• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

‘ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു’

  • By Aami Madhu

കോട്ടയം; കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന്റെ മരണവാർത്ത മലയാളികൾക്ക് ഇടയിൽ ഏറെ വേദനയാണ് ഉണ്ടാക്കിയത്.ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ ജോ (34)കഴിഞ്ഞ ദിവസം തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോയുടെ മരണത്തിൽ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ ആദരാഞ്ജലികൾ അർപ്പിച്ചത്. ഇപ്പോഴിതാ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എസ് സുദീപ് എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്. പോസ്റ്റ് വായിക്കാം

 മരണമൊഴി രേഖപ്പെടുത്തലാണ്

മരണമൊഴി രേഖപ്പെടുത്തലാണ്

എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്.അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും.

അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല.ഒരു ജീവിതം മുഴുവൻ അവർ നിസംഗരായി നമുക്കു മുന്നിൽ തുറന്നു വയ്ക്കും.സ്വർഗവാതിൽപടിയിൽ നിൽക്കുവോർ കള്ളം പറയില്ലെന്നതാണു വിശ്വാസം.

ഒടുക്കം ഒപ്പിടാൻ കഴിയാതെ, വിരലടയാളം പതിക്കാൻ വെന്തു കരിഞ്ഞ വിരലുകൾക്കാവതില്ലാതെ...ഏതാനും ദിവസങ്ങൾക്കകം അവർ എന്നേയ്ക്കുമായി ഉറങ്ങും.നമുക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ചു യാത്രയാകുന്നവർ...

 ആ നില്പുണ്ടല്ലോ

ആ നില്പുണ്ടല്ലോ

രണ്ടാമത്തേത് ഓട്ടിസം, സെറിബ്രൽ പാൾസി, മെൻ്റൽ റിറ്റാർഡേഷൻ, മൾട്ടിപ്ൾ ഡിസബിലിറ്റീസ് എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള നാഷണൽ ട്രസ്റ്റ് ആക്റ്റിൻ കീഴിലെ ജില്ലാ തല സമിതിയുടെ യോഗമാണ്. അന്നത്തെ കോട്ടയം ജില്ലാ കളക്ടർ തിരുമേനിസാർ അദ്ധ്യക്ഷനായ സമിതിയിൽ, ലീഗൽ സർവീസസ് അതോറിറ്റിയുടെ പ്രതിനിധിയെന്ന നിലയിൽ പങ്കെടുത്തിരുന്ന യോഗങ്ങൾ.

ഭിന്നശേഷിക്കാരായ മുതിർന്ന മക്കളെ ഉടുത്തൊരുക്കി, ജില്ലയുടെ ഉൾപ്രദേശത്തു നിന്നൊക്കെ ബസിൽ കയറി വന്ന്, ആ മക്കളെ ചേർത്തു പിടിച്ച്, നമ്മുടെ മുന്നിൽ വന്ന് നിൽക്കുന്ന ആ നില്പുണ്ടല്ലോ...

 സ്നേഹം നിറഞ്ഞൊഴുകും

സ്നേഹം നിറഞ്ഞൊഴുകും

അവരുടെയൊക്കെ കണ്ണുകളിലൊന്നിൽ മക്കളോടുള്ള സ്നേഹം നിറഞ്ഞൊഴുകും. രണ്ടാമത്തെ കണ്ണിൽ ഞങ്ങൾക്കു ശേഷം ഞങ്ങളുടെ കുഞ്ഞിന് ആരെന്ന ആധി കവിഞ്ഞൊഴുകും.ആ മക്കൾ അച്ഛനമ്മമാരുടെ കൈയിൽ മുറുകെപ്പിടിച്ചിട്ടുണ്ടാവും.മരണത്തിനു പോലും വേർപെടുത്താൻ കഴിയില്ലെന്നു തോന്നും വിധേന, ഇറുക്കിയങ്ങനെ...അവിടെയിരുന്ന്, സി രാധാകൃഷ്ണൻ്റെ ഒറ്റയടിപ്പാതകൾ എന്ന നോവലിലെ റിട്ടയേഡ് ജസ്റ്റിസ് ഭാസ്കരമേനോനെയും ഭിന്നശേഷിക്കാരനായ മകൻ സുകുവിനെയും ഓർത്തു പോകും.

 ഞാൻ വിശ്വസിക്കുന്നുമില്ല

ഞാൻ വിശ്വസിക്കുന്നുമില്ല

ആർക്കും സംശയം തോന്നാത്ത വിധത്തിൽ, ആ വലിയ മകനെ കൊന്നിട്ട്, സ്വയം പ്രോസിക്യൂഷൻ ചാർജും ഡിഫൻസും വിധിയുമെഴുതുന്ന മേനോൻ, തെളിവുകളുടെ അഭാവത്തിൽ സ്വയം വെറുതെ വിട്ട ശേഷം, കുറ്റം സമ്മതിച്ച് എഴുതി വയ്ക്കുന്ന ഒരു സങ്കട ഹരജി കൂടിയുണ്ട്.- സുകു വേദനകളൊന്നും അനുഭവിക്കുന്നുണ്ടായിരുന്നില്ല. മരിച്ചു കിട്ടിയാൽ മതിയെന്നൊരാശയം അവൻ പ്രകടിപ്പിച്ചില്ല. പ്രകടിപ്പിക്കാൻ അവനു കഴിയുമായിരുന്നില്ല. അവൻ്റെ മനസിൽ അങ്ങനെയൊരാഗ്രഹം എപ്പോഴെങ്കിലുമുണ്ടായിരുന്നുവെന്നു വിശ്വസിക്കാൻ ന്യായമില്ല. ഞാൻ വിശ്വസിക്കുന്നുമില്ല.

