അഭയ കേസിൽ പുതിയ വെളിപ്പെടുത്തൽ; മൃതദേഹത്തിൽ മുറിവുണ്ടായിരുന്നുവെന്ന് സാക്ഷി!
തിരുവനന്തപുരം: അഭയകേസിൽ പുതിയ വെളിപ്പെടുത്തലുമായി അഭയയുടെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മ. പല ഘട്ടത്തിലും മൊഴി മാറ്റിപ്പറയാൻ സമ്മർദ്ദം ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് പ്രതിഭാഗം, സാക്ഷിമൊഴികള്‍ മാറ്റിപ്പറയിപ്പിക്കുന്നതെന്നും ത്രേസ്യാമ്മ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആദ്യം കാണുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മുഖത്താണ് മുറിവുണ്ടായിരുന്നത് അവർ വെളിപ്പെടുത്തി. താനും സഹഅധ്യാപികയും കൂടിയാണ് അഭയയുടെ മൃതദേഹം കാണാന്‍ പയസ് ടെന്‍ത് കോണ്‍വെന്‍റിലേക്ക് ചെന്നത്. കിണറിനു സമീപത്തായിരുന്നു അപ്പോള്‍ മൃതദേഹം. ബെഡ്ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു. കേസില്‍ പ്രതിയായ ജോസ് പുതൃക്കയിലാണ് ബെഡ്ഷീറ്റ് മാറ്റി മൃതദേഹം തങ്ങളെ കാണിച്ചതെന്നും അവർ വ്യക്തമാക്കി.

മുഖത്ത് മുറിവുണ്ടായത് അന്വേഷണ സംഘത്തോടും കോടതിയിലും പറഞ്ഞിരുന്നെന്നും ത്രേസ്യാമ്മ വ്യക്തമാക്കി. പ്രതികളായ വൈദികര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പലപ്പോഴും പരാതി പറഞ്ഞിരുന്നു. അവരുടെ സ്വാഭാവരീതിയും തങ്ങളോടുള്ള നോട്ടവും ശരിയല്ലെന്നാണ് പറഞ്ഞിരുന്നത്. വൈദികര്‍ക്കെതിരെ മൊഴി നല്‍കിയതിന് തനിക്കെതിരെ പല ആരോപണങ്ങളും പറഞ്ഞിട്ടുണ്ടെന്നും ത്രേസ്യാമ്മ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications