അതിവേഗം പറന്നുയരാന്‍ സീ പ്ലെയിന്‍: താല്‍പര്യം അറിയിച്ച് മൂന്ന് കമ്പനികള്‍, ചിലവ് കുറയ്ക്കാനും നീക്കം
തിരുവനന്തപുരം: വിജയകരമായ പരീക്ഷണ പറക്കലിലൂടെ കേരളത്തിലെ സീ പ്ലെയിന്‍ സർവ്വീസ് മോഹങ്ങള്‍ വീണ്ടും ചിറക് വിരിച്ചിരിക്കുകയാണ്. ടൂറിസം ഓപ്പറേറ്റർമാരുടേയും ജനങ്ങളുടേയും ശ്രദ്ധ ക്ഷണിക്കുകയെന്ന ലക്ഷ്യവും പരീക്ഷണ പറക്കലിനുണ്ടായിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് സീ പ്ലെയിന്‍ സർവ്വീസ് നടത്താന്‍ താല്‍പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്പനികള്‍ രംഗത്ത് വന്നിരിക്കുകയാണ്. സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള വൻകിട കമ്പനികളാണ് സർക്കാറിന് പദ്ധതി രേഖ സമർപ്പിച്ചിരിക്കുന്നത്.
കമ്പനികള്‍ സമർപ്പിച്ച പദ്ധതി രേഖ വിശദമായ പരിശോധിച്ച് താമസിയാതെ തന്നെ സർവ്വീസ് നടത്തുന്നതിനായി ടെണ്ടർ ക്ഷണിക്കാനാണ് സർക്കാറിന്റെ നീക്കം. ടൂറിസം രംഗത്തിനോടൊപ്പം തന്നെ സാധാരണ യാത്രക്കാരേയും പദ്ധതിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ചെലവ് പരമാവധി കുറയ്ക്കാനുള്ള നടപടികളും സർക്കാറിന്റെ പരിഗണനയിലുണ്ട്.

ഒമ്പത് പേർക്കാണ് സീ പ്ലെയിനില്‍ സഞ്ചരിക്കാന്‍ സാധിക്കുക. ടിക്കറ്റിനായി ഒരാള്‍ എണ്ണായിരം മുതല്‍ പതിനായിരം വരെ മുടക്കേണ്ടി വരും. ഈ തുക കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സീ പ്ലെയിന്‍ പറത്താന്‍ വിദേശ പൈലറ്റുമാരെയാണ് നിലവില്‍ ആശ്രയിക്കുന്നത്. ഇവർക്ക് വളരെ ഉയർന്ന ശമ്പളം നല്‍കേണ്ടത് സർവ്വീസിന്റെ ചിലവ് വളരെ അധികം ഉയർത്തുന്നു. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപ മുതലാണ് ഇവരുടെ ശമ്പളം. തദ്ദേശ പൈലറ്റുമാർക്ക് പരിശീലനം നല്‍കി അവരെ ഈ രംഗത്തേക്ക് ഇറക്കുക എന്നുള്ളതാണ് ഇതിനുള്ള പരിഹാരം. അങ്ങനെയെങ്കില്‍ ചെലവില്‍ വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കും.
വ്യോമയാന കമ്പനികള്‍ക്ക് പുറമെ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി നിരവധി വന്‍കിട കമ്പനികളും സർക്കാറിനെ സമീപിച്ചിട്ടുണ്ട്. അതേസമയം, പദ്ധതിക്കെതിരെ എതിർപ്പ് ഉന്നയിച്ച മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഉടന്‍ ചർച്ച നടത്തും. ഈ ചർച്ചകള്‍ക്ക് ശേഷമായിരിക്കും കായല്‍ മേഖലയില്‍ സീ പ്ലെയിന്‍ സർവ്വീസ് ആരംഭിക്കുക. അതുവരെ ഡാമുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനമെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.
മാട്ടുപ്പെട്ടിക്ക് പുറമെ മലമ്പുഴ, വേമ്പനാട് കായൽ, അഷ്ടമുടിക്കായൽ, ചന്ദ്രഗിരിപ്പുഴ, കൊച്ചി, കോവളം എന്നിവിടങ്ങളിലേക്കും സീ പ്ലെയിന്‍ പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമം. എന്നാല്‍ പദ്ധതി താല്‍കാലികമായ നിർത്തിവെക്കണമെന്നാണ് മത്സ്യ തൊഴിലാളി കോർഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് തന്നെ മത്സ്യത്തൊഴിലാളികളുമായുള്ള ചർച്ചക്ക് സർക്കാർ ശ്രമം തുടങ്ങിയത്.












Click it and Unblock the Notifications