'ഇവിടെ അന്വേഷണം, അവിടെ ഒഴിവാക്കൽ'; കിഫ്ബിക്കെതിരായ അന്വേഷണത്തിൽ കേന്ദ്രത്തിനെതിരെ ഐസക്
തിരുവനന്തപുരം; കിഫ്ബി മോഡല്‍ സ്ഥാപനമായ ഡെവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷനെ (ഡി.എഫ്.ഐ) സി.ബി.ഐ. അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ നിന്നും ഒഴിവാക്കുകയാണെന്ന കേന്ദ്രസർക്കാർ തിരുമാനത്തിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. ഡി.എഫ്.ഐ.യെ അഴിമതി അന്വേഷണത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കുമ്പോള്‍, പൂര്‍ണമായും കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കിഫ്ബിയെ വേട്ടയാടുന്നതിന്‍റെ ലക്ഷ്യം വ്യക്തമാക്കണമെന്ന് ഐസക് പറഞ്ഞു.അതേസമയം കിഫ്ബി മോഡല്‍ കേന്ദ്രത്തിലും നടപ്പാക്കുമ്പോള്‍ ബി.ജെ.പിയുടെ സ്വകാര്യവല്‍ക്കരണ അജണ്ട അതിവിദഗ്ധമായി തിരുകിക്കയറ്റിയിരിക്കുകയാണെന്നും ഐസക് പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം .പോസ്റ്റ് വായിക്കാം

കിഫ്ബി മോഡലിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ഡെവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷൻ (ഡി.എഫ്.ഐ) എന്ന സ്ഥാപനത്തെ സി.ബി.ഐ. അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ നിന്നും ഒഴിവാക്കുകയാണുപോലും! കിഫ്ബിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന വേട്ട തുടരുമ്പോൾത്തന്നെയാണ് ഈ വാർത്തയും നാം വായിക്കുന്നത്. അഴകിയ രാവണൻ സിനിമയിലെ അംബുജാക്ഷന്റെ തിരക്കഥയിലെ ക്ലൈമാക്സ് പോലെയാണ് കാര്യങ്ങൾ. ഇവിടെ അന്വേഷണം, അവിടെ ഒഴിവാക്കൽ, അവിടെ ഒഴിവാക്കൽ, ഇവിടെ അന്വേഷണം, രണ്ടും ഇടവിട്ടു കാണിക്കും.
ന്യൂജെൻ ഭാഷ കടമെടുത്താൽ, കോൺട്രയാകുന്ന സീനുകൾ വേറെയുമുണ്ട്. നമ്മുടെ കിഫ്ബി പൊതുമേഖലയിലാണ്. കേന്ദ്രത്തിന്റെ ഡിഎഫ്ഐ ആകട്ടെ, മൂന്നു വർഷത്തിനുള്ളിൽ സ്വകാര്യവത്കരിക്കും. സ്വകാര്യസ്ഥാപനത്തിൽ അന്വേഷണം നടത്തിയാൽ മുതലാളിയ്ക്ക് ബുദ്ധിമുട്ടാവില്ലേ. അതുകൊണ്ട് അന്വേഷണമൊന്നും വേണ്ട.
ഡിഎഫ്ഐ വഴി 111 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. അടിയന്തിരമായി 3 ലക്ഷം കോടി രൂപ വേണം. ഭാവിയില്‍ ആവശ്യമായ പണം സമാഹരിക്കാനാവും എന്ന കണക്കുകൂട്ടലില്‍ ഏഴായിരത്തില്‍പരം പശ്ചാത്തല സൗകര്യ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതുതന്നെയല്ലേ കിഫ്ബിയും ചെയ്യുന്നത്. കിഫ്ബിയിലാകട്ടെ, തിരിച്ചടവിന് നിയമ പ്രകാരം വ്യവസ്ഥയും ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാരിന്‍റെ നികുതിവരുമാനത്തിന്റെ ഒരു വിഹിതമാണ് തിരിച്ചടവിന് മാറ്റിവെയ്ക്കുന്നത്. ഈ തുകകൊണ്ട് ബാധ്യത തീര്‍ക്കാന്‍ കഴിയുന്ന പ്രോജക്ടുകള്‍ മാത്രമേ കിഫ്ബി ഏറ്റെടുക്കുകയുള്ളൂ. ഈ ഒരുറപ്പുള്ളതുകൊണ്ടാണ് കിഫ്ബി ബോണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ നിക്ഷേപകര്‍ തയ്യാറാവുന്നത്.
