തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് പൊലീസുകാരനുള്‍പ്പടെ മൂന്ന് പേർ മരിച്ചു: അപകടം വിനോദസഞ്ചാരത്തിനിടെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് സുഹൃത്തുക്കളായ മൂന്ന് പേർ മരിച്ചു. വിതുര കല്ലാര്‍ വട്ടക്കയത്തിലാണ് അപകടമുണ്ടായത്. ബീമാ പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഫിറോസ് എസ്എപി ക്യാമ്പിലെ പോലീസുകാരനാണ്. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ബീമാ പള്ളിയില്‍ നിന്നും വിനോദ സഞ്ചാരത്തിനായിട്ടായിരുന്നു സുഹൃത്തുക്കളായ അഞ്ചുപേരും വിതുരയിലേക്ക് എത്തിയത്.
പൊന്മുടിയിലേക്കായിരുന്നു സംഘം ആദ്യം യാത്ര തിരിച്ചിരുന്നതെങ്കിലും ടൂറിസം കേന്ദ്ര അടച്ചതിനെ തുടർന്ന് കല്ലാർ മീന്‍മുട്ടി വെള്ളച്ചാട്ട മേഖലകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ബീമാ പള്ളിയില്‍ നിന്ന് പോയ സംഘവും അങ്ങനെയാണ് ഇവിടേക്ക് എത്തുന്നത്. കല്ലാര്‍ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു ബീമാ പള്ളി സ്വദേശികള്‍.

ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ആദ്യം ഒഴിക്കില്‍പ്പെട്ടതെന്നാണ് അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവർ നല്‍കുന്ന സൂചന. ഇവരെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടതെന്നും ഇവർ വ്യക്തമാക്കുന്നു. മരിച്ച മൂന്ന് പേർക്ക് പുറമെ ഒരു പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമാണ് സംഘത്തിലുണ്ടായിരുന്നത്.
നേരത്തേയും അപകടമുണ്ടായ പ്രദേശമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. പുറത്ത് നിന്ന് വരുന്ന ആളുകളോട് ഈ മേഖലയില്‍ ഇറങ്ങി കുളിക്കരുതെന്ന് നാട്ടുകാർ മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. അധികൃതര്‍ മുന്നറിയിപ്പ് നല്‍കി സ്ഥാപിച്ച ബോര്‍ഡുകളും ഇവിടെയുണ്ട്. എന്നാല്‍ ഇത് കാര്യമാക്കാതെ ചിലർ വെള്ളത്തിലേക്ക് ഇറങ്ങാറുണ്ടെന്നും നാട്ടുകാർ പറയുന്നു.












Click it and Unblock the Notifications