Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ പ്രഖ്യാപനം അന്നത്തെ പോലെ തട്ടിപ്പ്; സൈനികരുടെ എണ്ണം കുറയുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. സൈന്യത്തില്‍ കരാര്‍ വേതന തൊഴിലാളികളെ സൃഷ്ടിക്കാനുള്ള നീക്കമാണിത് എന്നാണ് ആക്ഷേപം. നിയമനം ലഭിക്കുന്ന 25 ശതമാനത്തെ ബാക്കി നിര്‍ത്തി മറ്റുള്ളവരെ നാല് വര്‍ഷത്തിന് ശേഷം പിരിച്ചുവിടുകയാണ് ചെയ്യുന്നത്. അഗ്നിപഥിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഒന്നര വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴില്‍ എന്നത് ശ്രദ്ധ തിരിക്കല്‍ തന്ത്രമാണെന്ന് പറയുകയാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്.

നേരത്തെ പ്രഖ്യാപിച്ച രണ്ടു കോടി തൊഴില്‍ ഇന്നുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നാണ് കഴിഞ്ഞ കാല കണക്കുകള്‍ വ്യക്തമാക്കുന്നത്. അഗ്നിപഥ് നടപ്പാക്കിയാല്‍ 2030 ആകുമ്പോഴേക്കും സൈനികരുടെ എണ്ണം 25 ശതമാനം കുറയുമെന്നും തോമസ് ഐസക് പറയുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....

t

അഗ്‌നിപഥില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള അടവുമാത്രമാണ് മോദിയുടെ ഒന്നരവര്‍ഷംകൊണ്ട് 10 ലക്ഷം നിയമനം നടത്തുമെന്ന പ്രഖ്യാപനം.
കൗതുകകരമായ കാര്യം ഒന്നരവര്‍ഷംകൊണ്ട് 10 ലക്ഷം തൊഴില്‍ നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനത്തോടൊപ്പമാണ് അഗ്‌നിപഥ് പദ്ധതിയുടെ തീരുമാനവും പുറത്തുവിട്ടത്. അതുകൊണ്ടു പലരും ആദ്യം കരുതിയത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേനയില്‍ ജോലി കൊടുക്കുന്നതിലൂടെ താത്കാലികമായെങ്കിലും സമാശ്വാസം നല്‍കാനുള്ള പദ്ധതി ആണെന്നായിരുന്നു.

എന്നാല്‍ അതിന്റെ പ്രഹസനം മനസിലാക്കാന്‍ ചെറിയൊരു കണക്കൂകൂട്ടല്‍ മതി. സാധാരണഗതിയില്‍ 60,000 പട്ടാളക്കാരെയാണ് ഓരോ വര്‍ഷവും റിക്രൂട്ട് ചെയ്യുക. ഇതിനു പകരം വര്‍ഷംതോറും 45,000 അഗ്‌നിവീരന്മാരെ നാലു വര്‍ഷത്തേയ്ക്ക് നിയമിക്കുക. ഇവരില്‍ 25 ശതമാനം പേരെ മാത്രമേ സ്ഥിരപ്പെടുത്തുകയുള്ളൂ. എന്നുവച്ചാല്‍ ഈ സ്‌കീം പ്രകാരം സേനയുടെ എണ്ണം നിരന്തരം കുറഞ്ഞുകൊണ്ടിരിക്കും. 2030 ആകുമ്പോള്‍ പട്ടാളക്കാരുടെ എണ്ണം 25 ശതമാനം കുറഞ്ഞിരിക്കും.

യഥാര്‍ത്ഥത്തില്‍ അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതിനുള്ള എതിര്‍പ്പിനു തടയിടാനാണോ 10 ലക്ഷം അതിവേഗ നിയമന പ്രഖ്യാപനം നടത്തിയതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 10 ലക്ഷം പേര്‍ക്ക് നിയമനം നല്‍കണമെങ്കില്‍ നിലവിലുള്ള ഒഴിവുകള്‍ മുഴുവന്‍ നികത്തണം. എന്നാല്‍ പ്രതിരോധ മേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നില്ലായെന്നു മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന 60,000 ഒഴിവുകളില്‍ 45,000 മാത്രമേ നികത്തുകയുമുള്ളൂ. അതും കരാര്‍ അടിസ്ഥാനത്തില്‍. ഇന്ന് അഗ്‌നിവീര്‍ എങ്കില്‍ നാളെ റെയില്‍വേവീര്‍ ആകാം. മോദിയുടെ 10 ലക്ഷം തൊഴില്‍ പ്രഖ്യാപനം 2014-ലെ വര്‍ഷംതോറും 2 കോടി തൊഴില്‍ പ്രഖ്യാപനം പോലെ തന്നെ തട്ടിപ്പാണ്.

രൂക്ഷമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലും സര്‍ക്കാര്‍ മേഖലയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്തുകൊണ്ടാണ് മോദി ശ്രമിക്കുന്നത്? 2014-ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നികത്താതെ കിടന്നിരുന്ന സര്‍ക്കാര്‍ ഒഴിവുകള്‍ 4.2 ലക്ഷമായിരുന്നു. 2020 മാര്‍ച്ച് 1 ആയപ്പോള്‍ ഇത് 9 ലക്ഷം ആയി ഉയര്‍ന്നു. ഇപ്പോള്‍ ചുരുങ്ങിയത് 11 ലക്ഷം വേക്കന്‍സികള്‍ ഉണ്ടാവും. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകള്‍ ഉള്ളതില്‍ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. വളരെ വ്യക്തമായ നയത്തിന്റെ ഫലമാണ്.

2021-22-ല്‍ കേന്ദ്രസര്‍ക്കാരിന്റെ റവന്യു കമ്മി ദേശീയവരുമാനത്തിന്റെ 4.37 ശതമാനം ആണ്. ഇത് പൂജ്യം ആക്കി മാറ്റണമെന്നാണ് 25 വര്‍ഷം മുമ്പ് ധനഉത്തരവാദിത്വ നിയമത്തിലൂടെ അനുശാസിച്ചത്. ഇന്നേവരെ ഇന്ത്യാ സര്‍ക്കാരിന് ഈ നിബന്ധന പാലിക്കാനായിട്ടില്ല. ഇതൊരു വലിയ നാണക്കേട് ആയിട്ടാണ് മോദിയുടെ വിദഗ്ദന്മാര്‍ കരുതുന്നത്. കമ്മി കുറയ്ക്കണമെങ്കില്‍ ഒന്നുകില്‍ റവന്യു വരുമാനം ഉയര്‍ത്തണം. പക്ഷേ സമ്പന്നര്‍ക്ക് നികുതിയിളവ് നല്‍കുന്ന നയം തുടരുവോളം ഇത് അസാധ്യമാണ്.

അപ്പോള്‍ പിന്നെ കമ്മി കുറയ്ക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. ചെലവ് കുറയ്ക്കുക. 2021-22-ല്‍ കേന്ദ്ര റവന്യു ചെലവിന്റെ 60.43 ശതമാനം ശമ്പളവും പെന്‍ഷനുമാണ്. ഇതു രണ്ടും കുറയ്ക്കുന്നതിനുള്ള വഴിയായിട്ടാണ് തസ്തിക നികത്താതെ ഇടുന്നത്. അങ്ങനെ പട്ടാളത്തില്‍ 1.3 ലക്ഷം ഒഴിവുകളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം റിക്രൂട്ട്‌മെന്റേ നടന്നിട്ടില്ല. ഈ ഒഴിവുകളിലേക്ക് ഫിസിക്കല്‍ ടെസ്റ്റ് കഴിഞ്ഞ് എഴുത്തു പരീക്ഷയ്ക്കു കാത്തിരിക്കുന്ന ലക്ഷങ്ങളുണ്ട്. അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന തീരുമാനമായിപ്പോയി അഗ്‌നിപഥ്. ഇനിമേല്‍ റെഗുലര്‍ റിക്രൂട്ട്‌മെന്റ് ഇല്ല.

നാല് വര്‍ഷത്തേയ്ക്കുള്ള കരാര്‍ നിയമനമാണ്. അവരില്‍ നിന്നും 25 ശതമാനം പേരെ മാത്രമാണ് പിന്നീട് സ്ഥിരപ്പെടുത്തുക. നിയമനം കാത്തിരിക്കുന്നവര്‍ക്ക് ഭ്രാന്ത് പിടിക്കാന്‍ കൂടുതല്‍ എന്തെങ്കിലും വേണോ? വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ പറയുന്നത് നോ റാങ്ക് നോ പെന്‍ഷന്‍ എന്നാണ്.

ഇതാണ് ബീഹാര്‍ ലഹളകളുടെ പശ്ചാത്തലം. ആദ്യ രണ്ട് ദിവസങ്ങളിലെ ലഹള ഉണ്ടായ 45 കേന്ദ്രങ്ങള്‍ ശേഖര്‍ ഗുപ്ത മാപ്പ് ചെയ്തപ്പോള്‍ ഒന്നൊഴികെ ബാക്കിയെല്ലാ കേന്ദ്രങ്ങളും ബീഹാര്‍, കിഴക്കന്‍ യുപി, ബണ്ടില്‍ഖണ്ഡ്, ദക്ഷിണ ഹരിയാന, രാജസ്ഥാനിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണെന്നു കണ്ടെത്തി. ഈ പ്രദേശങ്ങള്‍ ഏറ്റവും പിന്നോക്കവും ഏറെ കുടിയേറ്റ തൊഴിലാളികളുമുള്ള പ്രദേശങ്ങളാണ്. ഒരു കാര്യം അവിതര്‍ക്കിതമാണ്. പ്രക്ഷോഭത്തിന്റെ രൂക്ഷത തൊഴിലില്ലായ്മയുടെ തീക്ഷണതയെയാണ് വെളിപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+