തൊടുപുഴ കൂട്ടക്കൊലയിൽ പ്രതികളെ ഒറ്റിയത് സുഹൃത്ത്.. സ്ഥിരം കൃഷ്ണന്റെ വീട്ടിൽ, മന്ത്രവാദവും മദ്യപാനവും
Recommended Video

ഇടുക്കി: തൊടുപുഴ കൂട്ടക്കൊലയിലെ പ്രധാന പ്രതികളിലൊരാളെ കൊല നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പിടികൂടാന്‍ സാധിച്ചത് ഇടുക്കി പോലീസിന് വലിയ നേട്ടമായിരിക്കുകയാണ്. ചോര മരവിപ്പിക്കുന്ന തരത്തിലാണ് കൃഷ്ണനേയും ഭാര്യയേയും മക്കളേയും അനീഷ്, ലിബീഷ് എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.
പൈശാചികമായ കൊലപാതകത്തിന് ശേഷം പോലീസ് പിടിക്കാതിരിക്കുന്നതിന് വേണ്ടി മന്ത്രവാദവും ചെയ്തു ഇക്കൂട്ടര്‍. കൊലപാതകക്കേസിലെ പ്രതികളെ തിരിച്ചറിയാന്‍ പോലീസിന് നിര്‍ണായക സൂചന നല്‍കിയത് അനീഷിന്റെ സുഹൃത്താണ് എന്നാണ് വിവരം. വേഷം മാറിയെത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

മാന്ത്രിശക്തിക്ക് വേണ്ടി കൂട്ടക്കൊല
കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ് തൊടുപുഴ കമ്പകക്കാനത്തെ മൃഗീയ കൂട്ടക്കൊല. മന്ത്രവാദിയായ കൃഷ്ണനെ കുടുംബത്തോടെ കൊലപ്പെടുത്തിയ ശേഷം വീടിന് പിറകില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. മാന്ത്രിശക്തി ലഭിക്കുന്നതിന് വേണ്ടിയാണ് ഈ ക്രൂരകൃത്യം അനീഷും ലിബീഷും ചേര്‍ന്ന് നടപ്പിലാക്കിയത് എന്നാണ് പോലീസ് പറയുന്നത്. അനീഷ് കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനാണ്.

ഒറ്റിയത് സുഹൃത്ത്
പ്രതികളിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത് അടിമാലിയിലുള്ള അനീഷിന്റെ സുഹൃത്ത് ആണെന്നാണ് വിവരം. അടിമാലി സിഐ പികെ സാബുവിനാണ് ഈ സൂചന ആദ്യം ലഭിച്ചത്. അനീഷും ലിബീഷും 15 വര്‍ഷമായി സുഹൃത്തുക്കളാണ്. ഇരുവരും അടിമാലിയിലെ ബോര്‍വെല്‍ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുകയും ചെയ്തിരുന്നു.

മന്ത്രവാദവും മദ്യപാനവും
ബോര്‍വെല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ലിബീഷിനൊപ്പം അനീഷ് സ്ഥിരമായി കൃഷ്ണന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായിരുന്നു ഈ പോക്ക്. ഇക്കൂട്ടത്തില്‍ അടിമാലിയിലുള്ള അനീഷിന്റെ സുഹൃത്തുമുണ്ടാകാറുണ്ടായിരുന്നു. മൂവരും കൃഷ്ണനൊപ്പം അയാളുടെ വീട്ടിലിരുന്ന് മദ്യപിക്കാറുമുണ്ട്.

വിവരം അടിമാലി സിഐക്ക്
എന്നാല്‍ പിന്നീട് അടിമാലിയിലെ ഈ സുഹൃത്ത് അനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു. കൊലപാതക വിവരം പുറത്ത് വന്നതോടെ അനീഷിനേയും ലിബീഷിനേയും കുറിച്ചും അവര്‍ സ്ഥിരമായി കൃഷ്ണന്റെ വീട്ടില്‍ മന്ത്രവാദത്തിന് പോയിരുന്നതിനെ കുറിച്ചും സുഹൃത്ത് അടിമാലി സിഐ സാബുവിനെ അറിയിക്കുകയായിരുന്നു.

കൊല നടത്താൻ പൈപ്പുകൾ
ഈ സൂചന പ്രകാരം ആദ്യം ലിബീഷിനെ പൊക്കാനുള്ള ആസൂത്രണം പോലീസ് നടത്തി. ലിബീഷിന് തൊടുപുഴയില്‍ ബൈക്ക് നന്നാക്കുന്ന ജോലിയാണ്. വീടിനോട് ചേര്‍ന്ന് തന്നെയാണ് ഇയാള്‍ വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്നത്. അനീഷിനൊപ്പം കൊല നടത്താന്‍ പോകുമ്പോള്‍ ബുള്ളറ്റിന്റെ ഷോക്ക് അബ്‌സോബറിന്റെ പൈപ്പ് രണ്ടെണ്ണം ലിബീഷ് കയ്യില്‍ കരുതിയിരുന്നു. കൊല നടത്താന്‍ ഈ പൈപ്പുകളും ഉപയോഗിച്ചിരുന്നു.

വേഷം മാറി പോലീസ്
ഈ പൈപ്പുകള്‍ ഉപയോഗിച്ചാണ് കൃഷ്ണനേയും സുശീലയേയും കൊലയാളികള്‍ അടിച്ച് വീഴ്ത്തിയത്. അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേഷം മാറിയാണ് കഴിഞ്ഞ ദിവസം ലിബീഷിന്റെ വീട്ടിലെത്തിയത്. ബൈക്ക് കേടായെന്നും നന്നാക്കണം എന്നുമായിരുന്നു ആവശ്യം. ബൈക്ക് നന്നാക്കാന്‍ കൂടെ വരാനും ലിബീഷിനോട് ഇവര്‍ ആവശ്യപ്പെട്ടു.

അനീഷിനെ കണ്ടെത്തിയില്ല
സംശയമൊന്നും തോന്നാതിരുന്ന ലിബീഷ് വേഷം മാറിയ പോലീസുകാര്‍ക്കൊപ്പം വാഹനത്തില്‍ കയറുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് തത്ത പറയും പോലെ കൂട്ടക്കൊലയുടെ വിവരങ്ങള്‍ ലിബീഷ് വെളിപ്പെടുത്തിയത്. മുഖ്യപ്രതിയായ അനീഷിനെ പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കാട് കേറിയെന്ന് സൂചന
അനീഷിന് വേണ്ടി ഇടുക്കി മുഴുവന്‍ പോലീസ് അരിച്ച് പെറുക്കി. ഇയാള്‍ ആദിവാസി മേഖലകളിലേക്ക് കടന്നു കളഞ്ഞുവെന്നാണ് പോലീസ് കരുതുന്നത്. ആറ് മാസം മുന്‍പേ ലിബീഷുമായി അനീഷ് കൊലപാതകം ആസൂത്രണം ചെയ്തിരുന്നു എന്നാണ് ഇടുക്കി എസ്പി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അന്ന് സഹകരിക്കാതിരുന്ന ലിബീഷ് പിന്നീട് കൃത്യത്തില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകായിരുന്നു.

ജീവനോടെ കുഴിച്ച് മൂടി
കൊല നടത്തിയ ശേഷം കൃഷ്ണനേയും മകൻ അർജുനേയും പ്രതികൾ ജീവനോടെയാണ് കുഴിച്ച് മൂടിയത് എന്നാണ് വിവരം. ഞായറാഴ്ച രാത്രി കൊല നടത്തി പണവും സ്വർണവുമായി കടന്ന് കളഞ്ഞ പ്രതികൾ തിങ്കളാഴ്ച വീണ്ടുമെത്തി. അപ്പോഴാണ് ജീവനോടെ രക്തക്കളത്തിന് നടുവിൽ തലയിൽ കൈ വെച്ചിരിക്കുന്ന അർജുനെ കണ്ടത്. മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയായ അർജുനെ ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കുഴിയിലിടുമ്പോൾ അർജുൻ ഞരങ്ങിയെങ്കിലും അത് കണക്കിലെടുക്കാതെ മണ്ണിട്ട് മൂടുകയായിരുന്നു.

മാന്ത്രിക ശക്തി തിരികെ കിട്ടാൻ
കൃഷ്ണന്റെ വീട്ടില്‍ മൂന്ന് വര്‍ഷത്തോളം നിന്ന് മന്ത്രവാദം പഠിച്ചിട്ടുണ്ട് അനീഷ്. കൂടാതെ മറ്റൊരു പൂജാരിയില്‍ നിന്ന് അനീഷ് മറ്റ് പൂജകളും പഠിച്ചിരുന്നു. ഈ അടുത്ത കാലത്ത് അനീഷ് ചെയ്തിരുന്ന പൂജകളൊന്നും ഫലിച്ചിരുന്നില്ല. അതിന് കാരണം കൃഷ്ണന്‍ തന്റെ കയ്യില്‍ നിന്നും പൂജ ചെയ്യാനുള്ള മാന്ത്രിക ശക്തി എടുത്തു മാറ്റിയതാണ് എന്നാണ് അനീഷ് കരുതിയത്.

താളിയോലകളിലും കണ്ണ്
അതോടെയാണ് കൃഷ്ണനെ ഇല്ലാതാക്കാനും കൃഷ്ണന്റെ കൈവശം ഉള്ള താളിയോലകളടക്കം കൈവശപ്പെടുത്താനും അനീഷ് തീരുമാനിച്ചത്. 300 മൂര്‍ത്തികളുടെ ശക്തി കൃഷ്ണനുണ്ട് എന്നാണ് അനീഷ് കരുതിയത്. ഈ മൂര്‍ത്തികളുടെ ശക്തിയും കൃഷ്ണനെ വകവരുത്തിയാല്‍ തനിക്ക് സ്വന്തമാക്കാമെന്നും തനിക്ക് നഷ്ടപ്പെട്ട ശക്തിയും തിരിച്ച് കിട്ടുമെന്നും അനീഷ് കണക്ക് കൂട്ടി. ഇതാണ് ക്രൂരമായ കൊലയിലേക്ക് എത്തിച്ചത്.












Click it and Unblock the Notifications