എന്നാല്‍ കേന്ദ്രത്തിന്റെ മനസിലിരിപ്പ് ഇതല്ല. ഓഹരി മൂലധനമായി 20000 കോടി രൂപ നല്‍കുന്നുണ്ടെങ്കിലും എല്ലാ വര്‍ഷവും ഗ്രാന്‍റ് നല്‍കുന്നതിന് വ്യവസ്ഥയില്ല. വായ്പയെടുത്ത് മുതല്‍മുടക്കുന്ന പദ്ധതികളില്‍ നിന്നുള്ള വരുമാനംകൊണ്ട് തിരിച്ചടവിനുള്ള പണം കണ്ടെത്തണം. ഈ റിസ്ക്ക് ഏറ്റെടുക്കണമെങ്കില്‍ നിക്ഷേപകര്‍ക്ക് 20%മെങ്കിലും പലിശയോ ലാഭമോ ഉറപ്പുവരുത്തിയേ പറ്റൂ.
അതെങ്ങനെ കഴിയും? ഒരു വഴിയേ ഉള്ളൂ. യൂസർ ഫീ ചുമത്തുക. ഡിഎഫ്ഐ വഴി നിർമ്മിക്കുന്ന പശ്ചാത്തല സൌകര്യം ഉപയോഗിക്കാൻ നാം ഉയർന്ന യൂസർ ഫീ കൊടുക്കേണ്ടി വരും. അല്ലെങ്കിൽ അവയും കൂടി സ്വകാര്യമേഖലയ്ക്കു കൈമാറും. അസറ്റ് മോണിറ്റൈസേഷന്‍ പുതിയ സ്ഥാപനത്തിന്‍റെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗമായിരിക്കും. ചുരുക്കത്തില്‍ വലിയൊരു സ്വകാര്യവല്‍ക്കരണ അജണ്ടയാണ് പുതിയ സ്ഥാപനത്തിനു പിന്നിലുള്ളത്.
കിഫ്ബിയുടെ സീൻ ഇവിടെയും കോൺട്രയാണ്. കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ആശുപത്രികളും സ്ക്കൂളുകളും റോഡുകളും യൂസര്‍ഫീ ഇനത്തില്‍ ഒരു ഭാരവും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ല. അവ നാടിന്‍റെ സമ്പത്തായി തുടരും. ഒരു സ്വത്തും സ്വകാര്യവല്‍ക്കരിക്കില്ല. നിയമ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള വാര്‍ഷിക നികുതി വിഹിതത്തിനു പുറമെ സര്‍ക്കാരിനുമേല്‍ ഒരു ബാധ്യതയും സൃഷ്ടിക്കില്ല.
പക്ഷേ, കിഫ്ബി മോഡല്‍ കേന്ദ്രത്തിലും നടപ്പാക്കുമ്പോള്‍ ബി.ജെ.പിയുടെ സ്വകാര്യവല്‍ക്കരണ അജണ്ട അതിവിദഗ്ധമായി തിരുകിക്കയറ്റിയിരിക്കുകയാണ്. അഴിമതി നിരോധന നിയമംപോലും ബാധകമല്ലാതാക്കിയിരിക്കുന്നു.
ഇക്കൂട്ടരാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കിഫ്ബിയ്ക്ക് നോട്ടീസ് നല്‍കാന്‍ പോകുന്നത്. ഒരു പൊതുമേഖലാ സ്ഥാപനം കെ.വൈ.സി. ഉറപ്പുവരുത്തിക്കൊണ്ട് ബാങ്കുവഴി ബോണ്ടുകളില്‍ പണം സ്വീകരിക്കുമ്പോള്‍ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കാന്‍ കഴിയുക എന്ന് ആരെങ്കിലും വിശദീകരിച്ചുതരണം. ഇത് തെരഞ്ഞെടുപ്പു കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രചാരണത്തിന്‍റെ ഭാഗമാണ്. ഇത്തരം അന്വേഷണ പ്രഹസനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കഴിയുന്നവരെ മാത്രമേ ആയുസുണ്ടാകൂ. ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുന്നതിനും ഇ.ഡി.യുടെ നീക്കമുണ്ട്. ഈ നീക്കങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും.
വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
കിഫ്ബി തുടക്കം കുറിച്ചിട്ടുള്ള അന്യാദൃശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ തുടരണമോ വേണ്ടയോ എന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. കേരളത്തിന്‍റെ വികസനം അട്ടിമറിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന യു.ഡി.എഫ്നും ഉള്ള മറുപടി ജനങ്ങള്‍ വോട്ടിലൂടെ നല്‍കും.
ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications