• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രക്ഷോഭങ്ങള്‍ നിര്‍ത്തിയത് കുറ്റബോധം മൂലം'; പേക്കൂത്തുകള്‍ക്ക് മാപ്പ് പറയണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫും പോക്ഷക സംഘടനകളും സംസ്ഥാനത്ത് നടത്തിവരുന്ന ആള്‍ക്കൂട്ട പ്രക്ഷോഭങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന തീരുമാനത്തില്‍ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. തങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന പകര്‍ച്ചവ്യാധിവ്യാപന സമരങ്ങള്‍കൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവില്‍ യുഡിഎഫ് തിരിച്ചറിഞ്ഞുവെന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. കേരളത്തില്‍ പ്രതിദിനം ഉയര്‍ന്നു വരുന്ന കാവിഡ് വ്യാപനത്തിന് ഉത്തരവാദി തങ്ങളാണെന്ന് സമ്മതിച്ചുകൊണ്ടാണ് യുഡിഎഫ് പ്രത്യക്ഷ സമരങ്ങളില്‍ നിന്നും പിന്മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. മാപ്പര്‍ഹിക്കാത്ത കുറ്റബോധത്തിന്റെ ഏറ്റുപറച്ചിലാണ് സമരം നിര്‍ത്തിവെയ്ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

യുഡിഎഫ് മാപ്പ് പറയണം

യുഡിഎഫ് മാപ്പ് പറയണം

തങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന പകര്‍ച്ചവ്യാധിവ്യാപന സമരങ്ങള്‍കൊണ്ട് ഒരു ലാഭവുമുണ്ടാകില്ലെന്നും ഉണ്ടാകുന്ന നഷ്ടം താങ്ങാനാവാത്തതായിരിക്കുമെന്നും ഒടുവില്‍ യുഡിഎഫ് തിരിച്ചറിഞ്ഞു. കുതിച്ചുയരുന്ന രോഗവ്യാപനത്തിന് തങ്ങള്‍ മാത്രമാണ് ഉത്തരവാദി എന്ന് കേരളീയരോട് സമ്മതിച്ചുകൊണ്ട്, യുഡിഎഫ് പ്രത്യക്ഷസമരങ്ങളില്‍ നിന്ന് പിന്മാറുന്നു. ഈ അപേക്ഷ അവര്‍ക്കു മുന്നില്‍ പലയാവര്‍ത്തി ഉന്നയിച്ചതാണ്. പുറംകാലു കൊണ്ട് തൊഴിച്ച് അവരതു പുച്ഛിച്ചു തള്ളി. ഇപ്പോഴോ. വിവേകശൂന്യമായ ചെയ്തികള്‍ സ്വന്തം ജീവനത്തെത്തന്നെ ബാധിക്കുമെന്ന നേതാക്കളും അണികളും അവരുടെ കുടുംബാംഗങ്ങളും തിരിച്ചറിയുകയാണ്.

തീരുമാനം വൈകി

തീരുമാനം വൈകി

കേരളത്തില്‍ കോവിഡ് വ്യാപനം ഇത്രയ്ക്ക് രൂക്ഷമാക്കിയത് യുഡിഎഫിന്റെ വീണ്ടുവിചാരമില്ലാത്ത സമരങ്ങളാണ് എന്ന് നാടൊന്നാകെ മനസിലാക്കിക്കഴിഞ്ഞു. ജനകീയ കോടതിയുടെ പ്രതിക്കൂട്ടില്‍ തലകുനിച്ചു നില്‍ക്കുകയാണ് യുഡിഎഫ് നേതാക്കള്‍. ഇപ്പോഴെടുത്ത തീരുമാനം ഇത്രയും വൈകിപ്പിച്ചതിനും ഇതുവരെ നടത്തിയ പേക്കൂത്തുകള്‍ക്കും യുഡിഎഫ് കേരളീയരോട് മാപ്പു പറയണം.

രോഗത്തിന്റെ സ്വഭാവം

രോഗത്തിന്റെ സ്വഭാവം

വടക്കന്‍ കേരളത്തിലെ രോഗവ്യാപനത്തിന്റെ ജനിതക സ്വഭാവം സംബന്ധിച്ച പഠനം നടന്നു കഴിഞ്ഞിട്ടുണ്ട്. വിദേശത്തു നിന്ന് വന്ന ആളുകളിലൂടെയുള്ള വ്യാപനം കുറവാണ് എന്നാണ് പഠനഫലം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിനു പുറത്തു നിന്ന് വന്നവരാണ് വ്യാപനത്തിന്റെ ഉറവിടം എന്നാണ് മനസിലാക്കുന്നത്. ഈ സാഹചര്യത്തില്‍ മനസിലാക്കേണ്ട ഒന്നുണ്ട്. എന്താണ് കേരളം ശ്രമിച്ചത്? വരുന്ന ആരെയും തടയാന്‍ കേരളം ശ്രമിച്ചില്ല. മറിച്ച്, വരുന്നവരെ നിരീക്ഷിക്കാനും സ്വയം നിരീക്ഷിക്കാനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നാം തുനിഞ്ഞത്. ചിട്ടയോടെ ആ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്തായിരുന്നു യുഡിഎഫിന്റെ പ്രതികരണം.

 വാളയാറില്‍

വാളയാറില്‍

പാസില്ലാതെ ആളെ കടത്തിവിടണമെന്നാവശ്യപ്പെട്ട് എംപിമാരും എംഎല്‍എമാരും ചേര്‍ന്ന് വാളയാറില്‍ നടത്തിയ സമരം നാം മറന്നില്ല. ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ അട്ടിമറിക്കുക എന്നത് ഒരു രാഷ്ട്രീയ ലക്ഷ്യമായിത്തന്നെ അവര്‍ ഏറ്റെടുത്തു. പാസ് വാങ്ങി കടക്കാന്‍ കേരളം ഇന്ത്യയിലല്ലേ എന്നൊക്കെയുള്ള അസംബന്ധ ചോദ്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഉയര്‍ത്തി. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യയിലെമ്പാടും ഒന്നുപോലെയായിരുന്നു. പക്ഷേ, മറ്റെവിടെയും ഇത്തരമൊരു സമരം നടന്നില്ല. കേരളത്തില്‍ മാത്രമാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ ക്രമീകരണം അട്ടിമറിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളടക്കം ചേര്‍ന്ന് സമരാഭാസം നടത്തിയത്. ഇത് യുഡിഎഫിന്റെ ഉള്ളിരിപ്പ് പുറത്തുവന്ന പ്രധാന സന്ദര്‍ഭമായിരുന്നു.

സെക്രട്ടറിയേറ്റിലെ ചെറിയ തീപിടിത്തം

സെക്രട്ടറിയേറ്റിലെ ചെറിയ തീപിടിത്തം

അതുപോലെ മറ്റൊന്ന് സെക്രട്ടേറിയറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടു മൂലമുണ്ടായ ചെറിയൊരു തീപിടിത്തം. മനഃപ്പൂര്‍വം തീ കൊളുത്തിയതാണ് എന്നാരോപിച്ച് പ്രതിപക്ഷ നേതാവടക്കം വലിയ സമരകോലാഹലങ്ങള്‍ ഉണ്ടാക്കി. എന്തെല്ലാം വിക്രിയകളാണ് അന്നവര്‍ തിരുവനന്തപുരത്ത് കാണിച്ചത്. ഒരു പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് നാട് എന്ന ചിന്തപോലുമില്ലാതെ, തീര്‍ത്തും അസംബന്ധമായ കാരണങ്ങള്‍ പറഞ്ഞ് നാലാംതരം രാഷ്ട്രീയാഭ്യാസം നടത്തുകയായിരുന്നു യുഡിഎഫ്. ഇപ്പോഴെന്തായി? അത് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഇതുപോലൊരു പ്രതിസന്ധിയുടെ ഘട്ടത്തില്‍ അവധാനതയോടെ പ്രവര്‍ത്തിക്കേണ്ടവരാണ് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും. എന്നാല്‍ പ്രതിപക്ഷ നേതാവടക്കം ചെയ്തതോ... കേട്ടുകേള്‍വിയുടെ പേരില്‍പ്പോലും ആള്‍ക്കൂട്ടത്തെ തെരുവിലിറക്കാന്‍ ബോധപൂര്‍വം ശ്രമിച്ച എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

 കള്ളപേരില്‍ കൊവിഡ് ടെസ്റ്റ്

കള്ളപേരില്‍ കൊവിഡ് ടെസ്റ്റ്

ഏതു സമരാവശ്യം നേടിയെടുത്തിട്ടാണ് ഇപ്പോള്‍ സമരരംഗത്തു നിന്ന് യുഡിഎഫ് പിന്മാറുന്നത്? ആരും രാജിവെച്ചിട്ടില്ല. ഒരു സമരക്കാരോടും ആരും ചര്‍ച്ച പോലും നടത്തിയിട്ടില്ല. സമരത്തിന്റെ ഭാഗമായി ഒരു നേട്ടവും യുഡിഎഫിന് അവകാശപ്പെടാനില്ല. പിന്നെന്തിനീ പിന്മാറ്റം?പ്രശ്‌നം ഗുരുതരമാണെന്ന് അവര്‍ തിരിച്ചറിയുന്നു. കള്ളപ്പേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയതും തുടര്‍ന്നു നടത്തിയ നിര്‍ലജ്ജ ന്യായീകരണവും വിലപ്പോയില്ല എന്ന് യുഡിഎഫ് നേതാക്കള്‍ക്ക് ബോധ്യമായി. രോഗം ഇത്ര വ്യാപകമായി പടര്‍ന്നതിന്റെ കാരണക്കാര്‍ യുഡിഎഫ് മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്. സമരത്തില്‍ പങ്കെടുത്ത നേതാക്കളും അണികളും അവരില്‍ നിന്ന് രോഗം പകര്‍ന്ന പോലീസുകാരും കുടുംബാംഗങ്ങളുമൊക്കെ ഈ വീണ്ടുവിചാരമില്ലായ്മയുടെ ഫലമാണ്. പരിഷ്‌കൃത കേരളത്തിന്റെ നാണക്കേടായി യുഡിഎഫ് മാറിക്കഴിഞ്ഞിരിക്കുന്നു.

രാഷ്ട്രീയതിമിരം

രാഷ്ട്രീയതിമിരം

എന്താണവരോട് ആവശ്യപ്പെട്ടത്? പ്രതിഷേധിക്കരുതെന്നോ, സര്‍ക്കാരിനെതിരെ അവരുടെ രാഷ്ട്രീയ പ്രചരണം നിര്‍ത്തിവെയ്ക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ആകെ അപേക്ഷിച്ചത്, ഒറ്റക്കാര്യം. എന്തു ചെയ്യുമ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നു മാത്രമാണ് അവരോട് അഭ്യര്‍ത്ഥിച്ചത്. എത്ര ധിക്കാരത്തോടെയായിരുന്നു പ്രതികരണം. വേണ്ടി വന്നാല്‍ പ്രോട്ടോക്കോള്‍ ലംഘിക്കുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വലിച്ചു കീറി കാറ്റില്‍പ്പറത്തുമെന്നുമൊക്കെയുള്ള വീരവാദങ്ങള്‍ ഇപ്പോഴെവിടെപ്പോയി? വൈറസിനു നേരെ വെല്ലുവിളി മുഴക്കിയ ലോകത്തിലെ ഏക രാഷ്ട്രീയ മുന്നണി എന്ന വിശേഷണമാണ് അതുവഴി യുഡിഎഫിനു കിട്ടിയത്. ലോകത്തിനു മുന്നില്‍ തങ്ങളും തങ്ങളുടെ രാഷ്ട്രീയവും പരിഹാസ്യമാകുന്നതു കാണാന്‍ രാഷ്ട്രീയതിമിരം മൂലം പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.

നീചമായ ലക്ഷ്യം

നീചമായ ലക്ഷ്യം

നീചമായിരുന്നില്ലേ, ലക്ഷ്യം? രോഗം പടരണമെന്നും മുന്‍കരുതലുകള്‍ തകരണമെന്നും മരണസംഖ്യ ഉയരണമെന്നുമുള്ള തങ്ങളുടെ ഹീനമോഹം പരസ്യമായിത്തന്നെ അവര്‍ പങ്കുവെച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താമെന്നും രാഷ്ട്രീയ ലാഭം കൊയ്യാമെന്നും കരുതി. ആ ലാഭം മോഹിച്ചാണ് യുഡിഎഫ് കേരളത്തില്‍ മരണവ്യാപാരത്തിനിറങ്ങിയത്. ഈ കളി തുടര്‍ന്നാല്‍ ആ ലാഭം കൈനീട്ടി വാങ്ങാന്‍ ആരും അവശേഷിക്കുകയില്ല എന്ന് എത്രയോ തവണ മുന്നറിയിപ്പു നല്‍കിയതാണ്. അതു ചെവിക്കൊള്ളാനുള്ള വിവേകം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ക്കുണ്ടായില്ല.ഇപ്പോഴോ? രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് അക്ഷരാര്‍ത്ഥത്തില്‍ യുഡിഎഫ് നേതാക്കളെ ഭയപ്പെടുത്തുന്നു. മാത്രമല്ല, അതിന്റെ സമ്പൂര്‍ണ ഉത്തരവാദികള്‍ തങ്ങള്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം അവരെ വേട്ടയാടുകയും ചെയ്യുന്നു. മാപ്പര്‍ഹിക്കാത്ത കുറ്റബോധത്തിന്റെ ഏറ്റുപറച്ചിലാണ് സമരം നിര്‍ത്തിവെയ്ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

English summary
thomas isaac reaction on congress ending the mass struggles against the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X