 പരിഹാരമുണ്ടാക്കാൻ

പരിഹാരമുണ്ടാക്കാൻ

വേദനയുണ്ടായിരുന്നത് എൻ്റെ മനസിൽ മാത്രമാണ്. അവനെ കാണുമ്പോഴും അവൻ്റെ ഭാവി ആലോചിക്കുമ്പോഴുമുള്ള വേദന. അതു തീർച്ചയായും ദു:സഹമായിരുന്നു. അതൊന്ന് അവസാനിച്ചു കിട്ടിയാൽ മതിയെന്നു ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അവസാനിക്കണമെങ്കിൽ ഒന്നുകിൽ അവൻ്റെ രോഗം മാറണമായിരുന്നു. അല്ലെങ്കിൽ അവൻ മരിക്കണമായിരുന്നു. രോഗം മാറില്ലെന്നു തീർച്ചയായപ്പോഴാണു ഞാനവനെ കൊന്നത്. സംഗതി മനസിലായില്ലേ? എൻ്റെ വേദനയ്ക്കു പരിഹാരമുണ്ടാക്കാൻ ഞാനവനെ കൊന്നു!

 തൊടുപുഴയിലുണ്ട്

തൊടുപുഴയിലുണ്ട്

മകൻ്റെ മരണത്തോടെ മനസിൻ്റെ സമനില തെറ്റുന്ന ജസ്റ്റിസ് മേനോനോടൊപ്പം, ആ മക്കൾക്കായി സമനില തെറ്റാതെ ജീവിക്കുന്ന, യഥാർത്ഥ ജീവിതത്തിലെ ചില മുഖങ്ങൾ കൂടി മുന്നിൽ തെളിയും.നാല്പതു കഴിഞ്ഞ ഭിന്നശേഷിക്കാരനായ മകൻ്റെ താടി വടിച്ചു കൊടുക്കുന്ന അരുൺ ഷൂരിയെന്ന അച്ഛൻ്റെ അരുമയാർന്ന ചിത്രം നിങ്ങളെ പിന്തുടരാത്ത നിമിഷങ്ങളുണ്ടോ!ആ മകനും അതുപോലത്തെ മക്കൾക്കും അച്ഛനമ്മമാരുടെ കാലശേഷം തുണയാകാൻ ഒരു ട്രസ്റ്റ് രൂപീകരിച്ച ഷൂരി.അതുപോലെ വലിയൊരച്ഛൻ ഞങ്ങളുടെ തൊടുപുഴയിലുണ്ട്.ഭിന്നശേഷിക്കാരനായ മകൻ്റെ ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛൻ.

 വൻമരമായിരുന്നു‌

വൻമരമായിരുന്നു‌

ആ മകനായി മാറ്റിവച്ച സ്വത്തിൽ നിന്ന് എൺപത്തിനാലു ലക്ഷം രൂപ കനിവ് എന്ന ചാരിറ്റബിൾ ട്രസ്റ്റിനായി നീക്കിവച്ച അച്ഛൻ.നിർദ്ധനരായ എഴുനൂറോളം കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകാനായി ആ വസ്തുവിലെ മരങ്ങൾ വെട്ടി വിറ്റ് ആദ്യം പണം കണ്ടെത്തിയ അച്ഛൻ.ഇന്നലെ ആ അച്ഛൻ്റെ ജീവിതത്തിൽ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകൻ എന്ന വന്മരമായിരുന്നു.

 ജോക്കുട്ടനു മരണമില്ല

ജോക്കുട്ടനു മരണമില്ല

മകൻ മരിച്ചാൽ അച്ഛനോ, അച്ഛൻ മരിച്ചാൽ മകനോ കൂടുതൽ ദുഃഖം എന്ന ഈച്ചരവാര്യർ തൻ ഉത്തരമില്ലാ ചോദ്യം മുഴങ്ങുന്നു.ജോക്കുട്ടൻ, ആ അച്ഛനിലൂടെ ഇനിയും ജീവിക്കുക തന്നെ ചെയ്യും. ട്രസ്റ്റിലൂടെ അനശ്വരനും...ജോസഫ് എന്ന അച്ഛാ,ജോക്കുട്ടൻ്റെ ദീപ്തമായ ഓർമ്മകൾ അങ്ങയെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവർത്തകനുമാക്കിത്തീർക്കയും ചെയ്യും എന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.ജോക്കുട്ടനു മരണമില്ല...

English summary
Thodupuzha Chief Judicial Magistrate S Sudeep's note on pj joseph's son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X