റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല: സിപിഐ എംഎല്‍എ
തൃശൂര്‍: യുക്രൈനിനെതിരായ ആക്രമണത്തില്‍ റഷ്യയെ തള്ളി പറഞ്ഞ് സി പി ഐ തൃശൂര്‍ ജില്ല അസിസ്റ്റന്റ് സെക്രട്ടറിയും എം എല്‍ എയുമായ പി ബാലചന്ദ്രന്‍. യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബാലചന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. നവീന്‍ എന്റെ മകനേ മാപ്പ്. കരുണയില്ലാത്ത ലോകം നിന്നെ കൊന്നു. റഷ്യ, ചൈന ഈ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ല. കൊലയുടെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടും എന്നാണ് പി. ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
റഷ്യ, ചൈന എന്നീ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവര്‍ കമ്മ്യൂണിസ്റ്റല്ലെന്ന് പറഞ്ഞുള്ള ബാലചന്ദ്രന്റെ ഫേസ്ബുക്ക് വലിയ ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ യുദ്ധം ഒഴിവാക്കണമെന്നും യുക്രൈനിനെ നാറ്റോയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം റഷ്യയ്ക്ക് ഭീഷണിയാണെന്നുമായിരുന്നു സി പി ഐ ദേശീയ നേതൃത്വം സ്വീകരിച്ച നിലപാട്. ഇതില്‍ നിന്ന് വിഭിന്നമാണ് ബാലചന്ദ്രന്റെ നിലപാട് എന്നതാണ് ശ്രദ്ധേയം. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഒരു ഭൗമ-രാഷ്ട്രീയ സംഘര്‍ഷത്തിനും യുദ്ധം പരിഹാരമല്ലെന്നും യുക്രൈനിനെ നാറ്റോയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ലോകത്തിനും റഷ്യയ്ക്കും ഭീഷണിയായിരിക്കുമെന്നുമാണ് സി പി ഐ പറഞ്ഞിരുന്നത്.

സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെയും മാത്രമേ അവ പരിഹരിക്കാന്‍ കഴിയൂ. കിഴക്കോട്ടും ലോകത്തിന്റെ ഏത് ഭാഗത്തും നാറ്റോ വ്യാപിപ്പിക്കാനുള്ള യു എസ് നീക്കം ലോകസമാധാനത്തിന് ശാശ്വതമായ ഭീഷണിയായിരിക്കുമെന്നും സി പി ഐ പറഞ്ഞിരുന്നു. അതേസമയം യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം പി ബിനോയ് വിശ്വം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. സമാന നിലപാടായിരുന്നു സി പി ഐ എമ്മും കൈക്കൊണ്ടത്.

റഷ്യയുടെ സുരക്ഷയും യുക്രൈനിലും സമാധാനവും പുലരണമെന്നായിരുന്നു സി പി ഐ എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ ബാധിക്കും. അതിനാല്‍ റഷ്യന്‍ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണെന്നുമായിരുന്നു സി പി ഐ എം സ്വീകരിച്ച നിലപാട്. റഷ്യയുടെ ആവശ്യം യു എസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നുവെന്നും സി പി ഐ എം നിരീക്ഷിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് യുക്രൈനിലെ കാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ജ്ഞാനഗൗഡര്‍ കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയും കാര്‍ക്കീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്നു നവീന്‍. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത് എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കള്‍ ചെന്നൈയിലാണുള്ളത്. അതേസമയം യുദ്ധത്തിന്റെ ഏഴാം ദിവസമായ ഇന്നും റഷ്യ യുക്രൈനെതിരെ ആക്രമണം കടുപ്പിക്കുകയാണ്.
Recommended Video

യുക്രൈന് തലസ്ഥാനമായ കീവില്‍ ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന തകര്‍ത്തു. ഇതോടെ കീവിലെ ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ച അവസ്ഥയിലാണ്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ പ്രധാനപ്പെട്ട പല ടി വി ചാനലുകളുടേയും സംപ്രേഷണം മുടങ്ങിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കീവിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയുടെ ആക്രമണങ്ങള്‍ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ യുക്രൈന്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications