'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ ആർ കൃഷ്ണരാജ് കോടതിയിൽ
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ്. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ കൃഷ്ണരാജ് ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറെ വേഷത്തിന്റെ പേരില്‍ മതപരമായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടതിനാണ് ആര്‍ കൃഷ്ണരാജിന് എതിരെ പോലീസ് കേസ് എടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കേസില്‍ കോടതി ജാമ്യം അനുവദിച്ചില്ലെങ്കില്‍ തനിക്കിതിരെ കുറ്റം നിലനില്‍ക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അത് തന്റെ ജീവന് ഭീഷണിയാകും എന്നുമാണ് ആര്‍ കൃഷ്ണരാജിന്റെ വാദം. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് ആര്‍ കൃഷ്ണരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ അടക്കമുളള ആരോപണങ്ങള്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ചതിന് പിന്നാലെയാണ് ആര്‍ കൃഷ്ണരാജിന് എതിരെ അഭിഭാഷകനായ വിആര്‍ അനൂപ് പരാതി നല്‍കിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് ആര്‍ കൃഷ്ണരാജ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുളളവര്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് ജാമ്യ ഹര്‍ജിയില്‍ കൃഷ്ണരാജ് ചൂണ്ടിക്കാട്ടുന്നു. ഉദയ്പൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളും തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന വാദത്തെ സാധൂകരിക്കാന്‍ കൃഷ്ണരാജ് കോടതിക്ക് മുന്നില്‍ ഉന്നയിച്ചു. കോടതി പറയുന്ന ഏത് ജാമ്യ വ്യവസ്ഥയും ്്അംഗീകരിക്കാമെന്നും കൃഷ്ണരാജ് വ്യക്തമാക്കി. ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നതിനായി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.












Click it and Unblock the Notifications