കേന്ദ്രഫണ്ട് കേരളം കൊള്ളയടിച്ചുവെന്ന് മോദി; കേന്ദ്ര പുരസ്‌കാരങ്ങള്‍ നിരത്തി ഐസകിന്റെ മറുപടി
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ ഫണ്ടുകള്‍ കേരളത്തിലെ നേതാക്കള്‍ കൊള്ളയടിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ തോമസ് ഐസക്. കേരളത്തില്‍ നടന്നിരുന്നത് കൊള്ളയാണെങ്കില്‍ ഇത്രയും ദേശീയ അംഗീകാരം എന്തിന് കേരളത്തിനു നല്‍കി എന്ന് തോമസ് ഐസക് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പല കേന്ദ്ര പദ്ധതികളും വിജയകരമായി നടപ്പാക്കിയത് കേരളമാണ് എന്നും കേന്ദ്ര സൂചികകളിലെല്ലം കേരളമാണ് ഒന്നാമത് എന്നും പുരസ്‌കാരങ്ങളും കണക്കുകളും നിരത്തിക്കൊണ്ട് തോമസ് ഐസക് പറഞ്ഞു. കേരളത്തോടുള്ള വിവേചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും കേരളത്തിലെ ജനങ്ങള്‍ അതില്‍ മോദിയെ വിചാരണ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളം കേന്ദ്രം നല്‍കിയ ഫണ്ടുകളെല്ലാം കൊള്ളയടിച്ചൂവെന്നാണ് പ്രധാനമന്ത്രിയുടെ ആക്ഷേപം. ബിജെപി നേതാവ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് ആക്ഷേപത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ അവാര്‍ഡുകളാണ് ഞങ്ങളുടെ മറുപടി. കേരളത്തില്‍ നടന്നിരുന്നത് കൊള്ളയാണെങ്കില്‍ ഇത്രയും ദേശീയ അംഗീകാരം എന്തിന് കേരളത്തിനു നല്‍കി?
തൊഴിലുറപ്പ്: ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതി തൊഴിലുറപ്പ് എടുക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 38 ശതമാനം കുടുംബങ്ങള്‍ക്ക് 2024-25-ല്‍ 100 ദിവസത്തെ തൊഴില്‍ ലഭിച്ചു. ഇന്ത്യയില്‍ അത് 7 ശതമാനം മാത്രമാണ്. തൊഴിലുറപ്പില്‍ ഏറ്റവും വലിയ വെട്ടിപ്പ് നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ക്രമക്കേടുകള്‍ ഏറ്റവും കുറവ് കേരളത്തിലാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ്ങില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ് കേന്ദ്ര ഗ്രാമ മന്ത്രാലയം നല്‍കിയിരിക്കുന്നത്.
പൊതുജനാരോഗ്യം: കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗിന്റെ ഉള്‍പ്പെടെ ലഭിച്ച പുരസ്‌കാരങ്ങള്‍ നോക്കൂ:
നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനം.
മികച്ച വാക്‌സിനേഷന്‍ ഡ്രൈവിനുള്ള ഹെല്‍ത്ത് ഗിരി പുരസ്‌കാരം.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഐക്യരാഷ്ട്രസഭ പുരസ്‌കാരം.
ആരോഗ്യസുരക്ഷാ പദ്ധതിക്ക് നാഷണല്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ്.
ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറച്ചതിനുള്ള ദേശീയ അവാര്‍ഡുകള്‍.
വയോജന പരിപാലനത്തിനുള്ള കേന്ദ്ര വയോശ്രേഷ്ഠ പുരസ്‌കാരം
സൗജന്യ ചികിത്സയ്ക്ക് കേന്ദ്ര ഉത്കൃഷ്ടാ പുരസ്‌കാരം.
ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ക്ക് ആരോഗ്യ മന്ഥന്‍ അവാര്‍ഡ്.
ക്ഷയരോഗ നിവാരണത്തില്‍ ദേശീയ പുരസ്‌കാരം.
ഗവേണന്‍സ് നൗവിന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ്.
പൊതു വിദ്യാഭ്യാസം: ലഭിച്ച അംഗീകാരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം (കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം).
മാനവ വികസന സൂചികയില്‍ ഒന്നാം റാങ്ക് (നീതി ആയോഗ്).
ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനം.
ശുചിത്വം: കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ സര്‍വ്വേയില്‍ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജ നിര്‍മ്മാര്‍ജ്ജന സംസ്ഥാനമായി ഒന്നാമതായി കേരളം പ്രഖ്യാപിക്കപ്പെട്ടു.
വികേന്ദ്രീകരണം
ഇ-പഞ്ചായത്ത് പുരസ്‌കാരം.
ദേശീയ നഗര ഉപജീവന പദ്ധതിക്കുള്ള പുരസ്‌കാരം.
ദേശീയ നഗര ജീവനോപാധി മിഷനുള്ള സ്പാര്‍ക്ക് അവാര്‍ഡ്.
ഉന്നതവിദ്യാഭ്യാസ പുനസംഘടന
എന്‍ആര്‍എഫ് റാങ്കിങ്ങ്: രാജ്യത്തെ 200 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 42 എണ്ണവും ആദ്യത്തെ 100 സര്‍വകലാശാലകളില്‍ 4 എണ്ണവും മികച്ച 100 കോളെജുകളില്‍ 14 എണ്ണവും കേരളത്തില്‍ നിന്നാണ്.
നാക് റാങ്ക്: കേരള, എംജി സര്‍വകലാശാലകള്‍ക്ക് A++. കാലിക്കറ്റ്, കൊച്ചി, സംസ്‌കൃത സര്‍വകലാശാലകള്‍ക്ക് A+.
സംസ്ഥാനത്തെ 269 കോളെജുകള്‍ക്ക് നാക് അംഗീകാരം. 27 കോളെജുകള്‍ക്ക് ഉയര്‍ന്ന ഗ്രേഡായ A++.
വ്യവസായ സൗഹൃദ കേരളം
ബിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ റാങ്കിങ്: ഏറ്റവും മുന്‍നിരയിലുള്ള ഫാസ്റ്റ് മൂവര്‍ പട്ടികയില്‍ സ്ഥാനംപിടിച്ചു.
സംരംഭക വര്‍ഷം: കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം.
ഐടി
കേരള സ്റ്റാര്‍ട്ട് അപ്പ്: മികച്ച പബ്ലിക് ബിസിനസ് ആക്‌സിലറേറ്റര്‍
ഐടി മിഷന്റെ അക്ഷയ പ്രോജക്ടിന് 2023-ലെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പുരസ്‌കാരം.
കേന്ദ്രത്തിന്റെ യുഡൈസ് പ്ലസ് റിപ്പോര്‍ട്ടില്‍ ഒന്നാസ്ഥാനം.
ഇവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ മാത്രമാണ്. മറ്റേത് സംസ്ഥാനത്തിന് ഇത്രയേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട് കേന്ദ്ര ഫണ്ട് കൊള്ളയടിക്കുന്നുവെന്ന് ആക്ഷേപിക്കപ്പെടുന്ന കേരളമാണ് പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സില്‍ ഭരണമികവില്‍ രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ചത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ കണക്ക് പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്ക് പ്രകാരം ഏറ്റവും കുറവു വര്‍ഗീയ സംഘര്‍ഷമുള്ള സംസ്ഥാനം കേരളമാണ്.
ഇത്തരമൊരു സംസ്ഥാനത്തെ ഇങ്ങനെ കഠിനമായി ആക്ഷേപിക്കുന്നത് എന്തിന്? കാരണം ഞങ്ങള്‍ക്ക് അറിയാം. കേരളത്തോടുള്ള വിവേചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രതിക്കൂട്ടിലാണ്. ഹൈക്കോടതിക്കുപോലും ചോദിക്കേണ്ടി വന്നു. എന്തുകൊണ്ട് ചൂരല്‍മല മുണ്ടകൈ ഇരകള്‍ക്ക് ധനസഹായം നല്‍കുന്നില്ല? അവരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറാകുന്നില്ല? എന്തുകൊണ്ട് എയിംസ് അനുവദിക്കുന്നില്ല? പ്രധാനമന്ത്രി മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്. ഇതിനു നിങ്ങള്‍ കേരളത്തില്‍ വിചാരണ ചെയ്യപ്പെടും.















Click it and Unblock the Notifications