കുടുംബം പോറ്റാൻ കടൽ കടന്ന് പോയവർ; ഇത് ഹൃദയം തകർന്ന് പോകുന്ന കാഴ്ച'; കെ സുധാകരൻ
കുവൈത്ത് ദുരന്തത്തിൽ അനുശോചിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അനേകം പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതിക്ഷകളും ആശകളുമാണ് ചേതനയറ്റ ശരീരങ്ങളായി തിരിച്ചു വന്നിരിക്കുന്നതെന്നും എത്ര കരുത്തുള്ളവർ ആണെങ്കിലും ഹൃദയം തകർന്നു പോകുന്ന കാഴ്ചയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'അനേകം പ്രതീക്ഷകളും കിനാവുകളുമായിട്ടാണ് ഓരോ മനുഷ്യരും പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ യാതൊരു പരിഭവവും ഇല്ലാതെ മുന്നോട്ട് പോകാൻ അവർക്ക് കരുത്താവുന്നത് കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും ഓർമകളുമാണ്. അങ്ങനെയുള്ള അനേകം പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതിക്ഷകളും ആശകളുമാണ് ചേതനയറ്റ ശരീരങ്ങളായി തിരിച്ചു വന്നിരിക്കുന്നത്.

എത്ര കരുത്തുള്ളവർ ആണെങ്കിലും ഹൃദയം തകർന്നു പോകുന്ന കാഴ്ചയാണിത്. ഓരോ കുടുംബങ്ങൾക്കും ഈ ദുഃഖം താങ്ങാനുള്ള മനക്കരുത്ത് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. കുടുംബം പോറ്റാൻ കടൽ കടന്നുപോയി അപകടത്തിൽ മരണപ്പെട്ട പ്രിയ സോദരങ്ങൾക്ക് കണ്ണീർ പ്രണാമം', പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
അനുശോചിച്ച് കെസി വേണുഗോപാൽ
'അടച്ചുറപ്പുള്ള വീട്, മാതാപിതാക്കളുടെ ചികിത്സ, വിവാഹം, മക്കളുടെ പഠനം. അങ്ങനെ എത്രയെത്ര പ്രതീക്ഷകളും കിനാവുകളുമായിട്ടായിരിക്കും നമ്മുടെയൊക്കെ പ്രിയപ്പെട്ടവർ പ്രവാസ ജീവിതത്തിലേക്ക് നടന്നുകയറുന്നത്. ഈ സ്വപ്‌നങ്ങളിൽ പാതിയെങ്കിലും നേടണമെന്ന തീവ്രമായ ആഗ്രഹത്തിന്റെ പുറത്താണ് പരിമിതമായ തൊഴിൽ സാഹചര്യങ്ങളിൽ നിന്ന് ആ മനുഷ്യർ ജോലിയെടുക്കുന്നത്. അങ്ങനെയുള്ള 23 പേരുടെ ചേതനയറ്റ ശരീരമാണ് അൽപ്പം മുൻപ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഹൃദയഭേദകമാണ് ഈ അവസ്ഥ.
മരണപ്പെട്ട ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ ഈ ദിവസങ്ങളിൽ തിരക്കിയറിഞ്ഞു. ഓരോരുത്തർക്കും അതിജീവിക്കാൻ വേണ്ടി പ്രവാസ ജീവിതം നയിക്കേണ്ടി വന്നതിന്റെ ഒരുപാട് കഥകളുണ്ട്. ഒടുവിൽ പാതിവഴിയിൽവെച്ച് സ്വപ്‌നങ്ങൾ അവശേഷിപ്പിച്ച് അവർ മടങ്ങുകയാണ്. ഉറ്റവർ നഷ്ടപ്പെട്ടവരുടെ വേദനകൾക്ക് ഒന്നും പകരമാവില്ല. അവരുടെ കണ്ണീരിനും ശൂന്യതയ്ക്കുമൊപ്പം നിൽക്കുക, അവരെ ചേർത്തുപിടിക്കുക എന്നതാണ് ഈ നിമിഷം നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുക', കെസി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications