അപ്പോ ആ കാര്യത്തിലും തീരുമാനമായി; സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത പുതുവര്‍ഷം
സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ ശമ്പള വിതരണം മുടങ്ങും. സംസ്ഥാനം ആവശ്യപ്പെട്ടത്തിന്റെ 60 ശതമാനം തുക മാത്രമാണ് ആര്‍ബിഐ അനുവദിച്ചത്.
തിരുവനന്തപുരം: കറന്‍സി രഹിത ഭാരതം സ്വപ്‌നം കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് 50 ദിവസം കൊണ്ട് എല്ലാ ശരിയാകുമെന്ന്. ആ 50 ദിനങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായി. എന്നിട്ടോ... ഒന്നും അങ്ങട് ശരിയായില്ല. കഴിഞ്ഞ മാസം ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടിയ സംസ്ഥാന സര്‍ക്കാര്‍ ഇക്കുറി ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്.
പുതുവര്‍ഷത്തില്‍ ശമ്പളം മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി കഴിഞ്ഞു. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളില്ലാത്തതാണ് കാരണമെന്നും അദ്ദേഹം പുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ 60 ശതമാനം പണം മാത്രമേ നല്‍കാന്‍ കഴിയു എന്ന് ആര്‍ബിഐയും വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ബിഐ റീജ്യണല്‍ ഡയറക്ടറാണ് ധനകാര്യ സെക്രട്ടറിയെ ഇക്കാര്യം നേട്ടറിയിച്ചത്.
ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളില്ല. ജനുവരിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാവശ്യമായ പണം സര്‍ക്കാരിന്റെ പക്കലില്ല. അതിനാല്‍ സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്നും കൂടുതല്‍ വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

നവംബര്‍ മാസത്തിലെ ശമ്പള വിതരണവും പ്രതിസന്ധിയിലായിരുന്നു. അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നോട്ട് വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ട്രഷറികളില്‍ നോട്ടുകള്‍ കുറവാണെനനറിഞ്ഞിട്ടും സര്‍ക്കാര്‍ ശമ്പള ദിസവം തന്നെ ജീവനക്കാരെ ട്രഷറികളിലേക്ക് അയച്ചതാണ് ട്രഷറിയില്‍ തിരക്കു വര്‍ദ്ധിക്കുന്നതിന് കാരണമായതെന്നും ബിജെപി പറഞ്ഞു. ഇത്തവണയും ശമ്പള പ്രശ്‌നത്തെ അത്തരത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാനായിരിക്കും ബിജെപി ശ്രമിക്കുക.

കഴിഞ്ഞ തവണ സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 40 ശതമാനം നോട്ടുകള്‍ മാത്രമേ ആര്‍ബിഐ നല്‍കിയിരുന്നൊള്ളു. അതുകൊണ്ടു തന്നെ ഇത്തവണ സംസ്ഥാനം ആവശ്യപ്പെട്ട തുക മുഴുവനും ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് ശമ്പളക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുന്നത്.

എന്തായും സര്‍ക്കാര്‍ ജീവനക്കാരുടെ പുതുവര്‍ഷം അത്ര സുഖ പ്രദമായിരിക്കില്ല എന്നു വ്യക്തം. ശമ്പളം മാത്രമല്ല പെന്‍ഷന്‍ വിതരണവും അവതാളത്തിലാകും. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ എന്തു നിലപാടെടുക്കും എന്നതാണ് ജനം ഉറ്റു നോക്കുന്നത്.












Click it and Unblock the Notifications