'തൊപ്പി'കാരണം അന്നംമുട്ടി, വിളിച്ച് അസഭ്യം പറഞ്ഞ് 10-15 വയസുള്ള കുട്ടികൾ; പരാതിക്കാരൻ
കണ്ണൂർ: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദ് തന്റെ അന്നംമുട്ടിച്ചെന്ന് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ സജി സേവ്യർ. കുട്ടികളാണ് തന്റെ നമ്പറിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞതെന്നും നിഹാദിനെതിരെ നിയമപോരാട്ടം തുടരുമെന്നും സജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കമ്പിവേലി നിർമ്മിക്കുന്ന ജോലി ചെയ്യുന്ന സജി സേവ്യറിനെ ഫോണിലൂടെ നിരന്തരം വിളിച്ച് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ കഴിഞ്ഞ ദിവസം നിഹാദിനെ ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐടി ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്.
കമ്പിവേലി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരസ്യം സജി നൽകിയിരുന്നു. ഇതിന്റെ പരസ്യ ബോർഡുകൾ ഫോൺ നമ്പർ സഹിതം വിവിധ ഇടങ്ങളിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിഹാദ് ഈ നമ്പറിൽ വിളിച്ച് നിരന്തരം അശ്ലീല ഭാഷയിൽ സംസാരിക്കുകയും നമ്പർ ഉൾപ്പെടെ പ്രദർശിപ്പിച്ച് വീഡിയോ യുട്യൂബിൽ പങ്കിടുകയുമായിരുന്നു. ഈ വീഡിയോ കണ്ട് പലരും സജിയുടെ നമ്പറിലേക്ക് വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയതോടെയായിരുന്നു ഇദ്ദേഹം പോലീസിനെ സമീപിച്ചത്.

ഒരു ദിവസം 45 കോളുകൾ വരെ തനിക്ക് ലഭിച്ചിരുന്നതായി സജി പറയുന്നു. 'വിളിക്കുന്നത് അധികവും കുട്ടികളാണ്. 10-15 വയസുള്ള കുട്ടികളാണ്,നിഹാദ് ഉപയോഗിക്കുന്നത് പോലുള്ള ഭാഷയാണ് കുട്ടികൾ ഉപയോഗിക്കുന്നത്. എന്തിനാണ് തൊപ്പിക്കെതിരെ പരാതി കൊടുത്തതെന്ന് ചോദിച്ച് കുട്ടികൾ വിളിച്ചു. തൊപ്പി പാവമാണെന്നാണ് ചിലർ പറഞ്ഞു. ദിവസവും നിരന്തരം കോളുകൾ വരാൻ തുടങ്ങിയതോടെ ജോലി ആവശ്യത്തിന് വിളിക്കുന്ന കോൾ ഏതാണെന്ന് മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയായി', സജി പറഞ്ഞു.
17 കൊല്ലമായി താൻ ഉപയോഗിച്ച് കൊണ്ടിരുന്ന നമ്പറിലേക്ക് ഈ കോളുകൾ വരുന്നത്. ഇതോടെ 60 ശതമാനത്തോളം വർക്ക് കുറഞ്ഞു. ഈ നമ്പർ മാറ്റിയാൽ ഞാൻ സീറോ ആയിപ്പോകും', സങ്കടത്തോടെ സജി വ്യക്തമാക്കി. 'എനിക്കും രണ്ട് മക്കളുണ്ട്, അവരെക്കാൾ ചെറിയ കുട്ടികളാണ് തൊപ്പിക്ക് വേണ്ടി വിളിക്കുന്നത്. ആ കുട്ടികളുടെ കാര്യം ഓർത്ത് കഷ്ടം തോന്നുകയാണ്. ഈ കുട്ടികളുടെ പോക്ക് എങ്ങോട്ടാണ്. ഈ രീതിയിൽ ആരേയും ഇനി ദ്രോഹിക്കരുത്', സജി പറഞ്ഞു.
സജിയടെ പരാതിയിൽ ഐടി ആക്ടിലെ 67ാം വകുപ്പ് പ്രകാരമായിരുന്നു നിഹാലിനെതിരെ കേസെടുത്തത്. കേസിൽ അറസ്റ്റിലായ തൊപ്പിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ നിഹാദിനെ നേരത്തേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ളാഞ്ചേരിയിലെ കട ഉദ് ഘാടനത്തിനിടെ നിഹാൽ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications