ലീഡില്‍ നിന്ന് ഉമ തോമസ് പിന്നോട്ട് പോകില്ലെന്ന് മുഹമ്മദ് ഷിയാസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് 597 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിട്ടുണ്ട്. രണ്ടാം റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയ ഉടനെ ഉമയുടെ ലീഡ് കുതിക്കുകയാണ്. എന്നാല്‍ നേരിയ ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ട്. കാരണം 2021ല്‍ പിടി തോമസിന് ഇടപ്പള്ളി മേഖലയില്‍ നിന്ന് 1200ലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇവിടെ 600ല്‍ താഴെ ലീഡാണ് ഉമയ്ക്ക് ലഭിച്ചത്. വോട്ടുകള്‍ കുറഞ്ഞാലും ഉമ തന്നെ ജയിക്കുമെന്ന യുഡിഎഫ് ക്യാമ്പിലെ നേതാക്കള്‍ പറയുന്നത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് ആദ്യ റൗണ്ടില്‍ വ്യക്തമാകുന്നത്.

അതേസമയം, എല്‍ഡിഎഫിനും ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് ആദ്യ റൗണ്ടില്‍. കാരണം വന്‍ കുതിപ്പിന് യുഡിഎഫിനെ അനുവദിച്ചിട്ടില്ല എന്നതാണ് എല്‍ഡിഎഫിന്റെ ആശ്വാസം. മാത്രമല്ല, അവസാന റൗണ്ടില്‍ എണ്ണാനുള്ളത് എല്‍ഡിഎഫ് കേന്ദ്രങ്ങളാണ്. ആദ്യ റൗണ്ടുകളില്‍ യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളും. ഇവിടെ വന്‍ ഭൂരിപക്ഷം പിടിച്ചാല്‍ മാത്രമേ യുഡിഎഫിന് അവസാന റൗണ്ടില്‍ എല്‍ഡിഎഫുമായി പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. വോട്ടുകള്‍ കുറയുമെന്നും എങ്കിലും ഉമ തോമസ് തന്നെ ജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞിരുന്നു. ആദ്യ റൗംണ്ടിലെ ലീഡ് നില വോട്ടെണ്ണല്‍ തീരുംവരെ തുടരുമെന്നാണ് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്.












Click it and Unblock the Notifications