'പാറ്റകളല്ലാത്തവർ ഉറക്കെ പറയൂ'; മോഹനൻ കുന്നുമ്മലിനെതിരെ പ്രതിഷേധം കടുക്കുന്നു
'പാറ്റ' പരാമർശത്തിൽ കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മലിനെതിരെ പ്രതിഷേധം കടുക്കുന്നു. മത്സരപരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്ന വിജയതാരകം പരിപാടിയിൽ വിസി നടത്തിയ പരാമർശമാണ് വിവാദമായത്. ചടങ്ങിനിടെ സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികളോട് നിങ്ങളിൽ പാറ്റകള്‍ അല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തൂ എന്ന് മോഹനൻ കുന്നുമ്മൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇതിനോട് പ്രതികരിച്ചില്ല. ഇതോടെ തൻ്റെ പ്രസംഗം അദ്ദേഹം വേഗത്തിൽ അവസാനിപ്പിച്ചു.
ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വിസിയുടെ പരാമർശം. നിങ്ങളെപ്പോലെയുള്ളവരെ ചില ആളുകൾ പാറ്റകൾ എന്നാണു വിളിക്കുന്നത്. നിങ്ങൾ പാറ്റകളാണോ? നിങ്ങൾ ഈ നാടിന്റെ നാടിന്റെ കരുത്തായ സിംഹങ്ങളാണ്. നിങ്ങൾ പാറ്റയാണോ സിംഹങ്ങളാണോ എന്നും വിസി ചോദിച്ചു. എന്നാൽ വിദ്യാർത്ഥികളാരും പ്രതികരിച്ചില്ല. ഇതോടെ വിസി ചോദ്യം ആവർത്തിച്ചു. പിന്നാലെ ഒന്നോ രണ്ടോ കുട്ടികൾ മറുപടി നൽകിയെങ്കിലും മറ്റുള്ളവർ മിണ്ടിയില്ല.

ഇതോടെ നിങ്ങൾ പാറ്റകളല്ലെന്നും കരുത്തുറ്റ സിംഹങ്ങളും ദുർഗ ദേവികളും ആണെന്നും വിസി പറഞ്ഞു. അറിവും കഴിവും സ്വന്തമാക്കിയാൽ ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവർ നാളെ ഈയാംപാറ്റകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരാമർശത്തിൽ മോഹനൻ കുന്നമ്മലിനെതിരെ വിമർശനം കടുക്കുകയാണ്.
മോഹനൻ കുന്നുമ്മൽ ബി ജെ പി വക്താവായി മാറിയെന്ന് മുൻ മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. സംഘപരിവാർ ആശയങ്ങളെ നെഞ്ചേറ്റിയെടുത്ത് കാവിവത്ക്കരണത്തിന് കുട പിടിക്കുന്ന ഈ വി സി ക്ക് നൽകേണ്ട മറുപടിയാണ് കുട്ടികൾ നൽകിയതെന്നും അവർ പറഞ്ഞു.
'വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് കോക്രോച്ച് പാർട്ടിയുടെ സമരത്തിനെതിരെ സംസാരിച്ചപ്പോൾ നിശ്ശബ്ദതയിലൂടെ അദ്ദേഹത്തിന്റെ ആശയത്തിനെതിരായി പ്രതിഷേധിച്ച കൊച്ചുമിടുക്കികളും മിടുക്കന്മാരും, ഇന്നത്തെ ചിന്തിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണ്. ബി ജെ പി/ സംഘപരിവാർ ആശയങ്ങളെ നെഞ്ചേറ്റിയെടുത്ത് കാവിവത്ക്കരണത്തിന് കുട പിടിക്കുന്ന ഈ വി സി ക്ക് നൽകേണ്ട മറുപടിയാണ് കുട്ടികൾ നൽകിയത്. പത്ത് വർഷക്കാലത്തിനിടയിൽ 150 അഖിലേന്ത്യാ മത്സരപരീക്ഷകളിൽ ക്രമക്കേടുണ്ടായത് മനസ്സിലാക്കി സമകാലിക ഇന്ത്യയുടെ ശോചനീയാവസ്ഥ തിരിച്ചറിയുന്ന കുട്ടികൾ...വിദ്യാഭ്യാസത്തെ വർഗ്ഗീയതയാൽ വിഷമയമാക്കിയും വാണിജ്യവത്കരണവും വരണ്യവത്ക്കരണവും ഊർജ്ജിതപ്പെടുത്തി തകർത്തുകളയുകയും ചെയ്യുന്ന ബി ജെ പി/ ആർ എസ്സ് എസ്സ് അക്ഷര വിരോധികളെ പുതിയ തലമുറ തിരിച്ചറിയുന്നു.
കേരള സർവകലാശാലാ വി സിക്ക് വേണ്ട യോഗ്യതയായ സർവ്വകലാശാലയിൽ പഠിപ്പിക്കുന്ന ഏതെങ്കിലും വിഷയത്തിൽ പി എച്ച് ഡി എന്ന അക്കാദമിക യോഗ്യത ഇല്ലാഞ്ഞിട്ടും ചാൻസലർ ആയ ഗവർണ്ണറുടെ ആർ എസ്സ് എസ്സ് അജണ്ടക്ക് പാർശ്വ വർത്തിയായി നിൽക്കുകയും കോടതിയിൽ പോയി സൂത്രമൊപ്പിക്കുകയും ചെയ്ത് വി സി യായി തുടരുന്ന മോഹനൻ കുന്നുമ്മൽ ആർ എസ്സ് എസ്സ് ശിബിരത്തിൽ സ്ഥിരമായി പങ്കെടുത്തുകൊണ്ടാണ് സർവ്വകലാശാലയിൽ പയറ്റുന്നത്. അയ്യയ്യേ നാണക്കേട് എന്നല്ലാതെ എന്ത് പറയാൻ?', അവർ ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications