വിജയന്‍ വധം: ഒന്നാം പ്രതിയടക്കം മൂന്നുപേര്‍കൂടി അറസ്റ്റില്‍, കേസില്‍ അറസ്റ്റിലായത് 11 പേര്‍!
തൃശൂര്‍: രാത്രിയില്‍ മകനെ അന്വേഷിച്ചെത്തി അച്ഛനെ വെട്ടിക്കൊന്ന കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. ഒന്നാംപ്രതിയായ താണിശ്ശേരി ഐനിയില്‍ രഞ്ചിത്ത് (29), കൂട്ടുപ്രതികളായ കാറളം പുല്ലത്തറ പെരിങ്ങാട്ട് വിട്ടില്‍ പക്രു എന്നുവിളിക്കുന്ന നിധീഷ് (27), ഇരിങ്ങാലക്കുട കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ (25) എന്നിവരെയാണ് ഇരിങ്ങാലക്കുട സിഐ എം കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 11 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മൊന്തചാലില്‍ വിജയനെയാണ് സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഞായറാഴ്ച്ച ചുണ്ണാമ്പിനെ ചൊല്ലി വിജയന്റെ മകന്‍ വിനീതും കൂട്ടുകാരും രഞ്ജിത്തുമായി തര്‍ക്കം നടക്കുകയും കൂട്ടുകാരിലൊരാള്‍ രഞ്ജിത്തിനെ അടിക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യത്തിലാണ് രഞ്ജിത്ത് മറ്റുള്ളവരെ വിളിച്ചുവരുത്തി കല്ലട അമ്പലത്തിന് പിറകിലെ ബണ്ടിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

രാത്രി പത്തുമണിയോടെ മാരകായുധങ്ങളുമായി വിനീതിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം വാതില്‍ തുറന്ന് വന്ന വിജയനെ വെട്ടിപരിക്കല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യയ്ക്ക് വെട്ടേല്‍ക്കുകയും ഭാര്യമാതാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ വിജയന്‍ മരിച്ചു. ഒന്നാം പ്രതി രഞ്ജിത്ത് പത്തോളം ക്രിമിനല്‍ കേസിലെ പ്രതിയാണ്. 2017ല്‍ കാട്ടൂര്‍ നൈറ്റ് പട്രോളിങ്ങ് പോലീസ് സംഘത്തെ ആക്രമിച്ച സംഘത്തിലെ പ്രതിയാണെന്നും കാട്ടൂര്‍, ഇരിങ്ങാലക്കുട മേഖലയിലെ മയക്കുമരുന്ന് വിതരണ സംഘത്തലവനാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

വധശ്രമം, ക്രിമിനല്‍, ബോംബ് കേസടക്കം കേസുകളില്‍ പ്രതിയായിട്ടുള്ള പക്രു നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട, കാട്ടൂര്‍, മതിലകം, കൊടകര, വെള്ളികുളങ്ങര, പുതുക്കാട് തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. ഇരിങ്ങാലക്കുട സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് കോമ്പാറയില്‍ കഴിഞ്ഞ വര്‍ഷം അയല്‍വാസിയുടെ വീട് കയറി ആക്രമണം നടത്തിയതുള്‍പ്പെടെ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് മെജോ. കൊലപാതകത്തിനു ശേഷം പ്രതികള്‍ തമിഴ്‌നാട്ടിലെ മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

മൂന്നുപേരേയും മധുരയില്‍ നിന്നാണു പിടികൂടിയത്. ക്വട്ടേഷനുകളില്‍നിന്നു ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും മദ്യപാനത്തിനും മറ്റുമാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ നിന്നും വടിവാളുകളും കത്തിയും രക്തംപുരണ്ട മുണ്ടുകളും കണ്ടെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്‍ എസ്ഐമാരായ കെഎസ് സുശാന്ത്, തോമസ് വടക്കന്‍, ക്രൈംബ്രാഞ്ച് എസ്ഐ എംപി മുഹമ്മദ് റാഫി, എഎസ്ഐമാരായ അനീഷ് കുമാര്‍, പിസി സുനില്‍, സീനിയര്‍ സിപിഒമാരായ മുരുകേഷ് കടവത്ത്, സുജിത്ത് കുമാര്‍, സിപിഒ കെഡി രമേഷ് എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications