ഇസ്രായേലില്‍ തെരുവിലിറങ്ങി പതിനായിരങ്ങള്‍: പ്രധാനമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം
ടെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ സർക്കാറിനെതിരെ വന്‍ പ്രതിഷേധം. തലസ്ഥാനമായ ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ ഒത്തുചേർന്ന് സർക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി. നീതിന്യായ വ്യവസ്ഥയെ പരിഷ്കരിക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതികളിൽ പ്രതിഷേധിച്ച് ഞായാറാഴ്ച രാത്രിയില്‍ പതിനായിരങ്ങള്‍ തലസ്ഥാന നഗരയില്‍ തടിച്ച് കൂടുകയായിരുന്നു.
ഇസ്രായേലി മാധ്യമങ്ങളും പ്രതിഷേധത്തിന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം പേർ പ്രതിഷേധത്തിനായി അണിനിരന്നിട്ടുണ്ടാവമെന്നാണ് പോലീസിനെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേലി ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ നേതാവായ നെതന്യാഹുവിനും അദ്ദേഹത്തിന്റെ തീവ്രദേശീയവാദം ഉയർത്തുന്ന അൾട്രാ ഓർത്തഡോക്‌സ് ഗവൺമെന്റിനും നേരെയും ഉണ്ടാവുന്ന ആദ്യ പ്രതിഷേധം കൂടിയാണ് ഇത്. എതിർപ്പുകൾ ശക്തമാവുമ്പോഴും മാറ്റങ്ങൾ തുടരുമെന്നാണ് നെതന്യാഹു ഉറപ്പിച്ച് പറയുന്നത്.

അധികാര അസന്തുലിതാവസ്ഥ ജഡ്ജിമാർക്കും സർക്കാർ നിയമ ഉപദേഷ്ടാക്കൾക്കും നിയമനിർമ്മാണത്തിലും ഭരണത്തിലും വളരെയധികം അധികാരം നൽകിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. സുപ്രീംകോടതിയെ നിയന്ത്രിക്കാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കം രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് പ്രതിഷേധക്കാർ വിശദീകരിക്കുന്നത്.

"ഞങ്ങളുടെ കുട്ടികൾ സ്വേച്ഛാധിപത്യത്തിൽ ജീവിക്കില്ല", "ഇസ്രായേൽ, ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്" എന്നിങ്ങനെ എഴുതിയിരിക്കുന്ന ഇസ്രായേലി പതാകകളും ബാനറുകളും ഉയർത്തിയാണ് പ്രതിഷേധം. "ഇത് രാജ്യത്തെ പ്രതിരോധിക്കാനുള്ള പ്രതിഷേധമാണ്," പ്രതിഷേധത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യെയർ ലാപിഡ് പറഞ്ഞു. ആളുകൾ ഇന്ന് ഇവിടെ വന്നത് അവരുടെ ജനാധിപത്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vastu Tips: ജോലിയില്‍ ഉന്നമനമാണോ ഉദ്ധേശിക്കുന്നത്: എങ്കില്‍ വാസ്തു പറയുന്നത് കേള്‍ക്കൂ..

"എല്ലാ തലമുറകളും ആശങ്കാകുലരാണ്. ഇതൊരു തമാശയല്ല. പതിനായിരങ്ങളാണ് ഇവിടെ പ്രതിഷേധത്തിന് എത്തിയത്. അത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്''- പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു യുവാവ് പറഞ്ഞു. തലസ്ഥാന നഗരിക്ക് പുറമെ ജറുസലേം, ഹൈഫ, ബീർഷെബ എന്നീ നഗരങ്ങളിലും സർക്കാറിനെതിരെ പ്രതിഷേധം നടന്നു.

മൂന്നാഴ്ചമുമ്പായിരുന്നു ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സർക്കാർ നെതന്യാഹുവിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയത്. അധികാരമേറ്റതിന് പിന്നാലെ സർക്കാറും സുപ്രീംകോടതിയും തമ്മില്‍ വലിയ വാക്ക് പോരും നടന്നിരുന്നു. സുപ്രീംകോടതിവിധികൾ റദ്ദാക്കാനുള്ള അധികാരം പാർലമെന്റിന് നൽകുക, ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള സമിതിയിൽ രാഷ്ട്രീയക്കാരെയും ഉൾപ്പെടുത്തുകയെന്ന നിർദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.

അഴിമതിക്കേസിൽ വിചാരണ നേരിടുന്ന വ്യക്തികൂടിയാണ് നെതന്യാഹു എന്നതാണ് ശ്രദ്ധേയം. ഈ കേസിന്റെ വിചാരണയിൽ നിന്ന് രക്ഷപ്പെടാനോ കോടതി കേസ് പൂർണ്ണമായും അപ്രത്യക്ഷമാക്കാനോ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് എതിരാളികൾ ആരോപിക്കുന്നത്. വെസ്റ്റ് ബാങ്കിലെ അനധികൃത സെറ്റിൽമെന്റ് ഔട്ട്‌പോസ്‌റ്റ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് കാബിനറ്റ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വെള്ളിയാഴ്ച നെതന്യാഹുവിന്റെ സഖ്യം പുതിയ പരീക്ഷണത്തിനും വിധേയമായിരുന്നു.

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി അംഗമായ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഔട്ട്‌പോസ്റ്റ് നീക്കം ചെയ്യാൻ ഉത്തരവിട്ടെങ്കിലും, കൂടുതൽ ചർച്ചകൾക്കായി കുടിയൊഴിപ്പിക്കൽ മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയ സെറ്റിൽമെന്റ് അനുകൂല കാബിനറ്റ് അംഗം എതിർപ്പുമായി രംഗത്തെത്തുകായിരുന്നു. അതേസമയം, നികുതിവെട്ടിപ്പുകേസിൽ കുറ്റക്കാരനെന്നുകണ്ടെത്തിയ ആര്യെ ദേരിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന സുപ്രീംകോടതി നിർദേശം കഴിഞ്ഞ ദിവസം ഇസ്രായേല്‍ സർക്കാറിന് നടപ്പിലാക്കേണ്ടി വന്നിരുന്നു.












Click it and Unblock the Notifications