കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജോസഫിനൊപ്പം

Google Oneindia Malayalam News

തിരുവല്ല: എല്‍ഡിഎഫിനൊപ്പം പോയ ജോസ് കെ മാണിക്ക് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ ലഭിക്കുകയാണ്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനാകില്ലെന്ന് പറയുന്ന ഒട്ടേറെ കേരള കോണ്‍ഗ്രസുകാര്‍ മധ്യകേരളത്തിലുണ്ട്. അവര്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്. ജോസഫ് എം പുതുശേരിയും ഇജെ അഗസ്തിയുമെല്ലാം ജോസഫ് പക്ഷത്തേക്ക് കളം മാറിയതിന് പിന്നാലെ പത്തനംതിട്ടയിലും കൊഴിഞ്ഞുപോക്ക് ആരംഭിച്ചു.

നിരവധി പ്രമുഖരാണ് ജോസ് പക്ഷം വിട്ട് പിജെ ജോസഫിനൊപ്പം ചേര്‍ന്നിരിക്കുന്നത്. എല്‍ഡിഎഫില്‍ ജോസ് പക്ഷത്തിന്റെ ശക്തി ക്ഷയിക്കാനും ഈ നീക്കങ്ങള്‍ ഇടയാക്കും. യുഡിഎഫിന് ആഹ്ലാദമുണ്ടാക്കുന്നതാണ് പുതിയ മാറ്റങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യം കിട്ടിയത് പുതുശേരി വക

ആദ്യം കിട്ടിയത് പുതുശേരി വക

ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം പോകാന്‍ നീക്കം തുടങ്ങിയ വേളയില്‍ തന്നെ ആദ്യ തിരിച്ചടി ലഭിച്ചത് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിയിലൂടെയാണ്. എല്‍ഡിഎഫിനൊപ്പം ഇല്ലെന്നും യുഡിഎഫിനൊപ്പം തന്നെ അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജോസഫ് പക്ഷത്തേക്ക് മാറുകയും ചെയ്തു.

സമുന്നത നേതാവും മാറി

സമുന്നത നേതാവും മാറി

തൊട്ടുപിന്നാലെ പിജെ ജോസഫ് കൂടുതല്‍ നേതാക്കളെ തന്റെ പക്ഷത്തെത്തിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് ഇജെ അഗസ്തി ജോസിനെ കൈവിട്ടത്. 25 വര്‍ഷത്തിലധികം കേരള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ പദവി അലങ്കരിച്ച മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. കെഎം മാണിയുടെ വിശ്വസ്തനുമായിരുന്നു.

രഹസ്യങ്ങളുടെ കലവറ

രഹസ്യങ്ങളുടെ കലവറ

ഇജെ അഗസ്തി ഇപ്പോള്‍ യുഡിഎഫ് ക്യാംപിലാണ്. കേരള കോണ്‍ഗ്രസിന്റെ പല രഹസ്യങ്ങളും തനിക്കറിയാമെന്നും രാഷ്ട്രീയ മര്യാദ കാരണം താന്‍ ഒന്നും വെളിപ്പെടുത്തുന്നില്ല എന്നുമാണ് അഗസ്തി പറഞ്ഞത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇജെ അഗസ്തിയുടെ പേര് പരിഗണനയിലുണ്ട് എന്നാണ് വിവരം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

കോട്ടയത്ത് മാത്രമല്ല, ഇടുക്കിയിലും ഒട്ടേറെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കളം മാറുന്നുണ്ട്. ചിലര്‍ കേരള കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസിലേക്കും എന്‍സിപിയിലേക്കും കളം മാറി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് വിലയിരുത്തുന്നു. ഇതിനിടെയാണ് പത്തനംത്തിട്ട ജില്ലയിലും ജോസ് പക്ഷത്തിന് തിരിച്ചടിയേറ്റിരിക്കുന്നത്.

സാം ഈപ്പന്‍ ഇനി ജോസഫിനൊപ്പം

സാം ഈപ്പന്‍ ഇനി ജോസഫിനൊപ്പം

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സാം ഈപ്പനാണ് ജോസ് കെ മാണി പക്ഷം വിട്ട് പിജെ ജോസഫിനൊപ്പം ചേര്‍ന്നത്. എല്‍ഡിഎഫിനൊപ്പം പോയ ജോസിനൊപ്പം ഇനിയും തുടരാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യം.

മറ്റു രണ്ടുപേരും തൊടുപുഴയിലെത്തി

മറ്റു രണ്ടുപേരും തൊടുപുഴയിലെത്തി

പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി എബ്രഹാം, പെരിങ്ങര മണ്ഡലം പ്രസിഡന്റ് ജോണ്‍ എബ്രഹാം എന്നിവരും സാം ഈപ്പനൊപ്പം പിജെ ജോസഫ് പക്ഷത്തക്ക് മാറി. ഇവരെല്ലാവരും ചേര്‍ന്ന് തൊടുപുഴയില്‍ പിജെ ജോസഫിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി.

ബ്ലോക്ക് പഞ്ചായത്തംഗം

ബ്ലോക്ക് പഞ്ചായത്തംഗം

നേരത്തെ പാലായില്‍ കേരള കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗം ജെസി ജോസ് പെരുവേലി ജോസഫ് പക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. ജോസ് കെ മാണി പക്ഷത്തെ പ്രമുഖനായിരുന്നു ഇദ്ദേഹം. മുത്തോലി പഞ്ചായത്തിലെ പുലിയന്നൂര്‍ ഡിവിഷന്‍ അംഗമാണ് ജെസി. നേതാക്കള്‍ ഒന്നിനു പിറകെ ഒന്നായി ജോസ് പക്ഷം വിടുന്നത് യുഡിഎഫ് ക്യാംപില്‍ ആഹ്ലാദമുണ്ടാക്കിയിട്ടുണ്ട്.

കരുത്തരായി സീറ്റുകള്‍ നേടും

കരുത്തരായി സീറ്റുകള്‍ നേടും

അതേസമയം, ശക്തി തെളിയിച്ച് യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ കൈവശപ്പെടുത്താനുള്ള നീക്കത്തിലാണ് പിജെ ജോസഫ് പക്ഷം. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മല്‍സരിച്ച സീറ്റുകളെല്ലാം വേണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ജോസ് പക്ഷം മുന്നണി മാറിയ സാഹചര്യത്തില്‍ അവര്‍ മല്‍സരിച്ചിരുന്ന വാര്‍ഡുകള്‍ എല്ലാം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

പ്രമുഖര്‍ ചര്‍ച്ചയില്‍

പ്രമുഖര്‍ ചര്‍ച്ചയില്‍

മണ്ഡലംതല ചര്‍ച്ചകള്‍ യുഡിഎഫില്‍ പൂര്‍ത്തിയായി വരികയാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, പിജെ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം ചര്‍ച്ചകളില്‍ വേണമെന്നാണ് ജോസഫ് പക്ഷത്തിന്റെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാമെന്ന വിശ്വാസത്തിലാണ് ജോസഫ് പക്ഷം.

പിസിയും വരും

പിസിയും വരും

എന്‍ഡിഎ വിട്ട് യുഡിഎഫിലെത്താനുള്ള നീക്കങ്ങള്‍ പിസി തോമസ് നടത്തുന്നു എന്ന സൂചനയും വന്നിട്ടുണ്ട്. പിജെ ജോസഫിന്റെ ഗ്രൂപ്പില്‍ ലയിച്ചാല്‍ മുന്നണിയിലെടുക്കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച ഉപാധി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് പിസി തോമസ് പറയുന്നു. അധികം വൈകാതെ തീരുമാനങ്ങളുണ്ടായേക്കും.

തര്‍ക്കം ഒഴിഞ്ഞില്ല

തര്‍ക്കം ഒഴിഞ്ഞില്ല

അതേസമയം, കോട്ടയത്ത് എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൊല്ലാപ്പാകാനാണ് സാധ്യത. പല പഞ്ചായത്തുകളിലും സിപിഎം-കേരള കോണ്‍ഗ്രസ് (എം) കക്ഷികള്‍ക്കിടയില്‍ സീറ്റ് വിഭജനം വലിയ പ്രശ്‌നമായിട്ടുണ്ട്. കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ കലഹം മൂര്‍ച്ചിച്ചു. ആവശ്യപ്പെട്ട സീറ്റുകള്‍ തന്നില്ലെങ്കില്‍ മല്‍സര രംഗത്ത് നിന്നു വിട്ടുനില്‍ക്കുമെന്ന് വരെ ജോസ് പക്ഷം ഭീഷണി മുഴക്കിയിരിക്കുകയാണ്.

യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍യുഎഇ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെ... എന്ന് മുതല്‍ നടപ്പാകും... വിശദമായ വിവരങ്ങള്‍

English summary
Three Kerala Congress M Leaders switch to PJ Joseph faction from Jose K Mani in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X