'സതീശന്റെ സ്വേച്ഛാധിപത്യ വാഴ്ച, സ്വന്തം വകുപ്പിലെ തീരുമാനങ്ങൾ മന്ത്രിമാർ അറിയാത്ത വിചിത്ര പ്രതിഭാസം'

ജനാധിപത്യ ഭരണമല്ല മറിച്ച് വിഡി സതീശന്റെ സ്വേച്ഛാധിപത്യ വാഴ്ചയാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡോ. ടിഎം തോമസ് ഐസക്. മന്ത്രിസഭയിലെ തമ്മിലടി മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും പല മന്ത്രിമാരും സ്വന്തം വകുപ്പിലെ തീരുമാനങ്ങൾ അറിയുന്നില്ല എന്ന വിചിത്ര പ്രതിഭാസമാണ് നടക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

''കൃത്യം ആറുമാസം തികയുന്ന ദിവസം യുഡിഎഫ് മന്ത്രിസഭയിലെ തമ്മിലടി മറനീക്കി പുറത്തുവന്നു. ഔട്ട് ഓഫ് അജണ്ടയായി മുഖ്യമന്ത്രി വിഡി സതീശൻ പിഎസ്സി ബോർഡിലേക്കുള്ള അഞ്ച് പേരുടെയും ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള മൂന്ന് പേരുടെയും നിർദ്ദേശങ്ങൾ വായിച്ചു. റവന്യു മന്ത്രി എപി അനിൽകുമാറാണ് ആദ്യ വെടി പൊട്ടിച്ചത്.

ഇത് എവിടെ ചർച്ച ചെയ്തു? കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ദേഹവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലായെന്നു വ്യക്തമാക്കി. പിന്നെ ആരൊക്കെ, എന്തൊക്കെ പറഞ്ഞൂവെന്ന് വ്യക്തമല്ല. വാഗ്വാദങ്ങൾ രണ്ടര മണിക്കൂർ നീണ്ടൂവെന്നു മാത്രം അറിയാം. ഇതെല്ലാം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വിശദീകരണമുണ്ടായി. തർക്കങ്ങളുണ്ടായി. അത് സ്വാഭാവികം. ജനാധിപത്യത്തിന്റെ സൗന്ദര്യമാണത്. അതിൽ എനിക്ക് അഭിമാനം.

പകരം വീട്ടി സ്റ്റാലിൻ, രാഹുൽ ഗാന്ധി വിളിച്ചപ്പോൾ ഫോണെടുത്തില്ല, മറ്റ് തിരക്കുകളുണ്ടെന്ന് മറുപടി
പകരം വീട്ടി സ്റ്റാലിൻ, രാഹുൽ ഗാന്ധി വിളിച്ചപ്പോൾ ഫോണെടുത്തില്ല, മറ്റ് തിരക്കുകളുണ്ടെന്ന് മറുപടി

എന്താണ് കേരളത്തിൽ തുടർന്നുവരുന്ന ജനാധിപത്യ രീതി? ക്യാബിനറ്റ് വിഷയങ്ങൾ ഫയലായി തന്നെ എല്ലാ മന്ത്രിമാർക്കും ലഭ്യമാക്കും. ആവശ്യമായ ചർച്ചകളും നടത്തും. മുന്നണി സർക്കാരല്ലേ, തർക്കവിഷയങ്ങൾ മുന്നണി സമിതിയിൽ ചർച്ച ചെയ്യും. അജണ്ടയ്ക്ക് പുറത്ത് എന്തെങ്കിലും എടുക്കുന്നുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും. ഇതൊക്കെയാണ് ജനാധിപത്യ രീതി. എന്നാൽ വിഡി സതീശൻ സർക്കാരിൽ ഇങ്ങനെയല്ല കാര്യങ്ങൾ നടക്കുന്നത്.

മുഖ്യമന്ത്രി മറ്റുള്ളവരുടെ വകുപ്പുകളിൽ പലതും ചർച്ചയില്ലാതെ നേരിട്ട് തീരുമാനിക്കുകയാണ്. ഫലത്തിൽ നടപ്പായിക്കഴിഞ്ഞാൽ പിന്നെ എന്ത് പ്രതിഷേധം? ഒരു വിചിത്ര പ്രതിഭാസം പല മന്ത്രിമാരും സ്വന്തം വകുപ്പിലെ തീരുമാനങ്ങൾ അറിയുന്നില്ല എന്നതാണ്.

Thomas Isaac

⚫️ ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനെന്ന പേരിൽ ഏർപ്പെടുത്തിയ ഉന്നതതല കമ്മിറ്റിയിൽ ആരൊക്കെയാണെന്നോ അങ്ങനെയൊരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടോയെന്നോ തനിക്കറിയില്ലെന്നു പറയുന്ന ആരോഗ്യവകുപ്പ് മന്ത്രി മുരളീധരൻ; "എനിക്കൊന്നും അറിയില്ല നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കൂ" എന്നാണ് ആരോഗ്യ മന്ത്രി പ്രതികരിച്ചത്.

