വീണ്ടും ബ്ലേഡ് ഭീഷണി, ആത്മഹത്യ
കോഴിക്കോട്: ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് വീണ്ടും ആത്മഹത്യ. കെഎസ്ഇബി വടകര നോര്‍ത്ത് സെക്ഷനിലെ ലൈന്‍മാനായ അനില്‍കുമാര്‍(49) ആണ് ആത്മഹത്യ ചെയ്തത്. പുത്തൂരില്‍ സബ്‌സ്റ്റേഷനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലാണ് അനില്‍കുമാറിനെ കണ്ടെത്തിയത്.
നേരത്തേ തന്നെ അനില്‍കുമാര്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെപ്പറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസെടുത്തില്ല. ഇപ്പോള്‍ അനില്‍കുമാര്‍ ആത്മഹത്യ ചെയ്തപ്പോഴും അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

12 വര്‍ഷം മുമ്പ് വാങ്ങിയ 70,000 രൂപയുടെ പേരിലാണ് ഇപ്പോള്‍ അനില്‍കുമാര്‍ ആത്മഹത്യ ചെയ്തിരിക്കുന്നതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇതുവരെ 2,17,000 രൂപ തിരിച്ച് നല്‍കിയിട്ടും അനില്‍കുമാര്‍ നല്‍കിയ രേഖകള്‍ പലിശക്കാരന്‍ തിരിച്ച് നല്‍കിയിട്ടില്ലത്രെ.
ബാങ്ക് ചെക്ക് ലീഫുകളും ഒപ്പിട്ട മുദ്രപ്പത്രവും ആണ് പലിശക്കാരന് ഈടായി നല്‍കിയിരുന്നത്. നാട്ടുകാര്‍ ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു. വീണ്ടും നല്‍പതിനായിരം രൂപ നല്‍കണം എന്നാണ് പലിശക്കാരന്‍ ആവശ്യപ്പെട്ടത്. ഈ പണം നല്‍കിയിട്ടും അനില്‍കുമാറിന് രേഖകള്‍ മടക്കി കിട്ടിയില്ല.
തുടര്‍ന്ന് പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. പോലീസ് ഇടപെട്ടപ്പോള്‍ രേഖകള്‍ തിരിച്ച് നല്‍കാന്‍ പലിശക്കാരന്‍ സമ്മതിച്ചെങ്കിലും പിന്നീട് വാക്കുമാറി. വീണ്ടും ഭീഷണിയായി രംഗത്തെത്തി. ഇതിനിടെ അനില്‍കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.
വീണ്ടും പോലീസിനെ സമീപിച്ചെങ്കിലും തുടര്‍ നടപടികളൊന്നും തന്നെ ഉണ്ടായില്ല. ഓപ്പറേഷന്‍ കുബേര ഊര്‍ജ്ജിതമായി നടക്കുമ്പോഴും പോസീസ് കാണിക്കുന്ന അനാസ്ഥക്ക് പിറകില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് അനില്‍കുമാറിന്റെ ബന്ധുക്കളുടെ ആരോപണം.












Click it and Unblock the Notifications