പെട്രോൾ ലിറ്ററിന് 45 രൂപ! കേരളം തയ്യാറെന്ന് തോമസ് ഐസക്ക്! പക്ഷേ, നഷ്ടം ആയിരം കോടി രൂപ...
പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എന്നാൽ ഇതുവഴി സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രസർക്കാർ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ വിലവർദ്ധനവ് തടയണമെന്ന് കേന്ദ്രത്തിന് ആത്മാർതഥയുണ്ടെങ്കിൽ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രം നികുതി കുറയ്ക്കാതെ പെട്രോൾ വിലവർദ്ധനയുടെ പാപഭാരം മറ്റുള്ളവരുടെ മേൽ കെട്ടിവെയ്ക്കാൻ ശ്രമിക്കരുതെന്നും തോമസ് ഐസക്ക് പറഞ്ഞു. പെട്രോള്‍ ലിറ്ററിന് 19.48 രൂപയാണ് കേന്ദ്ര തീരുവ. സംസ്ഥാന നികുതി 17.94 രൂപയും. ലിറ്ററിന് 74 രൂപ വിലയുളള പെട്രോളിന് നികുതി മാത്രം 36.5 രൂപ. ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനം ചുമത്തിയാല്‍ പോലും പെട്രോള്‍ ലിറ്ററിന് 45 രൂപക്ക് ജനങ്ങള്‍ക്ക് ലഭിക്കും.
പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്താൻ തയ്യാറാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉത്പന്നങ്ങൾക്ക് ജിഎസ്ടി ചുമത്തുന്നതിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങളുടെ ഐക്യമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടെയാണ് പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേരള തയ്യാറാണെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്.












Click it and Unblock the Notifications