⚫️ കെഎസ്ഇബിയിലേക്ക് വേണ്ട വൈദ്യുതി വാങ്ങുന്നതിന് ജിഎൻഎയുമായി മുഖ്യമന്ത്രി നടത്തിയ കരാറിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും, മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതൽ തനിക്ക് പറയാനില്ലെന്നും പറഞ്ഞ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഒഴിഞ്ഞുമാറുകയുണ്ടായി.

⚫️ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചു എന്ന വാർത്ത ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം കേൾക്കുമ്പോഴാണെന്ന് അറിഞ്ഞതെന്ന് എക്സൈസ് മന്ത്രി എം ലിജു. സർക്കാരിൻറെ മദ്യനയം വരുന്നതിനു മുൻപ് തിരക്കിട്ട് ചില ബാറുകൾക്ക് ലൈസൻസുകൾ നൽകിയതും താൻ അറിയാതെയാണെന്ന് എക്സൈസ് മന്ത്രി എം ലിജു.

⚫️ ഉന്നത ഉദ്യോഗസ്ഥരെയാകെ തലങ്ങും വിലങ്ങും മാറ്റിയപ്പോഴും മന്ത്രിമാർ അറിഞ്ഞില്ല. തന്റെ വകുപ്പ് സെക്രട്ടറിയെ മാറ്റിയത് താൻ അറിഞ്ഞില്ലായെന്ന് മന്ത്രിസഭയിലെ പ്രമുഖനായ കുഞ്ഞാലിക്കുട്ടി അതൃപ്തി രേഖപ്പെടുത്തി.

⚫️ വിവിധ ബോർഡുകളിലെയും ഭരണപരമായ തസ്തികകളിലെയും നിയമനങ്ങളിൽ കൂട്ടുത്തരവാദിത്തം കുറയുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തുറന്നടിച്ചിട്ടുണ്ട്.

പൊതുഭരണത്തിനു പുറമേ ധനകാര്യം, നിയമം, തുറമുഖം എന്നിങ്ങനെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം സ്വന്തമാക്കിവെച്ച മുഖ്യമന്ത്രി സതീശന്‍ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളില്‍ അവരറിയാതെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇടപെടുകയാണ്. ജനാധിപത്യ ഭരണമല്ല, സതീശന്റെ സ്വേച്ഛാധിപത്യ വാഴ്ചയാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷക്കാലവും എല്ലാവകുപ്പുകളും അതത് മന്ത്രിമാര്‍ക്കു കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേച്ഛാധിപത്യവാഴ്ചയാണെന്ന് പ്രചരിപ്പിച്ച യുഡിഎഫുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കുമൊന്നും ഇപ്പോള്‍ മറുപടിയേയില്ല. പിണറായി കാലത്തെക്കുറിച്ചുള്ള സതീശന്റെ തഗ്ഗ് വർത്തമാനത്തിന് കുറവൊന്നുമില്ല. "ഇത് പിണറായി വിജയന്റെ ക്യാബിനറ്റല്ല" എന്നായിരുന്നു ഡൽഹിയിൽ വച്ചുള്ള പ്രതികരണം.

പിണറായി വിജയൻ്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ആയിരുന്നു ഞാനും. ബന്ധപ്പെട്ട മന്ത്രിയോട് ചർച്ച ചെയ്യാതെ ആ വകുപ്പിൽ മുഖ്യമന്ത്രി ഇടപെട്ട ഒരു സന്ദർഭവും എനിക്ക് അറിയില്ല. രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണ്. പിന്നെ, സിപിഎം മന്ത്രിമാർ എകെജി സെന്ററിലും സിപിഐ മന്ത്രിമാർ എംഎൻ സ്മാരകത്തിലും ഇരുന്ന് ഭരണം ചർച്ച ചെയ്യാറുണ്ട്. തർക്കവിഷയങ്ങൾ എൽഡിഎഫിലും ചർച്ച ചെയ്യാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇക്കാര്യത്തിൽ വീഴ്ചവന്നിട്ടുണ്ടാകും. പക്ഷേ, അവ അത്യപൂർവ്വമാണ്.
നിങ്ങളുടെ ഭരണത്തിൽ ഒരിടത്തും ചർച്ചയില്ലായെന്നാണ് കെപിസിസി അധ്യക്ഷനും യുഡിഎഫ് കൺവീനറും പറയുന്നത്. അതിന്റെ ഫലമാണ് ആറാംമാസം കാബനറ്റിലുണ്ടായ പൊട്ടിത്തെറി.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഈ അവസ്ഥയെക്കുറിച്ച് മലയാള മനോരമയിൽ എഴുതിയ ലേഖനം വിഡി സതീശനും രമേശ് ചെന്നിത്തലയും മനസിരുത്തി വായിക്കുന്നത് നന്നാകും. അദ്ദേഹം പോലും അഭിപ്രായപ്പെട്ടത് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നന്നേ കുറവ് എന്നായിരുന്നു. ഇത്തരത്തിൽ രാഷ്ട്രീയ നേതൃത്വം ദുർബലപ്പെടുന്നത് ഉദ്യോഗസ്ഥ പ്രമാണിത്തത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ജാഗ്രതപ്പെടുത്തുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma