• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'ഏഷ്യാനെറ്റ് സംഘപരിവാറിന്റെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് പ്രവർത്തിക്കുന്നത്'

ആലപ്പുഴ: സംഘപരിവാറിന്റെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് ഏഷ്യാനെറ്റ് ചാനൽ പ്രവർത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. നുണയ്ക്ക് മേല്‍ വസ്തുതാന്വേഷണം നേടിയ വിജയമാണ് ഓമനക്കുട്ടന്‍ സംഭവമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

പെയ്ഡ് ന്യൂസിന്റെ കാലത്തും മാധ്യമമേഖലയിൽ വസ്തുതാന്വേഷണത്തിന് ഇടമുണ്ട്. ആരെങ്കിലും അത്തരത്തിൽ കഴമ്പുള്ള ഇടപെടൽ നടത്തിയാൽ നുണ പ്രചരിപ്പിക്കുന്നവർക്ക് പിൻവലിയേണ്ടിയും വരും. അങ്ങനെയൊരിടവും കേരളത്തിൽ ലഭ്യമാണെന്ന പാഠമാണ് ഓമനക്കുട്ടൻ സംഭവത്തിൽ നിന്ന് മാധ്യമപ്രവർത്തകർ പഠിക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു. ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 രസകരമായ അനുഭവം

രസകരമായ അനുഭവം

ഒറ്റദിവസം കൊണ്ട് സഖാവ് ഓമനക്കുട്ടനെ താരമാക്കിയ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രസകരമായ ഒരനുഭവമുണ്ടായി. വിവാദപ്പിറ്റേന്ന് ഉച്ചയ്ക്കാണ് ഞാനെത്തിയത്. ജില്ലാ സെക്രട്ടറി ആർ നാസറും ഏരിയാ സെക്രട്ടറി രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. കാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ ഊണുകഴിക്കുന്നോ എന്നായി ക്യാമ്പ് അംഗങ്ങൾ. മീൻ കറിയുണ്ടെന്നു പ്രലോഭനം. എങ്കിൽ, "ചോറു വേണ്ട, മീൻ പോരട്ടെ" എന്നായി ഞാൻ. ചെറുതായൊന്ന് പരിഹസിക്കാൻ കിട്ടിയ അവസരം ഒരു ക്യാമ്പ് അംഗം വിട്ടുകളഞ്ഞില്ല. "സാറേ, ഇത് സർക്കാർ വക മീനല്ല, കേട്ടോ" എന്ന ഡയലോഗ് കൂട്ടച്ചിരി പരത്തി. ഏതായാലും പിരിമുറുക്കം അയഞ്ഞിരുന്നു.ഒരുരാത്രികൊണ്ട് ഒരു സംഭവം ഇത്തരത്തിൽ കീഴ്മേൽ മറിഞ്ഞ അനുഭവം അപൂർവമായിരിക്കും. റെവന്യൂ സെക്രട്ടറി ഡോ. വേണുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് വന്നതോടെതന്നെ കാര്യങ്ങൾ ഏറെക്കുറെ ട്രാക്കിലായിരുന്നു. ക്യാമ്പിൽ കുറച്ചുനേരം ചെലവഴിച്ചതിന്റെ അനുഭവത്തിൽ എന്റെ മനസിൽ തട്ടിയ ചില കാര്യങ്ങൾ പറയട്ടെ.

cmsvideo
  തുടര്‍ച്ചയായ പ്രളയത്തിന് പിന്നില്‍ ഈ പ്രതിഭാസമോ ? | #KeralaFloods | Oneindia Malayalam
   അച്ചാരം വാങ്ങിയതുപോലെയാണ്

  അച്ചാരം വാങ്ങിയതുപോലെയാണ്

  ഒന്ന്) സിപിഐഎമ്മിനെതിരെ പൊതുബോധം സൃഷ്ടിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ബോധപൂർവം ഉത്സാഹിക്കുന്നുണ്ട്. സംഘപരിവാറിന്റെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് ഏഷ്യാനെറ്റ് ചാനൽ പ്രവർത്തിക്കുന്നത്. അവതാരകന്റെയോ നടത്തിപ്പുകാരുടെയോ മുതലാളിയുടെയോ, ആരുടെ അജണ്ടയാണെന്ന അന്വേഷണത്തിൽ പ്രസക്തിയൊന്നുമില്ല. സമീപനം വ്യക്തമാണ്. അതേസമയം, കേരളത്തിലെ ചാനലുകളും മാധ്യമപ്രവർത്തകരുമെല്ലാം ഇത്തരക്കാരാണെന്ന നിലപാട് ശരിയുമാവില്ല.ഇന്നത്തെ മാധ്യമമേഖല വല്ലാതെ വാണിജ്യവത്കരിക്കപ്പെട്ടു കഴിഞ്ഞു. അവിടെ ഒരു സെൻസേഷൻ വാർത്ത ബ്രേക്കു ചെയ്യപ്പെട്ടാൽ മറ്റു മാധ്യമങ്ങൾക്ക് അവഗണിക്കാനാവില്ല. സിപിഐഎമ്മിനെതിരെയാകുമ്പോൾ പ്രത്യേകിച്ചും. മത്സരബുദ്ധിയോടെ അവർ വാർത്ത പടർത്തും. കൊടിയ കിടമത്സരത്തിന്റെ സമ്മർദ്ദമാണത്. അതിനു കീഴടങ്ങുമ്പോൾപ്പോലും തങ്ങൾ കൊടുക്കുന്ന വാർത്തയിൽ എത്രമാത്രം വസ്തുതയുണ്ട് എന്ന ജാഗ്രത പുലർത്താൻ മാധ്യമപ്രവർത്തകർ തയ്യാറാവുകയല്ലാതെ, ഇത് അതിജീവിക്കാൻ പോംവഴിയില്ല.

  "കൊടിയ അഴിമതി"

  അത്തരത്തിൽ ഓമനക്കുട്ടൻ സംഭവത്തിലും വഴി മാറി നടക്കാൻ തയ്യാറായ ചാനലുകളും മാധ്യമപ്രവർത്തകരുമുണ്ട്. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ "കൊടിയ അഴിമതി" എല്ലാവരും കൊണ്ടാടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ മനോരമ വിഷൻ പ്രതിനിധി ക്യാമ്പു സന്ദർശിച്ച് ഒരു വ്യത്യസ്ത റിപ്പോർട്ടു നൽകിയത് ഉദാഹരണം. മനോരമ ചാനലിന്റെ വാർത്ത വന്നപ്പോൾ ഇതര ചാനലുകൾ പിൻവലിഞ്ഞു. ബ്രേക്കിംഗ് ന്യൂസ് ആഘോഷവും അവസാനിച്ചു.

   വസ്തുതാന്വേഷണത്തിന് ഇടമുണ്ട്

  വസ്തുതാന്വേഷണത്തിന് ഇടമുണ്ട്

  നുണയ്ക്കു മേൽ വസ്തുതാന്വേഷണം നേടിയ വിജയമാണത്. തുടർന്ന് രാജീവ് ദേവരാജിനെപ്പോലുള്ള മാധ്യമപ്രവർത്തകർ പരസ്യമായി മാപ്പു പറഞ്ഞു. ഹർഷനെപ്പോലുള്ളവർ പരസ്യമായ നിലപാടെടുത്തു. ഞാൻ പറഞ്ഞുവരുന്നത്, പ്രശ്നം മാധ്യമപ്രവർത്തനത്തിലെ ജനാധിപത്യവത്കരണത്തിന്റേതാണ്. പെയ്ഡ് ന്യൂസിന്റെ കാലത്തും മാധ്യമമേഖലയിൽ വസ്തുതാന്വേഷണത്തിന് ഇടമുണ്ട്. ആരെങ്കിലും അത്തരത്തിൽ കഴമ്പുള്ള ഇടപെടൽ നടത്തിയാൽ നുണ പ്രചരിപ്പിക്കുന്നവർക്ക് പിൻവലിയേണ്ടിയും വരും. അങ്ങനെയൊരിടവും കേരളത്തിൽ ലഭ്യമാണെന്ന പാഠമാണ് ഓമനക്കുട്ടൻ സംഭവത്തിൽ നിന്ന് മാധ്യമപ്രവർത്തകർ പഠിക്കേണ്ടത്.

   ദുരിതാശ്വാസ ക്യാമ്പ് നടന്നുകൊണ്ടിരുന്നത്

  ദുരിതാശ്വാസ ക്യാമ്പ് നടന്നുകൊണ്ടിരുന്നത്

  രണ്ട്) ദുരിതാശ്വാസക്യാമ്പു നടത്തിപ്പിന് സർക്കാർ ചില ചിട്ടകളും നിബന്ധനകളും വെച്ചിട്ടുണ്ട്. അതുപ്രകാരമല്ല മേൽപ്പറഞ്ഞ ദുരിതാശ്വാസ ക്യാമ്പ് നടന്നുകൊണ്ടിരുന്നത്. എന്നാൽ, അതിനു കാരണക്കാർ അവിടെ താമസിക്കുന്നവരല്ല. അതെങ്ങനെ സംഭവിച്ചു എന്ന് വകുപ്പു പരിശോധിക്കട്ടെ. എനിക്ക് പറയാനുള്ളത് സർക്കാർ ഉത്തരവുപ്രകാരമുള്ള നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോഴും ഓരോ സ്ഥലത്തും ക്യാമ്പുകൾ നടക്കുന്നതിന് അതിന്റേതായ കീഴു്വഴക്കങ്ങളുണ്ട്. മിക്കവാറും ക്യാമ്പുകളിൽ ക്യാമ്പ് അംഗങ്ങൾ തന്നെയാണല്ലോ പാചകം ചെയ്യുക. വില്ലേജ് ഓഫീസിൽ നിന്ന് സ്ലിപ്പ് വാങ്ങി സിവിൽ സപ്ലൈസിലോ ഹോർട്ടി കോർപിലോ പോയി അവർതന്നെ സാധനമെടുക്കും. വില്ലേജ് ഓഫീസുകാർ കൊണ്ടുകൊടുക്കുന്നതുവരെ കാത്തിരിക്കാറില്ല. ക്യാമ്പ് നടത്തുന്നതിന് മുൻകൈയെടുക്കുന്നവർ തങ്ങളുടെ ഉത്തരവാദിത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ചുമതലയാണത്. ക്യാമ്പിൽ വേണ്ട സാധനങ്ങളും നടത്തിപ്പിനുള്ള പണവും സംഭാവന നൽകുന്ന സന്മനസുള്ളവരുമുണ്ട്. ഈ യാഥാർത്ഥ്യങ്ങളൊക്കെ മനസിലാക്കിവേണം പ്രശ്നങ്ങളെ സമീപിക്കേണ്ടത്. യാന്ത്രികമായ സമീപനം അബദ്ധമാണ്. അതും ഈ വിവാദത്തിലെ വലിയൊരു പാഠമാണ്.

   എങ്ങനെ വലിയൊരു പാതകമാകും?

  എങ്ങനെ വലിയൊരു പാതകമാകും?

  ക്യാമ്പിലേയ്ക്ക് സാധനങ്ങൾ കൊണ്ടുവന്നതിന്റെ ഓട്ടോറിക്ഷാക്കൂലി എല്ലാവരും ചേർന്ന് വഹിച്ചത് എങ്ങനെ വലിയൊരു പാതകമാകും? സർക്കാരിൽ നിന്ന് പണം വരുന്നതു വരെ കാത്തിരിക്കാൻ തയ്യാറാകാതെ, കാര്യങ്ങൾ സുഗമമായി നടക്കണമെന്നേ അവർ കരുതിയുള്ളൂ. അതേക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടതും ഉടനെ ജാമ്യമില്ലാ കേസെടുത്തതുമൊക്കെ തികഞ്ഞ അസംബന്ധമാണ്. ഇവിടത്തെ മൂർത്തമായ സാഹചര്യമെന്താണ്? നല്ലൊരു മഴ പെയ്താൽ കറുപ്പേൽചാലിന്റെ ഇരുവശത്തു താമസിക്കുന്നവരെല്ലാം പൊക്കപ്പുറത്ത് താൽക്കാലിക ഷെഡു കെട്ടി താമസം മാറും. അത്രയ്ക്കു വെള്ളക്കെട്ടാണ്. ക്യാമ്പ് നടത്താൻ സർക്കാരിൽ നിന്ന് വല്ലതും കിട്ടിയാൽ വാങ്ങും, ഇല്ലെങ്കിൽ അന്തേവാസികൾ തന്നെ ചെലവ് പങ്കിട്ടെടുക്കും. കഴിഞ്ഞ മുപ്പതു വർഷമായി അവർ ഇങ്ങനെയാണ് കഴിഞ്ഞു വന്നിരുന്നത്. സാധാരണഗതിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടന്റെ വളപ്പിലാണ് ഷെഡ് കെട്ടുക. ഇതിനൊരു പ്രതിവിധിയായാണ് അംബേദ്കറുടെ നാമധേയത്തിൽ കമ്മ്യൂണിറ്റി ഹാൾ പണിതത്. പഴയ കീഴു്വഴക്കം പുതിയ ഹാളിലും തുടർന്നു. സാധനങ്ങൾ കൊണ്ടുവരുന്നതിന്റെ കൺവെയൻസ് ചെലവടക്കം വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങാൻ അവകാശമുണ്ട് എന്ന കാര്യം ഓമനക്കുട്ടനോ മറ്റ് ക്യാമ്പ് അംഗങ്ങൾക്കോ അറിയില്ല.

   വികസനത്തിന്റേതാണ് എന്നു കാണാതിരുന്നുകൂട

  വികസനത്തിന്റേതാണ് എന്നു കാണാതിരുന്നുകൂട

  സഹാനുഭൂതിയോടെയാണ് ഇക്കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടത്. റവന്യൂ സെക്രട്ടറി ഡോ. വേണുവിന്റെ സമീപനം ഉദാഹരണം. കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞപ്പോൾത്തന്നെ പരാതി പിൻവലിക്കാൻ ജില്ലാ കളക്ടർക്കു നിർദ്ദേശം നൽകുകയും റവന്യൂവകുപ്പ് കേസുമായി മുന്നോട്ടു പോകില്ല എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. മാത്രമല്ല, ഓമനക്കുട്ടനേറ്റ ക്ഷതങ്ങളുടെ പേരിൽ ആ സഖാവിനോട് പരസ്യമായി മാപ്പു പറയാനും ഡോ. വേണു തയ്യാറായി. ആ നിലപാടിനെ എത്ര ആവേശത്തോടെയാണ് പൊതുസമൂഹം ഏറ്റെടുത്തത് എന്നു നോക്കൂ.മൂന്ന്) ഇതൊക്കെപ്പറയുമ്പോൾത്തന്നെ, ഈ വിവാദവുമായി ബന്ധപ്പെട്ടുയരുന്നതും ഇനിയും പരിഹരിക്കേണ്ടതുമായ പ്രശ്നം വികസനത്തിന്റേതാണ് എന്നു കാണാതിരുന്നുകൂട. വീട്, വൈദ്യുതി, വെള്ളം എന്നിങ്ങനെ ഈ പ്രദേശം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിനും പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല.

   അതു ചെയ്യാം എന്നുറപ്പു നൽകി

  അതു ചെയ്യാം എന്നുറപ്പു നൽകി

  പൊതുവിൽ പട്ടികജാതി വികസന പുരോഗതിയുണ്ടെന്നു പറയുമ്പോൾത്തന്നെ ചില പ്രദേശങ്ങളും ഉപവിഭാഗങ്ങളും പരിഗണനയിൽ നിന്ന് വിട്ടുപോകുന്നു. പ്രശ്നങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവും പ്രാദേശിക സർക്കാരുകൾക്കില്ല എന്നു ഞാൻ പറയില്ല. കറുപ്പേൽച്ചാൽ ആഴം കൂട്ടി പുനരുദ്ധരിച്ച് ഈ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പദ്ധതിയ്ക്കാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ ഏറ്റവും പ്രധാന വകയിരുത്തലുകളിലൊന്ന്. ഈ പദ്ധതിയുടെ മുന്നൊരുക്കമായി നടത്തിയ പുഴനടത്തത്തിൽ ഞാനും സ. തിലോത്തമനും പങ്കാളികളുമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച നബാർഡ് സഹായം ലഭ്യമാകാത്തതുകൊണ്ട് പദ്ധതി പൂർത്തീകരിച്ചിട്ടില്ല.വെള്ളക്കെട്ടിനോടൊപ്പം വീട്, വൈദ്യുതി, കുടിവെള്ളം, റോഡ് എന്നിവയൊക്കെ ഒരു സംയോജിത പരിപാടിയിലൂടെ പരിഹരിക്കാൻ കഴിയണം. അംബേദ്കർ പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ട് അതിന്റെ പണിയൊന്നും ആരംഭിച്ചിട്ടില്ല എന്ന് ക്യാമ്പ് അംഗങ്ങൾ എന്നോടു പറഞ്ഞു. ഇതെല്ലാം കൂട്ടിച്ചേർത്ത് ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന സർക്കാരിന്റെയും സംയോജിതമായ പദ്ധതിയുണ്ടാക്കി സമയബന്ധിതമായി നടപ്പിലാക്കുകയാണ് വേണ്ടത്. അതു ചെയ്യാം എന്നുറപ്പു നൽകിയാണ് ഞാൻ ക്യാമ്പിൽനിന്ന് പിരിഞ്ഞത്.

   ഓമനക്കുട്ടനിൽ നിന്ന് പഠിക്കാനുണ്ട്

  ഓമനക്കുട്ടനിൽ നിന്ന് പഠിക്കാനുണ്ട്

  നാല്) പാർടി നടപടിയ്ക്കു വിധേയനായപ്പോഴും ഓമനക്കുട്ടൻ ഒരുത്തമ സഖാവിനെപ്പോലെ പ്രതികരിച്ചു എന്നത് എല്ലാവർക്കും ഒരു മാതൃകയാണ്. അണികൾക്കു മാത്രമല്ല, നേതാക്കൾക്കും ഓമനക്കുട്ടനിൽ നിന്ന് ചില അടിസ്ഥാനപാഠങ്ങൾ പഠിക്കാനുണ്ട്. ഒരിക്കൽപ്പോലും ഓമനക്കുട്ടൻ പാർടി തീരുമാനത്തെ വെല്ലുവിളിക്കുകയോ തള്ളിപ്പറയുകയോ ചെയ്തില്ല. തന്റെ ഭാഗമാണ് ശരിയെന്ന് സർക്കാരും നാടും അംഗീകരിച്ചപ്പോഴും യഥാർത്ഥ സഖാവായിത്തന്നെ ഓമനക്കുട്ടൻ പെരുമാറി. അതേസമയം, ആരോപിതമായ കുറ്റത്തെക്കുറിച്ച് കുമ്പസാരത്തിന് തയ്യാറായതുമില്ല. തലയുയർത്തി നിന്നുകൊണ്ടാണ്, അന്വേഷണത്തിലൂടെ തന്റെ പാർടി ശരിയായ നിലപാടിലെത്തും എന്ന ശുഭപ്രതീക്ഷ

  ആ സഖാവ് ഉയർത്തിപ്പിടിച്ചത്. പാർടി നിലപാടും ഓമനക്കുട്ടന്റെ നിലപാടും ഒരേസമയം ശരിയാകുന്നതെങ്ങനെ എന്നൊക്കെ ചാനലുകൾ കുത്തിക്കുത്തിച്ചോദിച്ചിട്ടും പാർടിയ്ക്കെതിരെ ഒരക്ഷരം ആ സഖാവിന്റെ നാവിൽ നിന്നു വീണില്ല. തന്റെ ഈ നിലപാടിൽ ഒരു വൈരുദ്ധ്യവും ഓമനക്കുട്ടൻ കാണുന്നില്ല. ഓമനക്കുട്ടൻ തിരിച്ചറിഞ്ഞില്ലെങ്കിലും ഇതിനെയാണ് ഡയലക്റ്റിക്കൽ വിശകലന രീതിയെന്നു പറയുന്നത്.

   ഒരു ആർഎസ്എസ് പ്രവർത്തകനുണ്ട്

  ഒരു ആർഎസ്എസ് പ്രവർത്തകനുണ്ട്

  അഞ്ച്) നാട്ടിൽ എത്രയോ നാളായി നടന്നു വരുന്ന ഒരു സാധാരണകാര്യത്തെ ഇത്തരത്തിൽ വലിയൊരു വിവാദമാക്കിയ സ്രോതസ് ഏതാണ്? ഈ ക്യാമ്പിന് തൊട്ടടുത്ത് വിവി ഗ്രാമം എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള മൂന്നു കുടുംബങ്ങൾ കൂടി ഇത്തവണ ഈ ക്യാമ്പിലേയ്ക്ക് വന്നു. തുടർന്ന് അവരെ ഉൾപ്പെടുത്തണോ എന്ന് ചെറിയൊരു തർക്കമൊക്കെ ഉണ്ടാവുകയും ചെയ്തു. ഓമനക്കുട്ടൻ ഇടപെട്ടാണ് അവരെ ഉൾപ്പെടുത്താൻ തീരുമാനിച്ചതും. അതിലൊരു കുടുംബത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകനുണ്ട്. അയാളാണ് ഓട്ടോക്കൂലി പങ്കിട്ടെടുക്കുന്ന സന്ദർഭം വീഡിയോയിൽ പകർത്തി, ദുരിതാശ്വാസ ക്യാമ്പിൽ അനധികൃത പണപ്പിരിവു നടക്കുന്നു എന്ന വ്യാഖ്യാനം ചമച്ച് പ്രചരിപ്പിച്ചത്. നമ്മുടെ സമൂഹത്തിന് അപകടകരമായ ഇങ്ങനെയൊരു ജനുസ് ഉണ്ടായിട്ടുണ്ട് എന്നും നാം കാണണം. ഇവർക്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയസംസ്ക്കാരവുമായി ഒരു ബന്ധവുമില്ല.

   കരുതിയിരിക്കണം എന്നു മാത്രം

  കരുതിയിരിക്കണം എന്നു മാത്രം

  ഉദാഹരണത്തിന് എന്റെ പോസ്റ്റുകൾക്കടയിൽ ഈ വിഭാഗത്തിന്റെ കമന്റുകൾ കാണുക. ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച പോസ്റ്റൊഴികെ മറ്റെല്ലാ പോസ്റ്റിലും ഈ ദുഷിച്ച സംസ്ക്കാരം പ്രകടമാണ്. പൊതുവിൽ കാര്യങ്ങളെ സംവാദാത്മകമായാണ് ഞാൻ സമീപിക്കുന്നത്. അവിടെ വന്ന് ഇത്തരത്തിൽ ഭാഷ ഉപയോഗിക്കേണ്ട ഒരു കാര്യവുമില്ല. ആ കമന്റുകളൊന്നും ഡിലീറ്റു ചെയ്യുന്നില്ല. അക്കൂട്ടരുടെ സംസ്ക്കാരത്തിന്റെ സ്മാരകമായി ആ കമന്റുകൾ അവിടെ കിടക്കട്ടെ.ഇമ്മട്ടിൽ നുണ പ്രചരിപ്പിക്കുന്നവരെ സമൂഹം കരുതിയിരിക്കണം എന്നു മാത്രം പറയട്ടെ.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

  English summary
  Thomas Issac facebook post about Omanakkuttan issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more