അന്ന് കണ്ണുനീർ അനുഭവിച്ചവർക്ക് ഇന്ന് സന്തോഷം: മാറ്റം ഈ രണ്ട് ചിത്രങ്ങളിലുണ്ടെന്ന് പി രാജീവ്
മാറാത്തതെന്തുണ്ടെന്ന ചോദ്യത്തിന് ഞങ്ങളുടെ കണ്ണുനീരെന്ന് മറുപടി പറഞ്ഞിരുന്നവർ പോലും സന്തോഷിക്കുന്ന കാലമായിരിക്കുന്നു ഇടതുപക്ഷ സർക്കാരിൻ്റെ ഭരണകാലമെന്ന് പി രാജീവ്. ഇന്ന് എറണാകുളം പി & ടി കോളനിവാസികൾക്ക് ഓണസമ്മാനമായി സംസ്ഥാന സർക്കാർ ഫ്ലാറ്റ് സമുച്ചയം നൽകുമ്പോൾ എക്കാലവും ആദിയോടെ കഴിഞ്ഞിരുന്ന 83 കുടുംബങ്ങളാണ് പുതിയ സ്വപ്നങ്ങൾ നെയ്ത് തുടങ്ങുന്നത്. ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് വന്നിരിക്കുന്ന മാറ്റം രണ്ട് ചിത്രങ്ങൾ കൊണ്ട് നമുക്ക് മനസിലാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
പേരണ്ടൂർ കനാലിൻ്റെ പുറമ്പോക്കിൽ ജീവിതം തീർന്നുപോകുമായിരുന്ന മുന്നൂറിലധികമാളുകൾ ഈ നിമിഷം നമുക്ക് അനുഭവിച്ചറിയാൻ കഴിയുന്നതിലും വലിയ സന്തോഷത്തിൽ ജീവിക്കുകയാണ്. ഓരോ മഴക്കാലവും പെട്ടിയുമെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകേണ്ടിവന്നവർ, അവശരായവരെ ചുമലിലേറ്റേണ്ടിവന്നവർ. എല്ലാത്തിനും ശാശ്വതമായൊരു പരിഹാരം ഉണ്ടായിരിക്കുന്നു. ഇച്ഛാശക്തിയോടെ ലൈഫ് മിഷനും ഗ്രേറ്റർ കൊച്ചി ഡെവലപ്മെൻ്റ് അതോറിറ്റിയും ഈ കുടുംബങ്ങൾക്കൊപ്പം നിന്നപ്പോൾ ജിസിഡിഎയുടെ 70 സെൻ്റോളം ഭൂമിയിൽ 14.61 കോടി രൂപയിൽ എല്ലാവർക്കും വീട് ലഭ്യമായിരിക്കുന്നു.

നൂതന നിർമ്മാണ മാതൃകയായ പ്രീ എഞ്ചിനീയേഡ് ബിൽഡിംഗ് സ്ട്രക്ചർ രീതിയി നാലുനിലകളിലായി പണിത രണ്ട് ബ്ലോക്കുകൾ. 375 ചതുരശ്രഅടി വിസ്തീർണമുള്ള 83 ഹൗസിങ്ങ് യൂണിറ്റുകൾ. ഓരോ യൂണിറ്റിലും രണ്ട് ബെഡ്റൂം, ഒരു കോമൺ ഹാൾ, കിച്ചൻ, ടോയ്ലറ്റ്. റീഡിങ്ങ് റൂം, റെസ്റ്റ് റൂം, മഴവെള്ള സംഭരണി, അമെനിറ്റി സെൻ്റർ എന്നീ അവശ്യ സംവിധാനങ്ങളുമുണ്ട്. 3,50,000 കുടുംബങ്ങൾക്ക് വീടൊരുക്കി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ ആദ്യം പറഞ്ഞത് ഒരിക്കൽ കൂടി ആവർത്തിക്കട്ടെ. മാറാത്തതെന്തുണ്ടെന്ന ചോദ്യത്തിന് ഞങ്ങളുടെ കണ്ണുനീരെന്ന് മറുപടി പറഞ്ഞിരുന്നവർ പോലും സന്തോഷിക്കുന്ന കാലമായിരിക്കുന്നു ഇടതുപക്ഷ സർക്കാരിൻ്റെ ഭരണകാലമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ഓരോ മനുഷ്യനും അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ കഴിയുന്ന സാഹചര്യമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ് സർക്കാരെന്ന് മന്ത്രി എംബി രാജേഷും വ്യക്തമാക്കി. ലൈഫ് മിഷൻ വഴി ഇതുവരെ പൂർത്തിയാക്കിയത് 3,49,247 വീടുകളാണ്. പി ആൻഡ് ടി കോളനിയിലെ കുടുംബങ്ങളുടെ ഈ പുനരധിവാസം ലൈഫ് മിഷന്റെ ഇനിയുള്ള പ്രവർത്തനങ്ങൾക്ക് ആവേശം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ഒരു മഴ പെയ്താൽ അഴുക്കുചാലിൽ ജീവിക്കേണ്ടി വന്നിരുന്ന കൊച്ചി പി ആൻഡ് ടി കോളനി നിവാസികളുടെ ദുരിതം ഒരു മലയാളിയും മറക്കാനിടയില്ല. കാലങ്ങളായി പേരണ്ടൂർ കനാൽ പുറംമ്പോക്കിൽ ദുരിത ജീവിതം നയിക്കുന്ന ആ കുടുംബങ്ങൾക്ക് എൽഡിഎഫ് സർക്കാരിന്റെ ഓണസമ്മാനമായി ലൈഫ് മിഷൻ ഫ്ലാറ്റുകൾ സമ്മാനിക്കുകയാണ്. മഴക്കാലത്ത് തേവര പേരണ്ടൂർ കനാലിൽ നിന്നും കവിഞ്ഞൊഴുക്കുന്ന അഴുക്കുജലത്തിൽ ജീവിക്കേണ്ടി വന്ന ഇന്നലെകളിൽ നിന്നും 83 കുടുംബങ്ങൾ, പുതുപുത്തൻ ഫ്ലാറ്റുകളുടെ ഉടമകളാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications