിയ സുപ്രധാന വിധി ഏറെ പ്രതീക്ഷ നൽകുന്നു.
വിധിയിലെ പ്രധാന നിർദ്ദേശങ്ങൾ:
ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ തെരുവ് നായകളെയും ഉടൻ നീക്കം ചെയ്യണം.
ഈ നീക്കം തടസ്സപ്പെടുത്തുന്ന മൃഗസംരക്ഷണ പ്രവർത്തകർക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണം.
ഡൽഹി സർക്കാർ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവർ ചേർന്ന് 8 ആഴ്ചയ്ക്കുള്ളിൽ മതിയായ എണ്ണം നായ ഷെൽട്ടറുകൾ നിർമ്മിക്കണം.
ഒരു തെരുവ് നായയെയും തിരികെ തെരുവിൽ അലഞ്ഞുതിരിയാൻ വിടരുത്; പിടികൂടിയ നായ്ക്കളുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കണം.
നായ കടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരാഴ്ചയ്ക്കുള്ളിൽ ഹെൽപ്‌ലൈൻ നമ്പർ ഏർപ്പെടുത്തണം.
പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണം.
ഈ നിർദേശങ്ങൾ രാജ്യവ്യാപകമായി നടപ്പാക്കാനാവട്ടെ അടുത്ത ശ്രമം. നമ്മുടെ തെരുവുകൾ നായ മുക്തമായി സാധാരണക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാവുന്ന ഇടങ്ങളായി മാറണം - ഡോ. എ. അൽത്താഫ്
തെരുവുനായ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് സാമൂഹിക പ്രവര്‍ത്തകനായ ഫെലിക്‌സ് ജെ. പുല്ലൂടന്‍ സമൂഹ മാധ്യമത്തില്‍ തന്റെ അഭിപ്രായം കുറിച്ചത്. അദ്ദേഹത്തിന്റെ വരികള്‍:
'ഡല്‍ഹിയിലെ കുഞ്ഞു കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി ഈ ഒരു വിധി പുറത്തിറക്കിയതെങ്കിലും സ്വാഭാവികമായും ഇത് രാജ്യത്തിന് മുഴുവനും ബാധകമാണ്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി, കേരളത്തിലെ കുഞ്ഞുങ്ങളെയും മറ്റു വഴിനടക്കാരെയും സംരക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ എത്രയും പെട്ടെന്ന് ചെയ്‌തേ പറ്റൂ. ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ അനുവര്‍ത്തിച്ച അലംഭാവ നടപടികള്‍ അവസാനിപ്പിക്കണം. താങ്കള്‍ക്ക് വോട്ട് ചെയ്ത ഒരു സാധാരണ പൗരന്റെ അഭ്യര്‍ത്ഥനയാണ്'.
രാജ്യതലസ്ഥാനത്തും ഈ വിഷയത്തില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ ഈ ഉത്തരവിനെ സ്വാഗതം ചെയ്തപ്പോള്‍, നായ്ക്കളെ മാറ്റാന്‍ തങ്ങള്‍ക്ക് ഭൂമിയും ഫണ്ടും ഇല്ലെന്ന് മൃഗ പ്രവര്‍ത്തകര്‍ വാദിക്കുന്നു. ഈ ഉത്തരവ് മനുഷ്യ-നായ സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്നുമാണ് അവരുടെ മുന്നറിയിപ്പ്.
സുപ്രീംകോടതി ഉത്തരവിനോട് ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് - തെരുവ് നായ പ്രേമികളേ, തെരുവ് നായ്ക്കളെ മാറ്റാനുള്ള സുപ്രീം കോടതി തീരുമാനത്തില്‍ നിങ്ങള്‍ അസ്വസ്ഥരാണെങ്കില്‍, ദയവായി കുറച്ച് നായ്ക്കളെ നിങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോകണം. അവയുടെ വാക്‌സിനേഷനും ചികിത്സയ്ക്കും പണം ചെലവഴിക്കഴിക്കണം. പഴകിയ ഭക്ഷണം തെരുവ് നായ്ക്കള്‍ക്ക് കൊടുത്തത് കൊണ്ട് നിങ്ങള്‍ ഒരു മൃഗസംരക്ഷണ പ്രവര്‍ത്തകനാകില്ല'.
'തെരുവുനായ്ക്കളോട് അനുകമ്പയുണ്ടെന്നു കരുതി ആരും അവരുടെ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കേണ്ടതില്ല. - മറ്റൊരാള്‍ അഭിപ്രായപ്പെടുന്നു.
'ഡല്‍ഹി എന്‍സിആറിലെ തെരുവുനായ്ക്കളുടെ അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരോട് ചോദിക്കുക. ഞാന്‍ ഒരു നായ സ്‌നേഹിയാണ്, പക്ഷേ ഈ തെരുവുനായ ശല്യം അവസാനിപ്പിക്കണം. സുപ്രീം കോടതിയുടെ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. ഈ അഭിപ്രായത്തോട് നിരവധി പേരാണ് യോജിക്കുന്നത്.












Click it and Unblock the Notifications