ഉമ തോമസിന് പടുകൂറ്റന്‍ ലീഡ്; ബെന്നി ബെഹന്നാന്റെ ഭൂരിപക്ഷം മറികടന്നു
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ എട്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്. മണ്ഡലം രൂപീകൃതമായ ശേഷം ഇന്നുവരെയുള്ള ലീഡ് നിലയില്‍ ഏറ്റവും മുന്നില്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ലീഡ് നിലയും മറികടന്നാണ് ഉമയുടെ മുന്നേറ്റം. ഇത്തരത്തിലുള്ള ഫലം പ്രതീക്ഷിച്ചില്ല എന്നാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പ്രതികരിച്ചത്.

2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകൃതമായത്. ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബെന്നി ബെഹന്നാല്‍ ജയിച്ചത് 22406 വോട്ടുകള്‍ക്കായിരുന്നു. പിന്നീട് പിടി തോമസ് ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചെങ്കിലും ബെന്നിയുടെ റെക്കോര്‍ഡ് മറികടന്നിരുന്നില്ല. 2021ല്‍ പിടി ജയിച്ചത് 14329 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. പിടിയുടെ അത്ര ഭൂരിപക്ഷം ഉമയ്ക്ക് കിട്ടിയേക്കില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. 4000 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് ജയിക്കുമെന്ന് കഴിഞ്ഞ ദിവസം ഇടതുനേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് വോട്ടെണ്ണല്‍ തുടങ്ങിയ സമയം മുതല്‍ ഉമ തോമസ് ലീഡ് ക്രമാനുഗതമായി ഉയര്‍ത്തുകയായിരുന്നു. ആദ്യം പതിയെ ലീഡ് ഉയര്‍ത്തിയ ഉമയുടെ കുതിപ്പാണ് പിന്നീട് കണ്ടത്. ഭൂരിപക്ഷം 25000 കടത്തിയാണ് ഉമ തേരോട്ടം അവസാനിപ്പിച്ചത്. നഗര വോട്ടര്‍മാര്‍ പൂര്‍ണമായും ഉമയെ പിന്തുണച്ചു. മറ്റിടങ്ങളിലെ വോട്ടെണ്ണിയപ്പോഴും അതേ അവസ്ഥ. യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ് തൃക്കാക്കര. എങ്കിലും ചിലയിടങ്ങളില്‍ ഇടതുപക്ഷത്തിന് വേരോട്ടമുണ്ട്. ഇവിടെയും ഉമയുടെ മുന്നേറ്റം പ്രകടമായിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് ഇത്തവണ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. ട്വന്റി20 വോട്ട് യുഡിഎഫിന് കിട്ടിയെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കെ റെയില്‍ വിവാദമുള്‍പ്പെടെ വോട്ടെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് കരുതുന്നത്. അപ്രതീക്ഷിത പരാജയം എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പ്രതികരിച്ചത്.
ജനവിധി അംഗീകരിക്കുന്നു. കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രവര്‍ത്തനം വച്ച് ഇങ്ങനെ ഒരു ഫലമല്ല പ്രതീക്ഷിച്ചത്. സംസ്ഥാന-ദേശീയ രാഷ്്ട്രീയവും തൃക്കാക്കരയിലെ സാഹചര്യങ്ങളും ഞങ്ങള്‍ ജനങ്ങളുമായി സംവദിച്ചിരുന്നു. വിശദാംശങ്ങള്‍ പരിശോധിക്കും. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. നയിച്ചത് ഞങ്ങളാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പരിപാടി ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് വച്ചത്. രാഷ്ട്രീയ പരിശോധനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല. ഉപതിരഞ്ഞെടുപ്പ് ആണിത്. വോട്ടിങ് ശതമാനം കുറഞ്ഞിട്ടും ജനഹിതം ഞങ്ങള്‍ക്കെതിരായി. ഇത്രയും വോട്ടിന് പരാജയപ്പെടുമെന്ന് ഊഹിക്കുക പോലും ചെയ്തിട്ടില്ലായിരുന്നുവെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി












Click it and Unblock the Notifications